ADVERTISEMENT

പുൽവാമയിൽ രാജ്യത്തിന്റെ വീരസൈനികർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി രഹസ്യാന്വേഷണ ഏജൻസികളുടെ വീഴ്ചയെ ചോദ്യം ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആക്രമണം നടത്താൻ ഭീകരർ തിരഞ്ഞെടുത്ത സമയത്തിലും മമത സംശയം ഉന്നയിച്ചു – ഇവ ദേശീയതലത്തിൽ പ്രതിപക്ഷത്തിന്റെ ആകെ ശബ്ദമായി പുറത്തുവന്നെങ്കിലും ബിജെപി അതിനെ പ്രതിരോധിച്ചത് മമതയുടെ ന്യൂനപക്ഷപ്രീണനം എന്ന മറുവാദവുമായാണ്.

Elections 2019: Complete Coverage

സംസ്ഥാനത്തെ ആകെ വോട്ടു വിഹിതത്തിൽ 30% ആണ് ന്യൂനപക്ഷവിഭാഗക്കാർ. 16–18 സീറ്റുകളിലെ വിജയികളെ നിർണയിക്കുന്നതും ഈ ശക്തി തന്നെ. വടക്കൻ ബംഗാളിലെ പാർലമെന്റ് സീറ്റുകളായ റായ്ഗഞ്ച്, കുച്ച് ബിഹാർ, ബലൂർഘട്ട്, മാൽഡ നോർത്ത്, മാൽഡ സൗത്ത്, മുർഷിദാബാദ്, തെക്കൻ ബംഗാളിലെ ഡയമണ്ട് ഹാർബർ, ഉലുബെറിയ, ഹൗറ, ബീർഭും, കാന്തി, താംലുക്, ജോയ്നഗർ തുടങ്ങിയ മണ്ഡലങ്ങളാണവ. 42 ലോക്സഭാ സീറ്റുകളിൽ 18 എണ്ണം കൈവിട്ടാലും ബാക്കിയുള്ളവ നേടാനായാൽ ബിജെപിക്ക് കേന്ദ്രത്തിലും സംസ്ഥാനത്തും അതിന്റെ നേട്ടം ചില്ലറയല്ല.

Bengal-lok-sabha-election-2014-results-infographic-map-MAL

ബിജെപിയെ തടയാൻ വോട്ട് തൃണമൂലിന്

ക്രമസമാധാനനില തകരാറിലാണെങ്കിലും, കലാപങ്ങൾ നിയന്ത്രിക്കാൻ തൃണമൂൽ സർക്കാരിനു കഴിയുന്നില്ലെങ്കിലും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കുതിപ്പിനു തടയിടാൻ ബംഗാളിലെ ന്യൂനപക്ഷം തൃണമൂലിനുതന്നെ വീണ്ടും വോട്ടു ചെയ്തേക്കുമെന്നാണു സൂചന. കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടികളെക്കാൾ സംസ്ഥാനത്ത് ഇപ്പോൾ ആധികാരികതയുള്ളത് തങ്ങൾക്കാണെന്ന തൃണമൂൽ കോൺഗ്രസിന്റെ വാദത്തോടു ചേർത്തുവായിക്കണ്ടതാണ് ഈ സൂചന. സംസ്ഥാനത്തെ പല ലോക്സഭാ സീറ്റുകളിലും നിർണായക സ്വാധീനമാണു ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ചും മുസ്‌ലിം വിഭാഗക്കാർ.

‘വിവിധ വിഷയങ്ങളിൽ സംസ്ഥാന സർക്കാരുമായി തർക്കമുണ്ട്. സംസ്ഥാനത്ത് അരങ്ങേറുന്ന പല കലാപങ്ങളിലും കൃത്യമായി നടപടിയെടുക്കാൻ അവർക്കാകുന്നില്ല. എന്നിരുന്നാലും സ്വന്തം സുരക്ഷിതത്വം പരിഗണിച്ചു ന്യൂനപക്ഷങ്ങൾ തൃണമൂലിനേ വോട്ട് ചെയ്യൂ’ – ഓൾ ബംഗാളി മൈനോറിറ്റി യൂത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് കംറുസാമൻ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ബംഗാളിൽ അധികാരത്തിലിരിക്കുന്നതിനാൽ ബിജെപിയെ എതിർക്കാൻ പറ്റിയ പാർട്ടി തൃണമൂലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗാളിലെ മുസ്‌ലിം യുവാക്കളിൽ നല്ലൊരു പങ്കും പിന്തുടരുന്ന സംഘടനയാണു കംറുസാമന്റേത്. കോണ്‍ഗ്രസ് – സിപിഎം സീറ്റ് പങ്കിടൽ ചർച്ചകൾ ജനങ്ങൾക്കിടയിൽ തൃണമൂലിന്റെ പ്രതിച്ഛായ ഉയർത്തിയെന്നും കംറുസാമൻ വ്യക്തമാക്കി. ശക്തനായ മതനിരപേക്ഷ സ്ഥാനാർഥിക്ക‌ു വോട്ടു ചെയ്യണമെന്ന് നഗരത്തിലെ ഇമാമുമാർ വിശ്വാസികളെ ഓർമിപ്പിച്ചിട്ടുണ്ട്.

