റഹീമിന്റെ മോചനം: ദയാധനം കൈമാറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി എംബസി
Mail This Article
ഫറോക്ക് (കോഴിക്കോട്)∙ സൗദി ജയിലിൽ കഴിയുന്ന കോടമ്പുഴ സീനത്ത് മൻസിലിൽ മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനത്തിന് ദയാധനം കൈമാറുന്നതു സംബന്ധിച്ച് സൗദി ഇന്ത്യൻ എംബസി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി. സൗദി കുടുംബം ആവശ്യപ്പെട്ട ദയാധനം തയാറാണെന്നു റഹീമിന്റെ അഭിഭാഷകൻ റിയാദ് കോടതിയെ രേഖാമൂലം അറിയിച്ച സാഹചര്യത്തിലാണ് എംബസിയുടെ ഇടപെടൽ.
റഹീമിന്റെ മോചനത്തിന് ജനകീയ കൂട്ടായ്മയിലൂടെ സമാഹരിച്ച 34 കോടി രൂപ ആദ്യം ബാങ്കിൽ നിന്നു വിദേശകാര്യ മന്ത്രാലയത്തിനു കൈമാറണം. ഇതു പിന്നീട് ഇന്ത്യൻ എംബസി മുഖേനയാകും റിയാദ് കോടതി അറിയിക്കുന്ന സൗദി കുടുംബത്തിന്റെ അക്കൗണ്ട് നമ്പറിലേക്കു മാറ്റുക.
ഒരാഴ്ചയ്ക്കകം പണം വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്കു മാറ്റാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു സമിതി ചെയർമാൻ കെ.സുരേഷും ജനറൽ കൺവീനർ കെ.കെ.ആലിക്കുട്ടിയും പറഞ്ഞു. മോചന നടപടികൾ വേഗത്തിലാക്കാൻ സൗദിയിലെ അബ്ദുൽ റഹീം നിയമസഹായ സമിതി നേതൃത്വത്തിൽ ഊർജിത ഇടപെടൽ നടത്തുന്നുണ്ട്.