അവയവക്കച്ചവടം: മെഡിക്കൽ സർട്ടിഫിക്കറ്റ് എങ്ങനെ?; 3 ആശുപത്രികളെപ്പറ്റി കേന്ദ്ര അന്വേഷണം
Mail This Article
കൊച്ചി ∙ രാജ്യാന്തര അവയവക്കച്ചവട റാക്കറ്റുമായി സഹകരിച്ച കേരളത്തിലെ 3 ആശുപത്രികളെപ്പറ്റി കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നു. വ്യാജ യാത്രാരേഖകൾ ചമച്ചു വിദേശത്തേക്കു കടത്താനുള്ള അവയവദാതാക്കളുടെ ആരോഗ്യപരിശോധന നടത്തിയ ആശുപത്രികളാണിവ. അവയവക്കച്ചവടത്തിനുള്ള മനുഷ്യക്കടത്താണെന്ന അറിവോടെയാണോ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതെന്നാണു പരിശോധിക്കുന്നത്.
വിദേശ ഇൻഷുറൻസ് കമ്പനികളുടെ നിയന്ത്രണത്തിൽ ഇറാൻ കേന്ദ്രീകരിച്ച് അവയവക്കച്ചവട മാഫിയ പ്രവർത്തിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ ഏജൻസിയായ ഗ്ലോബൽ ഒബ്സർവേറ്ററി ഓൺ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ (ജിഒഡിടി) റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനിൽ ഒരുവർഷം 10,000 കോടി രൂപയുടെ അവയവക്കച്ചവടം നടക്കുന്നതായി റിപ്പോർട്ടിലുണ്ടായിരുന്നു. ഇതേത്തുടർന്ന് അവയവദാതാക്കൾക്കുള്ള ഉയർന്ന പ്രതിഫലം 600 പൗണ്ടായി (60,000 രൂപ) ഇറാൻ ഗവൺമെന്റ് നിജപ്പെടുത്തിയതോടെയാണ് ‘ഓർഗൻ ബ്ലാക് മാർക്കറ്റ്’ സജീവമായത്. ഓരോ അവയവദാതാവിനും 10 ലക്ഷം രൂപയും വിമാനടിക്കറ്റുമാണു വാഗ്ദാനം ചെയ്തിരുന്നതെങ്കിൽ ഇവരുടെ പേരിൽ 60 – 70 ലക്ഷം രൂപ റാക്കറ്റ് കൈപ്പറ്റുമായിരുന്നു.
റാക്കറ്റിന്റെ കേരളത്തിലെ ഇടനിലക്കാരിലൊരാളായ കൊടുങ്ങല്ലൂർ വലപ്പാട് സ്വദേശി സബിത്ത് 2019 മുതലാണ് ഇറാനിലേക്കുള്ള മനുഷ്യക്കടത്തിൽ പങ്കാളിയായത്. കേരളത്തിലെ ദാതാക്കൾ കൂടുതൽ പ്രതിഫലവും മുൻകൂർ തുകയും ആവശ്യപ്പെട്ടതോടെ റാക്കറ്റിന്റെ ശ്രദ്ധ വിദ്യാഭ്യാസനിലവാരം കുറവുള്ള ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെത്തി. കേരളത്തിലുള്ള അതിഥിത്തൊഴിലാളികളെയും കബളിപ്പിച്ച് ഇറാനിലേക്കു കടത്തിയിട്ടുണ്ട്.
‘2 വൃക്ക അനാരോഗ്യകരമെന്ന് പറഞ്ഞ് ഇരകളെ പറ്റിച്ചു’
കൊച്ചി ∙ രണ്ടു വൃക്കയുള്ളതു ശാരീരികവൈകല്യമാണെന്നു തെറ്റിദ്ധരിപ്പിച്ച് ഉത്തരേന്ത്യൻ സ്വദേശികളെ കബളിപ്പിച്ചതായി പൊലീസിന്റെ കസ്റ്റഡിയിലുള്ള സബിത്ത് മൊഴി നൽകി. വൃക്ക ദാനം ചെയ്താൽ പുതിയ വൃക്ക മുളച്ചുവരുമെന്ന് ചിലരെ പറഞ്ഞു വിശ്വസിപ്പിച്ചു.
എറണാകുളം റൂറൽ എസ്പി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള 10 അംഗ പ്രത്യേക അന്വേഷണസംഘം സബിത്തിനെ വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങി. അവയവക്കച്ചവടത്തിന് ഇരകളായവരുടെയും അവയവങ്ങൾ വാങ്ങിയവരുടെയും പട്ടിക സബിത്ത് അന്വേഷണസംഘത്തിനു കൈമാറി.