ADVERTISEMENT

തിരുവനന്തപുരം ∙ ഒരു മോട്ടർ വാഹന ഓഫിസിനു കീഴിൽ ദിവസേന 40 ഡ്രൈവിങ് ടെസ്റ്റുകൾ എന്ന നിർദേശം ഒരു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ദിവസേന 40 ടെസ്റ്റുകൾ എന്നു പരിഷ്കരിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. 2 എംവിഐമാർ ഉള്ള ഓഫിസുകളിൽ ദിവസവും 80 ടെസ്റ്റുകൾ നടക്കും. ഇവയുൾപ്പെടെ ഉന്നയിച്ച ആവശ്യങ്ങൾ ഭൂരിഭാഗവും മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയിൽ അംഗീകരിച്ചതോടെ ഡ്രൈവിങ് സ്കൂളുകാർ നടത്തിവന്ന സമരം പിൻവലിച്ചു. 

ലൈസൻസ് അപേക്ഷകരുടെ എണ്ണം കണക്കിലെടുത്ത് എൻഫോഴ്സ്മെന്റ് വിഭാഗത്തിൽനിന്നു കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് ടെസ്റ്റുകളുടെ എണ്ണം കൂട്ടും. 

തീരുമാനങ്ങൾ: 

∙ ടെസ്റ്റിനു വേണ്ടി ആധുനിക വാഹനങ്ങൾ സർക്കാർ ലഭ്യമാക്കുന്നതു വരെ 2 വീതം ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങൾ ഉപയോഗിക്കും. 

∙ ടെസ്റ്റ് നടത്തുന്ന വാഹനത്തിന്റെ ഉൾവശവും മുൻഭാഗവും വ്യക്തമായി ചിത്രീകരിക്കുന്ന ക്യാമറകൾ മോട്ടർ വാഹന വകുപ്പ് സ്ഥാപിക്കും. ഇവയിലെ ദൃശ്യങ്ങൾ 3 മാസം സൂക്ഷിക്കും. 

∙ 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാം. 

∙ ഇരുചക്ര വാഹന ലൈസൻസ് ടെസ്റ്റ് കാൽ കൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങളിലേക്കു മാറ്റും. 

∙ ഡ്രൈവിങ് സ്കൂളുകളുടെ ഫീസ് നിരക്ക് ഏകീകരിക്കാൻ 3 മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ സമിതിയെ നിയോഗിക്കും. 

∙ നിലവിലെ മാതൃകയിൽ ഗ്രൗണ്ട് ടെസ്റ്റ് ആദ്യവും റോഡ് ടെസ്റ്റ് രണ്ടാമതും നടത്തും. 

∙ സ്ഥലപരിമിതിക്കുള്ളിൽ കേന്ദ്ര നിർദേശങ്ങൾ പാലിച്ച് എങ്ങനെ ടെസ്റ്റ് ഗ്രൗണ്ട് ക്രമീകരിക്കുമെന്ന് റിപ്പോർട്ട് തയാറാക്കും. 

∙ ഡ്രൈവിങ് പഠിപ്പിക്കുന്നവർ ലൈസൻസ് നേടി 5 വർഷം കഴിഞ്ഞവരാകണമെന്ന നിർദേശം കർശനമാക്കും. 

∙ കഴിഞ്ഞയാഴ്ച ഗതാഗത വകുപ്പ് ഇറക്കിയ സർക്കുലറിലെ വിവാദ നിർദേശങ്ങളും ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംഘടനകളുടെ ആവശ്യം പരിഗണിച്ച് ഭേദഗതി വരുത്തും. 

കെഎസ്ആർടിസിക്ക് 21 ടെസ്റ്റ് കേന്ദ്രങ്ങൾ

തിരുവനന്തപുരം ∙ കെഎസ്ആർടിസി 21 കേന്ദ്രങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്നു മന്ത്രി കെ.ബി.ഗണേഷ് കുമാർ. കെഎസ്ആർടിസിയുടെ കീഴിൽ പ്രത്യേക വിഭാഗമായി 10 ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കും. വാഹനം റോഡിൽ ഓടിക്കുന്നതിനു മുൻപ് പരിശീലിക്കാൻ സിമുലേറ്റർ സൗകര്യവും ഉണ്ടാകും. രണ്ടര ലക്ഷത്തോളം ലൈസൻസ് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നതെന്നും കൃത്യമായ എണ്ണം ഇന്നു പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു. 

English Summary:

Strike of driving schools has been called off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com