ആശുപത്രിയിൽ സുരക്ഷാജീവനക്കാരെ ആക്രമിച്ചു; കൗൺസിലർക്കും ഭർത്താവിനുമെതിരെ കേസ്
Mail This Article
കൊട്ടാരക്കര ∙ ഡോ.വന്ദനദാസ് കൊല്ലപ്പെട്ട കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാർക്കു നേരെ സംഘത്തിന്റെ ആക്രമണം. സംഭവത്തിൽ കൊട്ടാരക്കര നഗരസഭ കൗൺസിലർ പവിജ പത്മൻ, ഭർത്താവ് സുമേഷ് എന്നിവർ ഉൾപ്പെടെ 12 പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആറു സുരക്ഷാ ജീവനക്കാർക്കാണു പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണു സംഭവങ്ങളുടെ തുടക്കം. സുമേഷിന്റെ അമ്മയെ സ്ത്രീകളുടെ വാർഡിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ഇവിടെ പുരുഷൻമാർ നിൽക്കുന്നെന്ന പരാതി ലഭിച്ചതിനെത്തുടർന്നാണു സുരക്ഷാ ജീവനക്കാർ എത്തിയത്.
ശുചിമുറിക്കു സമീപം ഒരാൾ മൊബൈൽ ഫോണിൽ വിഡിയോ ചിത്രീകരിക്കുന്നതു ജീവനക്കാർ കണ്ടതായി പറയുന്നു. തുടർന്ന് ഇയാളെ ഉൾപ്പെടെ 3 പേരെ പുറത്താക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നു കരുതുന്ന മൊബൈൽ പിടികൂടി എയ്ഡ് പോസ്റ്റിലെ പൊലീസിനു കൈമാറുകയും ചെയ്തു. ഇതിനുശേഷം കോൺഗ്രസ് കൗൺസിലർ പവിജയുടെയും സുമേഷിന്റെയും നേതൃത്വത്തിൽ ഒരു സംഘമാളുകൾ സംഘടിച്ചെത്തി അത്യാഹിത വിഭാഗത്തിനു മുന്നിൽ നിന്ന സുരക്ഷാ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. സുമേഷ് മുൻ ഡിവൈഎഫ്ഐ ഭാരവാഹിയാണ്.
പരുക്കേറ്റ ജീവനക്കാരായ സുരേഷ്കുമാർ, ബോബി മാത്യു,ഗോപകുമാർ,പ്രദീപ്കുമാർ,ഷിനുരാജ്, ബൈജു എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സുരേഷ്കുമാറിന്റെ മുഖത്ത് ഇടിയേറ്റു. ഗോപകുമാറിന്റെ കൈയ്ക്കാണു പരുക്ക്. ജില്ലാ മെഡിക്കൽ ഓഫിസർക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജയേഷ് മോഹൻ റിപ്പോർട്ട് നൽകി. കൊല്ലം റൂറൽ എസ്പിക്കു പരാതിയും നൽകി. ആക്രമണത്തിൽ ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു.
സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ പൊലീസിനു നിർദേശം നൽകിയതായി കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് പറഞ്ഞു. ഡിവൈഎഫ്ഐ-കോൺഗ്രസ് അഴിഞ്ഞാട്ടമാണ് ആശുപത്രിയിൽ നടന്നതെന്നു ബിജെപി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഈ മാസം 10നായിരുന്നു ഡോ.വന്ദനദാസിന്റെ വിയോഗത്തിന്റെ ഒന്നാം വാർഷികം.