ADVERTISEMENT

വർക്കല ∙ അരുവിപ്പുറത്ത് ശ്രീനാരായണഗുരു നടത്തിയ ശിവ പ്രതിഷ്ഠയും ശിവഗിരിയിലെ ശാരദാ പ്രതിഷ്ഠയും കേരളീയ സമൂഹത്തിൽ വലിയ നവോത്ഥാനത്തിനു വഴി തെളിച്ചതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശാരദ പ്രതിഷ്ഠയുടെ 112–ാം വാർഷികവും ശ്രീനാരായണ ധർമ മീമാംസ പരിഷത്തിന്റെ 62–ാം വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. 

അറിവിന്റെ ദേവതയായി ശാരദാ ദേവിയെ പ്രതിഷ്ഠിച്ചതിലൂടെ ഉപാധികളില്ലാതെ സമൂഹത്തിൽ എല്ലാവർക്കും വിദ്യാഭ്യാസവും തുല്യതയുമാണ് ഗുരു വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായിരുന്നു. ധർമസംഘം മുൻ ട്രഷറർ സ്വാമി പരാനന്ദ ദീപം തെളിച്ചു. 

ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോർഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ, ഗുരുധർമ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, വൈസ് പ്രസിഡന്റ് വി.കെ.മുഹമ്മദ്, ജോയിന്റ് റജിസ്ട്രാർ സി.ടി.അജയകുമാർ എന്നിവർ പ്രസംഗിച്ചു. ഇന്നലെ പുലർച്ചെ പർണശാലയിലും ശാരദാമഠത്തിലും മഹാസമാധി സന്നിധിയിലും വിശേഷാൽ പൂജകളും പ്രാർഥനയും നടന്നു. സ്വാമി സച്ചിദാനന്ദ ധർമ പതാക ഉയർത്തി. 

ഗവർണറുണ്ടെന്ന് തെളിയിച്ചു: സ്വാമി സച്ചിദാനന്ദ

വർക്കല ∙ കേരളത്തിൽ ഗവർണർ ഉണ്ടെന്നു സമൂഹത്തെ അറിയിച്ച വ്യക്തിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്നു ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. വിദ്യാർഥിയായ സിദ്ധാർഥനെ കുറെ ചെറുപ്പക്കാർ അടിച്ചു മൃതപ്രായമാക്കിയപ്പോൾ അത് അധികാര സ്ഥാനങ്ങളിൽ അറിയിക്കാനോ അതൊന്നു മൊബൈൽ ഫോണിൽ പകർത്താനോ ധൈര്യമില്ലാത്ത പ്രതികരണശേഷിയില്ലാത്ത ശവ സമാനമായ സമൂഹമായി യുവജനത അധഃപതിച്ചതിൽ ഖേദമുണ്ട്.

 ആ സംഭവത്തിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുന്ന നിലപാട് ഇവിടെ ഉണ്ടായപ്പോൾ സധൈര്യം നടപടിക്കു നിർദേശം നൽകിയ ഗവർണർ അഭിനന്ദനം അർഹിക്കുന്നതായും സച്ചിദാനന്ദ പറഞ്ഞു.

English Summary:

The Governor said that Gurudev's devotions led to revival in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com