ADVERTISEMENT

നെടുങ്കണ്ടം ∙ ജപ്‌തി നടപടിക്കിടെ തീകൊളുത്തി മരിച്ച ഷീബയ്ക്കും കുടുംബത്തിനും ഇത്ര വലിയ ബാധ്യത ഉള്ളതായി ബന്ധുകളിൽ പലർക്കും അറിവില്ലായിരുന്നു. നെടുങ്കണ്ടം സ്വദേശിനിയായ സ്ത്രീയിൽ നിന്ന് അഞ്ചു വർഷം മുൻപാണ് ഷീബയും കുടുംബവും വീടും സ്ഥലവും വാങ്ങിയതെന്നും ബാങ്ക് ബാധ്യതയായ 15 ലക്ഷം രൂപ ഏറ്റെടുത്ത ശേഷം ബാക്കി പണം മുഴുവൻ നൽകിയാണ് കൈമാറ്റം നടത്തിയതെന്നുമാണ് വിവരം. എന്നാൽ‌ നിയമപരമായി വസ്തു കൈമാറിയതായി റജിസ്റ്റർ ചെയ്തിട്ടില്ല. ബാങ്ക് വായ്പ നിലനിൽക്കുന്നതിനാൽ ആധാരം എഴുതാതെ കരാർ മാത്രമാണ് ഉണ്ടാക്കിയത്.

വായ്പത്തുകയിൽ ബാക്കി തുക അടച്ചുതീർത്ത ശേഷം വസ്തു തീറെഴുതും എന്നായിരുന്നു കരാർ. കോവിഡും തുടർന്നുണ്ടായ പ്രളയവും വ്യാപാരിയായിരുന്ന ദിലീപിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഭദ്രത ഇളക്കിയെന്നും ബന്ധുക്കൾ പറയുന്നു. ഹൃദ്രോഗി കൂടിയായ ദിലീപ് ഏറെ നാളുകളായി ചികിത്സയിലാണ്. പൊതുപ്രവർത്തന രംഗത്തും സാമുദായിക പ്രവർത്തനങ്ങളിലും ഏറെ സജീവമായിരുന്നു ഷീബ. ജപ്തി നടപടികൾ നിർത്തി വയ്ക്കണമെന്നും ബാധ്യത തീർക്കാൻ സാവകാശം വേണമെന്നും കാട്ടി പൊതുപ്രവർത്തകരും വിഷയത്തിൽ ഇടപെട്ടിരുന്നു. 2015ൽ എടുത്ത വായ്പയിൽ, പലിശയും കൂട്ടുപലിശയുമടക്കം 60 ലക്ഷത്തിലധികം രൂപ ബാങ്കിൽ ബാധ്യതയുള്ളതായാണ് വിവരം. 

∙ പൊലീസുകാർ ചികിത്സയിൽ

നെടുങ്കണ്ടം ∙ ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ എസ്ഐയും വനിത സിപിഒയും ചികിത്സയിൽ തുടരുകയാണ്. 40% പൊള്ളലേറ്റ വനിതാ സിവിൽ പൊലീസ് ഓഫിസർ ടി.അമ്പിളി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ശരീരത്തേറ്റ പൊള്ളലും പുകയും അമ്പിളിയുടെ ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്കു പോകാൻ നീണ്ട അവധിക്ക് അമ്പിളി അപേക്ഷിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം അവധിയിൽ പ്രവേശിക്കാനിരിക്കെയാണ് അപകടം. അമ്പിളിക്ക് ഒന്നര വയസ്സുള്ള കുഞ്ഞുമുണ്ട്. 

അതേസമയം 20% പൊള്ളലേറ്റ എസ്ഐ ബിനോയ്‌ ഏബ്രഹാം അപകടനില തരണം ചെയ്തു. കഴിഞ്ഞ ആഴ്ചയും സമാന രീതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മറ്റൊരു യുവതിയെ എസ്ഐ ബിനോയ് രക്ഷപ്പെടുത്തിയിരുന്നു. കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കി ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം കയ്യിൽ ലൈറ്ററുമായി നിന്ന യുവതിയെ നെടുങ്കണ്ടത്ത് പട്രോളിങ് നടത്തുകയായിരുന്ന എസ്ഐ ബിനോയ്‌ എത്തി അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. 

ഷീബ ദിലീപിന്റെ വീട് പൊലീസ് മുദ്രവച്ചപ്പോൾ.
ഷീബ ദിലീപിന്റെ വീട് പൊലീസ് മുദ്രവച്ചപ്പോൾ.

∙ ഷീബയ്ക്കോ കുടുംബത്തിനോ വായ്പ നൽകിയിട്ടില്ലെന്ന് ബാങ്ക്

നെടുങ്കണ്ടം ∙ മരിച്ച ഷീബയും കുടുംബവും ബാങ്കിൽ നിന്നു വായ്പ എടുത്തിരുന്നില്ലെന്ന് വ്യക്തമാക്കി സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ. വീടിന്റെ മുൻ ഉടമ നെടുങ്കണ്ടം ബ്രാഞ്ചിൽ നിന്ന് 2015 സെപ്റ്റംബറിൽ വായ്പ എടുത്തതായും തുടർന്ന് 2018 മാർച്ചിൽ ഇത് നിഷ്‌ക്രിയ ആസ്തി ആയി മാറുകയും ചെയ്‌തിരുന്നു. തുടർന്ന് 2018 ജൂണിൽ വായ്പയുടെ തിരിച്ചെടുക്കൽ നടപടികൾ ആരംഭിച്ചിരുന്നു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് 2023 മാർച്ചിൽ നിയമിച്ച അഡ്വക്കറ്റ് കമ്മിഷൻ, കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിനിടെയാണ് ദൗർഭാഗ്യകരമായ സംഭവം നടന്നത്. പണയ വസ്തുവിന്മേലുള്ള വീണ്ടെടുക്കൽ നടപടികൾ ആരംഭിക്കുന്നതിന് മുൻപ് ബാങ്ക് നിയമവ്യവസ്ഥകൾ പൂർണമായും പാലിച്ചിട്ടുണ്ടെന്നും ബാങ്ക് അധികൃതർ പറയുന്നു. ബാധ്യതയായ തുക എത്രയാണെന്ന് ബാങ്ക് അധികൃതർ പുറത്തുവിട്ടില്ല.

English Summary:

Incident in which woman tried to commit suicide during foreclosure process

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com