ADVERTISEMENT

നെടുങ്കണ്ടം ∙ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള ബാങ്ക് നടപടിക്കിടെ കഴിഞ്ഞദിവസം ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ഗൃഹനാഥ മരിച്ചു. നെടുങ്കണ്ടം ആശാരിക്കണ്ടം ആനിക്കുന്നേൽ ഷീബ ദിലീപാണ് (49) മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ് സംഭവം. പൊലീസ് സാന്നിധ്യത്തിൽ ബാങ്ക് അധിക‍ൃതർ ജപ്തിനടപടികൾ തുടങ്ങിയ ഉടൻ വീടിനുള്ളിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച ശേഷം ഷീബ സ്വയം തീ കൊളുത്തുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ ഷീബ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടു മൂന്നരയോടെയാണ്  മരിച്ചത്. 

തീ കൊളുത്തിയ ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയിൽ തുടരുകയാണ്. 40% പൊള്ളലേറ്റ വനിതാ പൊലീസ് ഓഫിസർ അമ്പിളി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും നെടുങ്കണ്ടം എസ്ഐ ബിനോയ്‌ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. 

ഷീബയും കുടുംബവും താമസിക്കുന്ന വീടും 13 സെന്റ് സ്ഥലവും പണയപ്പെടുത്തി മുൻ ഉടമ വായ്പ എടുത്തിരുന്നു. ഈ തുകയിൽ 15 ലക്ഷം രൂപ നിലനിർത്തിയാണ് ഇവർ വസ്തു കൈമാറ്റം ചെയ്തത്. തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജപ്തി നടപടിയിലേക്കു നീങ്ങിയത്. ഇതിനു മുൻപ് ജപ്തി നടപടിക്കു ശ്രമിക്കവേ ഷീബ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഷീബയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വൈകിട്ടു വീട്ടുവളപ്പിൽ സംസ്കരിക്കും. ഭർത്താവ്: ദിലീപ്. മക്കൾ:അഭിജിത്ത്, നിതുല. മരുമകൻ: രാഹുൽ.

English Summary:

Woman who attempted suicide during the attachment of her house dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com