ADVERTISEMENT

തിരുവനന്തപുരം / തൃശൂർ ∙ പൊലീസ് ഇടപെടലിലൂടെ തൃശൂർ പൂരം അലങ്കോലപ്പെട്ടതിനു കമ്മിഷണർ അങ്കിത് അശോക്, അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശൻ എന്നിവരെ അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുവാദത്തോടുകൂടിയാകും നടപടി. പകരം കമ്മിഷണറായി നിയമിക്കാൻ 3 ഉദ്യോഗസ്ഥരുടെ പേരു തിരഞ്ഞെടുപ്പു കമ്മിഷന് ആഭ്യന്തരവകുപ്പു കൈമാറി. 

പൊലീസിന്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ ഡിജിപി അന്വേഷിക്കും. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്കു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. പൂരത്തിലുണ്ടായ വീഴ്ച സംബന്ധിച്ച് ഇന്റലിജൻസ് മേധാവി എഡിജിപി മനോജ് ഏബ്രഹാം ആഭ്യന്തരവകുപ്പിനു വിശദമായ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. 

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ തൃശൂരിൽ ഉണ്ടായിരുന്നിട്ടും പൂരസമയത്തെ തർക്കങ്ങൾ എഡിജിപിയെ അറിയിച്ചില്ല എന്നതും പൊലീസിന്റെ വീഴ്ചയായി ആഭ്യന്തരവകുപ്പ് വിലയിരുത്തി. ഡിഐജിയും ഐജിയും സംഭവത്തിലിടപെടാൻ വൈകിയെന്നും വിമർശനമുയർന്നു. 

തുടർച്ചയായ രണ്ടാംവർഷവും അനാവശ്യ ഇടപെടലുമായി പൂരം നടത്തിപ്പിൽ കമ്മിഷണർ പ്രതിസന്ധി സൃഷ്ടിച്ചതായി ഇന്റലിജൻസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാവിലെ നടന്ന മഠത്തിൽ വരവു മുതൽ രാത്രിപ്പൂരം വരെയുള്ള 15 മണിക്കൂറിനിടെ പൊലീസിന്റെ പരുക്കൻ ഇടപെടലുകൾ പലവട്ടം വാർത്തയായിട്ടും സർക്കാർ തലത്തിൽ ഇടപെടലുണ്ടായില്ല. തിരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന സന്ദർഭത്തിൽ പൂരം അലങ്കോലപ്പെട്ടതു പ്രതിപക്ഷ മുന്നണികൾക്കു ഗുണം ചെയ്യുമോ എന്ന ആശങ്ക എൽഡിഎഫിനുണ്ട്. 

‘എടുത്തോണ്ടു പോടാ പട്ട’: ആക്രോശിച്ച് കമ്മിഷണർ 

പൂരക്കമ്മിറ്റിക്കാർ മുതൽ പൂരപ്രേമികളോടു വരെ പൊലീസ് കമ്മിഷണർ മോശമായി പെരുമാറുന്നതിന്റെ വിഡിയോകൾ പുറത്ത്. വടക്കുന്നാഥ ക്ഷേത്രത്തിനുള്ളിൽ ഇലഞ്ഞിത്തറ മേളം നടക്കുമ്പോൾ എഴുന്നള്ളിപ്പിനു നിരന്ന ആനകൾക്കു പനമ്പട്ടയുമായി എത്തിയ ജീവനക്കാർക്കു നേരെ കമ്മിഷണർ ആക്രോശിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിലുണ്ട്. ‘എടുത്തോണ്ടു പോടാ പട്ട..’ എന്നായിരുന്നു കമ്മിഷണറുടെ വെല്ലുവിളി. 

‘ആനയ്ക്കു കൊടുക്കാനാ സാറേ’ എന്നു ജീവനക്കാരൻ പറയുന്നതു വിഡിയോയിൽ കേൾക്കാം. ‘ഒന്നും കൊടുക്കേണ്ട’ എന്നായിരുന്നു മറുപടി. ചുറ്റും കണ്ടുനിന്നവർ ‘കൊടുത്തുവ‍ിട് സാറേ, ആന പ്രശ്നമുണ്ടാക്കും’ എന്നു പറഞ്ഞിട്ടും കമ്മിഷണർ അയഞ്ഞില്ല. ‘എന്നാ അയാളുടെ തലയിൽ വച്ചുകൊടുക്ക്’ എന്ന് കമ്മിഷണർക്കെതിരെ ജനക്കൂട്ടത്തിൽ നിന്നുള്ള കമന്റും കേൾക്കാം. ഇതിനു പിന്നാലെ സ്പെഷൽ കുടയുമായി എത്തിയവരെയും കമ്മിഷണർ തടഞ്ഞുവച്ചു. ‘ടെക്നിഷ്യനാണ്’ എന്നു വന്നയാൾ പറയുന്നുണ്ടെങ്കിലും ‘ഒരു ടെക്നിഷ്യനും കേറണ്ട’ എന്നായിരുന്നു കമ്മിഷണറുടെ മറുപടി. 

വടക്കുന്നാഥ ക്ഷേത്രത്തിലെ വിളക്കുമാടത്തിൽ ഒഴിക്കാൻ എണ്ണയുമായി എത്തിയയാളെ എസിപി തടയുന്നതിന്റെ വിഡിയോയും പുറത്തു വന്നു. എണ്ണയുമായി വന്നയാളെ പൊലീസുകാർ തടഞ്ഞതു പൂരക്കമ്മിറ്റിക്കാരിലൊരാൾ ചോദ്യം ചെയ്ത‍ു. എന്നാൽ ‘പൂരം കഴിഞ്ഞ് വിളക്കു വയ്ക്കാം’ എന്നായിരുന്നു എസിപിയുടെ മറുപടിയെന്നു കമ്മിറ്റിക്കാർ പറയുന്നു. 

തൃശൂർ പൂരം സമാപന ദിവസത്തെ പ്രശ്നങ്ങളെക്കുറിച്ചു ഗൗരവമായി അന്വേഷിക്കും. തിരഞ്ഞെടുപ്പു സമയത്തു സർക്കാരിന് ഇടപെടാൻ പരിമിതികളുണ്ട്. ദേവസ്വത്തിന്റെയും മാധ്യമ പ്രവർത്തകരുടെ പരാതികൾ കിട്ടിയിട്ടുണ്ട്. ഡിജിപിയോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

English Summary:

Thrissur Pooram row: Chief Minister take action against Commissioner and Assistant Commissioner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com