രാഹുൽ തണൽ; കൊടുംവെയിലിലും ആവേശം ചോരാതെ ആൾക്കൂട്ടം
Mail This Article
സവർക്കറല്ല, ഗാന്ധിയാണവൻ, ധീര രാജീവിൻ പുത്രനാണവൻ’. ചാലിയാർ നദിയുടെ തീരപ്രദേശമായ കീഴുപറമ്പ് അങ്ങാടിയിൽ പാട്ടുമുഴങ്ങാൻ തുടങ്ങിയിട്ട് നേരമേറെയായി. 36 ഡിഗ്രിക്കു മുകളിൽ മേടമാസ സൂര്യൻ ജ്വലിച്ചു നിൽക്കുന്നു. കാക്കക്കാലിന്റെ തണലുള്ളയിടത്തെല്ലാം ആളുകൾ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കടലുപോലെ ഭൂരിപക്ഷം നൽകിയ വയനാട് മണ്ഡലത്തിലുൾപ്പെടുന്ന, മലപ്പുറം ജില്ലയിലെ പ്രദേശങ്ങളിൽ രാഹുൽ ഗാന്ധി പര്യടനത്തിനെത്തുകയാണ്. കോൺഗ്രസിന്റെയോ ലീഗിന്റെയോ കൊടികളില്ല. ത്രിവർണ നിറത്തിൽ ബലൂണുകൾ, രാഹുൽ ചിരിച്ചു നിൽക്കുന്ന പ്ലക്കാർഡുകൾ, ന്യായ് പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ എഴുതിയ ടി ഷർട്ടുകൾ.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെല്ലാം രാഹുൽ ഗാന്ധി നേതാവാണെങ്കിൽ ഇവിടെ ഇരട്ട വേഷമാണ്. പ്രതിപക്ഷ നിരയെ മുന്നിൽ നിന്നു നയിക്കുന്ന നേതാവ് വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി കൂടിയാണ്. തുറന്ന ജീപ്പിലെത്തിയ രാഹുൽ വലത്, ഇടത് കൈകൾ ഒരുപോലെ വീശി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. അതിവേഗം ബഹുദൂരമായിരുന്നു ജീപ്പിന്റെ യാത്ര. എങ്കിലും തൊടാനായി കൈ നീട്ടിയവരെ നിരാശപ്പെടുത്തിയില്ല. സ്വീകരണ കേന്ദ്രത്തിൽ ‘ഭാഷൺ’ എന്നു പറഞ്ഞു നേതാക്കളിലൊരാൾ മൈക്ക് നീട്ടിയെങ്കിലും പിന്നെയെന്ന് രാഹുൽ ആംഗ്യം കാട്ടി.
കാൽപ്പന്തിനു പേരുകേട്ട തെരട്ടമ്മലിലായിരുന്നു അടുത്ത സ്വീകരണം. 2 കിലോ മീറ്ററിലേറെ ദൂരം നീണ്ട റോഡ് ഷോയിൽ വീഥിക്കിരുവശവും ജനം കാത്തു നിന്നു. തെരട്ടമ്മൽ സ്റ്റേഡിയത്തിൽ നിറഞ്ഞ ആൾക്കൂട്ടത്തിനു മുന്നിൽ മൈക്ക് കയ്യിലെടുത്തപ്പോൾ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിക്കുന്ന സെന്റർ ഫോർവേഡായി രാഹുൽ മാറി. ഇലക്ടറൽ ബോണ്ട് മുതൽ കോൺഗ്രസിന്റെ പ്രകടന പത്രികവരെ വിശദമായി അവതരിപ്പിച്ച് 10 മിനിറ്റ് നീണ്ട പ്രസംഗം. ഉച്ചയൂണിനും വിശ്രമത്തിനുമായി പത്തപ്പിരിയത്ത് പി.കെ.ബഷീർ എംഎൽഎയുടെ വീട്ടിലേക്ക്.
മമ്പാട് ആൾക്കൂട്ടം ഇരമ്പിയാർത്തപ്പോൾ രാഹുലിനും ആവേശം. വിമർശനം കേന്ദ്രത്തിനും ബിജെപിക്കുമെതിരെ മാത്രം. വിശാല പ്രതിപക്ഷ മുന്നണിയുടെ ഭാഗമായ ഇടതുപക്ഷത്തിനോ എതിർ സ്ഥാനാർഥിക്കോ എതിരെ മിണ്ടിയില്ല. വയനാട്ടിലെ ഇടതുപക്ഷക്കാരും തന്റെ കുടുംബാംഗങ്ങൾ തന്നെയെന്ന് പറഞ്ഞ് എതിരാളികൾക്കു നേരെ ‘സ്നേഹത്തിന്റെ കട’ തുറന്നു.
പ്രസംഗം നീണ്ടുപോയപ്പോൾ സമയം വൈകിയെന്ന കുറിപ്പ് നേതാക്കളിലൊരാൾ കൈമാറി. വായിച്ചു നോക്കിയ ശേഷം രാഹുലിന്റെ തഗ്. ‘വയനാട്ടുകാർ എന്റെ കുടുംബക്കാരല്ലേ, അവരോടു സംസാരിക്കുമ്പോൾ എങ്ങനെ സമയം നോക്കും’. ആൾക്കൂട്ടത്തിന്റെ കരഘോഷത്തിൽ ജ്യോതി വിജയകുമാറിന്റെ പരിഭാഷ മുങ്ങിപ്പോയി. വോട്ടെണ്ണലിന്റെ ഓരോ റൗണ്ടിനു ശേഷവും കൂടിവരുന്ന ഭൂരിപക്ഷം പോലെ റോഡ് ഷോ നിലമ്പൂരിലും മൂത്തേടത്തും കരുവാരകുണ്ടിലുമെത്തിയപ്പോൾ രാഹുലിനു ചുറ്റും വലയം തീർത്ത ജനക്കൂട്ടത്തിനു വലുപ്പമേറി. കരുവാരകുണ്ടിൽ നിന്ന് കണ്ണൂരിലേക്കു തിരിക്കാനായി രാഹുൽ ഹെലികോപ്റ്ററിൽ കയറി.
ബോണ്ട് എന്നാൽ കൊള്ളയടിക്കൽ
ഇലക്ടറൽ ബോണ്ടിലൂടെ നരേന്ദ്ര മോദി നടത്തുന്നത് ‘കൊള്ളയടിക്കൽ’ ആണെന്ന് മലയാളത്തിൽ കളിയാക്കി രാഹുൽ ഗാന്ധി. പ്രസംഗത്തിനിടെ ‘എക്സ്റ്റോർഷൻ’ എന്ന വാക്കിന്റെ അർഥമെന്താണെന്ന് രാഹുൽ ഗാന്ധി പ്രസംഗം വിവർത്തനം ചെയ്യുന്ന ജ്യോതി വിജയകുമാറിനോടു ചോദിച്ചു. ‘കൊള്ളയടിക്കൽ’ എന്നു ജ്യോതി പരിഭാഷപ്പെടുത്തി. തുടർന്നാണ് രാഹുൽ ഗാന്ധി ‘‘ മലയാളത്തിൽ ‘കൊള്ളയടിക്കൽ’ എന്നു പറയും, നരേന്ദ്ര മോദി ഇലക്ടറൽ ബോണ്ട് എന്നു പറയും’’ എന്നു പ്രസംഗിച്ചത്.