വംശനാശ ഭീഷണി: ആഗോള പട്ടികയിൽ കേരളത്തിലെ കണ്ടൽക്കാടുകളും; 25 വർഷം കഴിഞ്ഞാൽ ‘കണ്ടില്ലാ’ക്കാടുകൾ?
Mail This Article
പത്തനംതിട്ട ∙ കേരളത്തിലും തമിഴ്നാട്ടിലും ശ്രീലങ്കയിലുമുള്ള കണ്ടൽക്കാടുകൾ സംരക്ഷിച്ചില്ലെങ്കിൽ 25 വർഷത്തിനുള്ളിൽ പൂർണമായും ഇല്ലാതാകുമെന്നു പരിസ്ഥിതി സംരക്ഷണത്തിനുള്ള രാജ്യാന്തര യൂണിയൻ (ഐയുസിഎൻ) മുന്നറിയിപ്പ് നൽകി. ലോക ജൈവവൈവിധ്യ ദിനത്തിൽ ഐയുസിഎൻ പുറത്തിറക്കിയ പഠനത്തിലാണ് ഈ നിഗമനം. ലോകത്തെ എല്ലാ കണ്ടൽക്കാടുകളും ഉൾപ്പെടുത്തി ആദ്യമായി നടത്തുന്ന സമഗ്രപഠനമാണിത്.
കടൽ, കായലോരങ്ങളോടും നദീമുഖങ്ങളോടും ചേർന്ന് ഒന്നര ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ലോകത്തെ കണ്ടൽക്കാടുകളുടെ ആകെ വിസ്തൃതി. ഇതിൽ 15% വംശനാശത്തിന്റെ ചുവപ്പുപട്ടികയിലുണ്ട്. കേരളത്തിലെ കണ്ടലും ഇതിലുണ്ടെന്ന് ഐയുസിഎൻ പുറത്തിറക്കിയ ആഗോള കണ്ടൽ ഭൂപടം വ്യക്തമാക്കുന്നു. കേരളം മുതൽ കറാച്ചി വരെ അറബിക്കടൽ തീരത്തെ മുഴുവൻ കണ്ടലുകളും ഭാവിയിൽ നാശം നേരിടാവുന്ന യെലോ പട്ടികയിലാണ്. തുറമുഖ വികസനം നടക്കുന്നതിനാലാണ് ശ്രീലങ്കയിലെയും തമിഴ്നാട്ടിലെയും മുഴുവൻ കണ്ടലുകളും ചുവപ്പു പട്ടികയിൽ ഇടം പിടിച്ചത്. മെക്സിക്കോയാണ് റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റൊരു പ്രദേശം.
21 ലക്ഷം പേർ വെള്ളക്കെട്ടിലാകും
കടൽനിരപ്പ് ഉയരുന്നതോടെ ലോകത്തെ പല കണ്ടൽക്കാടുകളും നശിക്കും. ഇതോടെ 2050 ആകുമ്പോഴേക്കും 1.7 കോടി മത്സ്യബന്ധന ദിനങ്ങൾ ഇല്ലാതാകും. കണ്ടലുകൾ പിടിച്ചു വച്ചിരിക്കുന്ന 800 കോടി ടൺ കാർബൺ പുറത്തുവന്ന് ആഗോള താപനം വർധിപ്പിക്കും. 21 ലക്ഷത്തോളം ആളുകൾ സ്ഥിരം വെള്ളക്കെട്ടിലാകും. ലക്ഷക്കണക്കിനു മനുഷ്യരുടെ വരുമാനത്തെ ഇതു ബാധിക്കുമെന്ന് ഐയുസിഎൻ മേധാവി ഗ്രെതേൽ ആഗുലർ പറഞ്ഞു.