വോട്ട് ചെയ്തവർ 2 കോടിയിലേറെ; 1.80 ലക്ഷം വോട്ടുകൾ കൂടി കണക്കിലെത്തി
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വീട്ടിലിരുന്നും വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലുമായി തപാൽ വോട്ടു ചെയ്ത 1.80 ലക്ഷം പേർ കൂടി കണക്കിലെത്തിയതോടെ ആകെ വോട്ട് ചെയ്തവരുടെ എണ്ണം 2 കോടി കടന്നു. ആബ്സന്റീ വോട്ടർമാർ എന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വിശേഷിപ്പിക്കുന്ന 1,80,865 പേരാണ് തപാൽ വോട്ട് ചെയ്തത്.
85 വയസ്സിന് മുകളിൽ പ്രായമായവർ, ഭിന്നശേഷിക്കാർ, കോവിഡ് ബാധിതർ, വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ എത്തി വോട്ടു ചെയ്ത അവശ്യസേവന വിഭാഗങ്ങളിലെ ജോലിക്കാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തിൽ 41,904 പേർ തപാൽ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്.
തപാൽ വോട്ടുകളിലെ കുറവിനെക്കുറിച്ച് പരാതി വ്യാപകം
തിരുവനന്തപുരം ∙ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള എല്ലാവർക്കും തപാൽ വോട്ടു ചെയ്യാൻ അവസരം ലഭിച്ചില്ലെന്നു വ്യാപക പരാതി. ഒരു ലക്ഷത്തിൽപരം ഉദ്യോഗസ്ഥരെയാണ് പോളിങ് ബൂത്തുകളിൽ ഡ്യൂട്ടിക്കു നിയോഗിച്ചതെങ്കിലും നാൽപതിനായിരത്തിൽപരം തപാൽ വോട്ടുകളാണു രേഖപ്പെടുത്തിയത്.
സ്വന്തം മണ്ഡലത്തിൽ ഡ്യൂട്ടിയുള്ളവരിൽ ചിലർക്ക് അതതു സ്ഥലത്തെ പോളിങ് ബൂത്തുകളിൽ വോട്ടു ചെയ്യാൻ അവസരം ലഭിച്ചെങ്കിലും മറ്റുള്ളവർക്ക് ഇതിനു കഴിഞ്ഞില്ല. ഇവർ നേരത്തേ തന്നെ തപാൽ ബാലറ്റിനായി അപേക്ഷിച്ചിരുന്നു. ഇവർക്കു വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ വോട്ടു ചെയ്യാനാണ് ഇത്തവണ തിരഞ്ഞെടുപ്പ് കമ്മിഷൻ അവസരം ഒരുക്കിയത്.
എന്നാൽ, മറ്റു മണ്ഡലങ്ങളിൽ വോട്ടുള്ള പല ഉദ്യോഗസ്ഥരുടെയും തപാൽ ബാലറ്റ് വോട്ടെടുപ്പിനു തലേന്നു പോലും ലഭിക്കാത്തതാണ് ഇവരുടെ വോട്ടവകാശം നഷ്ടമാക്കിയത്. ഇതര സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോയ 1500ൽപരം സായുധ പൊലീസ് സേനാംഗങ്ങൾക്കും വോട്ടവകാശം വിനിയോഗിക്കാനായിട്ടില്ല. ഇതു സംബന്ധിച്ചു പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയിട്ടുണ്ട്.