നിമിഷപ്രിയയുടെ മോചന ശ്രമം: അമ്മ യെമനിൽ എത്തി; സനയിലെ ജയിലിലേക്ക് പോകും
Mail This Article
കൊച്ചി∙ പ്രതീക്ഷാനിർഭരമായ മനസ്സുമായി ആ അമ്മ യാത്ര തുടങ്ങി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനയിൽ ജയിലിൽ കഴിയുന്ന മകൾ നിമിഷപ്രിയയെ ഒരുനോക്കു കാണാനും മോചനശ്രമങ്ങൾക്കുമായി അമ്മ പ്രേമകുമാരി ഇന്നലെ പുലർച്ചെ കൊച്ചി വിമാനത്താവളത്തിൽ നിന്നാണു യാത്രതിരിച്ചത്. മുംബൈയിലെത്തി അവിടെനിന്നു യെമനിലെ ഏദനിലേക്കാണു യാത്ര. വർഷങ്ങളായി യെമനിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോമും ഒപ്പമുണ്ട്. ഇന്നലെ രാത്രി വൈകി ഇവർ ഏദൻ വിമാനത്താവളത്തിൽ എത്തി.
നിമിഷപ്രിയയുടെ ഭർത്താവ് ടോമി, മകൾ മിഷേൽ, സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിൽ ഭാരവാഹിയും ഡൽഹി ഹൈക്കോടതിയിൽ നിമിഷപ്രിയയ്ക്കു വേണ്ടി വാദിച്ച അഭിഭാഷകനുമായ സുഭാഷ് ചന്ദ്രൻ എന്നിവർ യാത്രയാക്കാൻ വിമാനത്താവളത്തിലെത്തി. ‘എന്റെ മോൾക്കായി ഒരുപാടുപേർ കഷ്ടപ്പെടുന്നു. അവളെ രക്ഷിക്കാനാകുമെന്നാണു പ്രതീക്ഷ. ഇത്രയും നാളത്തെ കാത്തിരിപ്പു ഫലിക്കുമെന്നു തന്നെയാണു കരുതുന്നത്’– പാലക്കാട് സ്വദേശിയായ പ്രേമകുമാരി പ്രതികരിച്ചു.
ഏദനിൽ എത്തിയശേഷം റോഡ് മാർഗം സനയിലേക്കു പോകാനാണു പരിപാടി. ആഭ്യന്തര സംഘർഷം രൂക്ഷമായ യെമനിലെ ഔദ്യോഗിക വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ഏദനിൽ നിന്നു ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള സനയിലേക്കു സഞ്ചരിക്കാനുള്ള പ്രത്യേക അനുമതി ലഭിച്ചതോടെയാണു യാത്ര സാധ്യമായത്.
2017ൽ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിൽ വധശിക്ഷ വിധിച്ചതിനെ തുടർന്നാണു നിമിഷപ്രിയ ജയിലിൽ കഴിയുന്നത്. വധശിക്ഷ സുപ്രീം കോടതി ശരിവച്ചതോടെ തലാലിന്റെ കുടുംബത്തിന് ആശ്വാസധനം (ബ്ലഡ്മണി) നൽകി മോചനം സാധ്യമാക്കാനുള്ള ശ്രമമമാണു നടത്തുന്നത്. തലാൽ ഉൾപ്പെടുന്ന ഗോത്രവിഭാഗത്തിന്റെ തലവന്മാരും കുടുംബവും കനിഞ്ഞാൽ നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നു സാമുവേൽ ജെറോം പറഞ്ഞു.