ADVERTISEMENT

കോഴിക്കോട്∙ വയനാട് സുഗന്ധഗിരി വനഭൂമിയിൽ നിന്ന് 126 മരങ്ങൾ മുറിച്ചു കടത്തിയതിൽ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും 2 റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് ഉന്നതാന്വേഷണ റിപ്പോർട്ട്. ഇവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ വനം അഡിഷനൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. പ്രതികളിൽ നിന്ന് ഫോറസ്റ്റ് വാച്ചർ ആർ.ജോൺസൺ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങൾ കരാറുകാരന് കാണിച്ചു കൊടുത്തതുപോലും വനം ജീവനക്കാരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പരിശോധനകൾ ഒന്നും ഇല്ലാതെ മരം മുറിക്കുന്നതിന് അനുമതി നൽകി, കേസുകൾ റജിസ്റ്റർ ചെയ്തിട്ടും കുറ്റവാളികൾ തടി കടത്തുന്നതിന് ഇടയാക്കി, യഥാർഥ പ്രതികളെ നിയമനത്തിനു മുന്നിൽ കൊണ്ടുവന്നില്ല തുടങ്ങി വിവിധ കുറ്റങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. ഇവരിൽ കൽപറ്റ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ.ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സജി പ്രസാദ്, എം.കെ.വിനോദ് കുമാർ, വാച്ചർമാരായ ജോൺസൺ, ബാലൻ എന്നിവർ സസ്പെൻഷനിലാണ്.

കുറ്റാരോപിതരായ മറ്റ് ഉദ്യോഗസ്ഥർ: ഷജ്ന കരീം (ഡിഎഫ്ഒ, സൗത്ത് വയനാട്), കെ.നീതു (റേഞ്ച് ഓഫിസർ, കൽപറ്റ), എം.സജീവൻ (റേഞ്ച് ഓഫിസർ, ഫ്ലൈയിങ് സ്ക്വാഡ്), ബീരാൻകുട്ടി (ഫ്ലൈയിങ് സ്ക്വാഡ് ഗ്രേഡ് ഫോറസ്റ്റ് ഓഫിസർ), സി.എസ്.വിഷ്ണു, പി.സിയാദ് ഹസ്സൻ, നജീബ്, ഐ.വി.കിരൺ, കെ.എസ്.ചൈതന്യ (ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ), ആർ.വിൻസന്റ്, പി.ജി.വിനീഷ്, എ.എ.ജാനു, കെ.ലക്ഷ്മി (വാച്ചർമാർ). 

കെ.നീതുവിനെ സസ്പെൻഡ് ചെയ്യാനും ഡിഎഫ്ഒ ഉൾപ്പെടെ മറ്റുള്ളവരിൽ നിന്ന് വിശദീകരണം വാങ്ങിയ ശേഷം തുടർനടപടികൾ തീരുമാനിക്കാനുമാണ് ശുപാർശ. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെ സ്ഥലം മാറ്റണമെന്നും നിർദേശമുണ്ട്.

ആദിവാസികളുടെ വീടിനു ഭീഷണിയായ 20 മരങ്ങൾ മുറിക്കാനാണ് കരാറുകാരനായ ഗുരുദാസനുമായി ഡിഎഫ്ഒ കരാർ ഒപ്പിട്ടത്. ഗുരുദാസൻ ഹനീഫയ്ക്ക് കരാർ മറിച്ചു കൊടത്തു. മുറിക്കേണ്ട 20 മരങ്ങളും മറ്റു മരങ്ങളും കാണിച്ചുകൊടുത്തത് ജോൺസണും കെ.കെ.ചന്ദ്രനും ചേർന്നാണ്. കൂറ്റൻ ആഞ്ഞിലി മരങ്ങൾ മുറിച്ചു കടത്തുമ്പോൾ ജോൺസൺ അവിടെ ഉണ്ടായിരുന്നു.

സ്വകാര്യ തടി ഡിപ്പോകൾക്കു നൽകിയ 9 ‘ഫോം–4’ പാസുകൾ ഉപയോഗിച്ച് 104 ക്യുബിക് മീറ്റർ തടി അനധികൃതമായി കോഴിക്കോട്ടേക്കും വരദൂർ ടിംബേഴ്സിലേക്കും കടത്തി. 2 ലോഡ് വിറകും ചെറുകഷ്ണങ്ങളും ഒരു രേഖയുമില്ലാതെ വൈത്തിരിയിലേക്കു കൊണ്ടുപോയി. ഇത് ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. മുറിക്കാനായി അടയാളപ്പെടുത്തിയ ചിതലരിച്ച മരത്തിനു പകരം നല്ല മരങ്ങൾ മുറിച്ചു. 

English Summary:

18 forest department officials guilty in Sugandhagiri tree felling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com