ന്യൂനപക്ഷ പിന്തുണ തൃണമൂലിന്

നിലവിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ തൃണമൂലിനു തന്നെയാണു ശക്തമായ സ്വാധീനം. എന്നാൽ കഴിഞ്ഞ നാലു വർഷമായി സംസ്ഥാനത്തുണ്ടായിക്കൊണ്ടിരിക്കുന്ന കലാപങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തൃണമൂലിനു കഴിഞ്ഞിട്ടില്ല. ഇതിലുള്ള അമർഷം ന്യൂനപക്ഷ വിഭാഗക്കാർ മൂടിവയ്ക്കുന്നുമില്ല.

2015 മുതൽ ബംഗാളിൽ വർഗീയ കലാപങ്ങൾ വർധിച്ചിട്ടുണ്ടെന്ന് 2018 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2015 ൽ 27 കലാപങ്ങൾ ഉണ്ടായപ്പോൾ 2017 ൽ അത് 58 ആയി. 2017ലെ ബസീർഹട്ട്, 2018ലെ അസാൻസോൾ കലാപങ്ങളാണു പട്ടികയിൽ അവസാനത്തേത്.

സംസ്ഥാനത്തുണ്ടാകുന്ന വർഗീയ കലാപങ്ങൾക്കു പിന്നിൽ ബിജെപിയാണെന്നാണു തൃണമൂലിന്റെ ആരോപണം. സ്വന്തം രാഷ്ട്രീയ അജൻഡ നടപ്പാക്കാനാണു ബിജെപിയുടെ ശ്രമം. ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെ 2014 ൽ നേടിയ വിജയം ഇക്കുറിയും ആവർത്തിക്കാനാകുമെന്ന ആത്മവിശ്വാസം തൃണമൂൽ നേതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്. ‘തൃണമൂൽ സർക്കാരിന്റെ വികസന നേട്ടങ്ങൾ ന്യൂനപക്ഷങ്ങൾക്ക് അറിയാം. വിവിധ മതങ്ങൾ ഒരുമിച്ച് ഐക്യത്തോടെ പ്രവർത്തിച്ചിരുന്ന സംസ്ഥാനമാണു ബംഗാൾ. എന്നാൽ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഇതു തകർക്കാൻ ശ്രമിക്കുകയാണ്’ – തൃണമൂൽ നേതാവും മന്ത്രിയുമായ ഫിർഹദ് ഹക്കിം പറയുന്നു. ബിജെപിയുടെ കുതിപ്പിനു തടയിടാൻ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾ തൃണമൂലിനു തന്നെ വോട്ടുചെയ്യുമെന്ന ആത്മവിശ്വാസവും നേതാക്കൾ പങ്കുവച്ചു.

കഴിഞ്ഞ 6 വർഷമായി ന്യൂനപക്ഷകാര്യത്തിന് കാര്യമായ വിഹിതം മമത ബജറ്റിൽ നീക്കിവയ്ക്കുന്നുണ്ട്. 2019–20 ബജറ്റിൽ പോലും സംസ്ഥാന സർക്കാർ പദ്ധതികളായ കന്യാശ്രീ (പെൺകുട്ടികൾക്കായുള്ള സ്കോളർഷിപ്പ്), സബൂജ് സതി (സൗജന്യ സൈക്കിൾ) തുടങ്ങിയവയിൽ മദ്രസ വിദ്യാർഥികളെ ഉൾക്കൊള്ളിക്കാൻ 300 കോടി രൂപയാണ് അധികമായി നീക്കിവച്ചത്. ഇതോടെ പദ്ധതിക്ക് ആകെ 4,016 കോടി രൂപയാണ് നീക്കിവച്ചത്. ന്യൂനപക്ഷ കാര്യ വിഭാഗം 3.8 ദശലക്ഷം വിദ്യാർഥികൾക്കായി 340 കോടി രൂപ ചെലവഴിക്കുന്നുമുണ്ട്.

ബംഗാളിന്റെ പിന്തുണ ആർക്ക്?

സ്വാതന്ത്ര്യത്തിനുശേഷം ബംഗാളിൽ ന്യൂനപക്ഷങ്ങൾ കൂടുതലും കോൺഗ്രസിനാണു വോട്ട് ചെയ്തിരുന്നത്. എന്നാൽ അറുപതുകളുടെ അവസാനത്തോടെ ഇടതു പാർട്ടികൾ കളം പിടിച്ചു. ജ്യോതി ബസു, പ്രമോദ് ദാസ്ഗുപ്ത തുടങ്ങിയ നേതാക്കൾ കോൺഗ്രസ് ഭരണത്തിനെതിരെ രംഗത്തുവന്നു. സിപിഎമ്മിന്റെ നേതൃത്വത്തിൽ 1977ൽ ഇടതുപക്ഷം അധികാരത്തിലെത്തിയതോടെ കാര്യങ്ങൾ കോൺഗ്രസിന്റെ കൈവിട്ടുപോയി. ജന്മിമാരിൽനിന്നു ഭൂമിയെടുത്തു കർഷകർക്കു നൽകി ഇടതുപക്ഷം ന്യൂനപക്ഷങ്ങൾക്കിടയിൽ ശക്തമായ സ്വാധീനം കെട്ടിപ്പൊക്കി.

ന്യൂനപക്ഷങ്ങളുടെയും ഗ്രാമീണ ബംഗാളിന്റെയും ബലത്തിൽ 1996ലും 2004ലും യഥാക്രമം 33, 34 വീതം എംപിമാരെ ലോക്സഭയിലേക്ക് അയയ്ക്കാൻ ഇടതുപക്ഷത്തിനായി. എന്നാൽ സച്ചാർ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ 2008ൽ പുറത്തുകൊണ്ടുവന്നതോടെ ഇടതിനും കാര്യങ്ങൾ കൈവിട്ടു തുടങ്ങി. പിന്നാലെ നന്ദിഗ്രാമിലും സിംഗൂരിലും ഭൂമിയേറ്റെടുക്കലിനെതിരെ മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന സമരം പാർട്ടിയുടെ അടിപതറിച്ചു. ഇതോടെ മമതയെ തങ്ങളുടെ രക്ഷകയായി ന്യൂനപക്ഷങ്ങൾ കാണാൻ തുടങ്ങി. അങ്ങനെ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തി ബംഗാളിലെ ഇടതു തേർവാഴ്ച മമത അവസാനിപ്പിച്ചു.

Bengal-lok-sabha-election-infographic-PNG

എന്നാൽ മമതയുടെ ഇതേ നീക്കത്തെയാണ് ബിജെപി ആയുധമാക്കിയത്. മാറിമാറി വരുന്ന സർക്കാരുകൾ സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളെ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ എന്ന ആരോപണമുയർത്തിയ ബിജെപി, ഭൂരിപക്ഷ സമുദായ വോട്ടുകളാണ് ലക്ഷ്യമിട്ടത്. ‘സംസ്ഥാന സർക്കാരിന്റെ നയങ്ങൾ ഒരു വിഭാഗത്തെ മാത്രം സംരക്ഷിക്കുന്നതാണ്. ഇതു ഭൂരിപക്ഷ സമുദായത്തെ രോഷാകുലരാക്കുന്നു. ബിജെപി മാത്രമേ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ളൂ എന്ന വികാരമാണ് അവർക്ക്’ – ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറയുന്നു.

തങ്ങളാണ് സംസ്ഥാനത്തെ മുസ്‌ലിംകളുടെ രക്ഷകരെന്ന തൃണമൂലിന്റെ അവകാശവാദം പൊളിയുന്നതാണ് കഴിഞ്ഞ കുറച്ചുവർഷങ്ങളായി കാണുന്നതെന്ന് സിപിഎം മുതിർന്ന നേതാവും എംപിയുമായ മുഹമ്മദ് സലിമും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com