ADVERTISEMENT

വനിതാ സംവരണ ബില്ലിനു മുന്നിൽ ആദ്യം മുതൽ കടമ്പ കെട്ടിയവരിൽ പ്രമുഖർ മൂന്നു യാദവ നേതാക്കളാണ്. സമാജ്‍വാദി പാർട്ടിയുടെ മുലായം സിങ് യാദവ്, രാഷ്‌ട്രീയ ജനതാദളിന്റെ ലാലു പ്രസാദ് യാദവ്, ജനതാദളിന്റെ (യുണൈറ്റഡ്) ശരദ് യാദവ് എന്നിവർ. വനിതാ സംവരണ ബിൽ നടപ്പായാൽ വിഷം കഴിക്കുമെന്നു പോലും ശരദ് യാദവ് ഭീഷണി മുഴക്കി. വനിതകൾക്കു മൂന്നിലൊന്നു സംവരണം വന്നാൽ പുരുഷന്മാർക്കു വൻ നഷ്ടമുണ്ടാകുമെന്നു യാദവ നേതാക്കൾ പരസ്യമായും മറ്റു ചില പാർട്ടികൾ രഹസ്യമായും ഭയക്കുന്നു.

സമാജ്‌വാദി പാർട്ടി, രാഷ്‌ട്രീയ ജനതാദൾ, സമതാപാർട്ടി, ശിവസേന എന്നിവ സഭകളിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തുന്നതിനോടു താൽപര്യമില്ലെന്നു തുറന്നുപറഞ്ഞു. സ്ത്രീ സംവരണത്തിനൊപ്പം പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്തണമെന്ന ഇവരുടെ വാദത്തോടു ബിജെപിയോ കോൺഗ്രസോ താൽപര്യവും കാണിച്ചില്ല.

വനിതകൾക്കു മൂന്നിലൊന്നു സീറ്റുകൾ സംവരണം ചെയ്യുമ്പോൾ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിനു കൂടുതൽ സീറ്റുകൾ അനുവദിക്കാനുള്ള ഉപസംവരണത്തിനു വഴിതെളിക്കുമോയെന്നു ചിലർ ഭയപ്പെട്ടു.

പാർലമെന്റിൽ വനിതാ സംവരണ ബിൽ കൊണ്ടുവരികയും പ്രതിഷേധങ്ങൾക്കിടയിൽ പാസാകാതെ പോകുകയും ചെയ്യുന്ന കപടനാടകങ്ങളാണ് 1996 മുതൽ നടക്കുന്നത്. സ്‌ത്രീകൾക്കു മൂന്നിലൊന്നു സംവരണം ലഭിച്ചാൽ ദലിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്കു പ്രാതിനിധ്യം ലഭിക്കില്ലെന്നും വരേണ്യവർഗത്തിൽപ്പെട്ട വനിതകൾ ഈ സീറ്റുകൾ കയ്യടക്കുമെന്നുമാണു എതിർക്കുന്നവരുടെ വാദം.

സംവരണം വന്നാൽ കുറഞ്ഞതു 180 ലേറെ വനിതാ എംപിമാരാകും. സംവരണമില്ലാത്ത മണ്ഡലങ്ങളിലും സ്‌ത്രീകൾക്കു മൽസരിക്കാമെന്നതിനാൽ എണ്ണം കൂടുമെന്നു എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

Elections2019women7

കേരളത്തിൽ നിന്ന് 8 വനിതകൾ

ഏഴ് പതിറ്റാണ്ടിനിടയിൽ കേരളത്തിൽനിന്ന് ലോക്സഭയിലെത്തിയത് എട്ടു വനിതകൾ മാത്രം. കേരള രൂപീകരണത്തിന് മുമ്പു നടന്ന  1951ലെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്ന് ആനി മസ്ക്രീൻ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചു. എട്ടിൽ അഞ്ചുപേരെയും വിജയിപ്പിച്ചത് സിപിഎം, ഒരാളെ സിപിഐയും. സംസ്ഥാന രൂപീകരണത്തിനുശേഷം കോൺഗ്രസ് ഒരു വനിതയെ മാത്രമാണു ലോക്സഭയിൽ എത്തിച്ചത്– സാവിത്രി ലക്ഷ്മണൻ.

∙ ആനി മസ്ക്രീൻ* – സ്വതന്ത്ര (തിരുവനന്തപുരം 1952–56)

∙ സുശീല ഗോപാലൻ – സിപിഎം (അമ്പലപ്പുഴ 1967–71), ആലപ്പുഴ (1980–84), ചിറയിൻകീഴ് (1991–96)

∙ കെ.ഭാർഗവി തങ്കപ്പൻ – സിപിഐ (അടൂർ 1971–77)

∙ സാവിത്രി ലക്ഷ്മണൻ – കോൺഗ്രസ് (1989–91,1991–96)

∙ എ.കെ.പ്രേമജം – സിപിഎം (വടകര 1998–99, 1999–04)

∙ പി.സതീദേവി – സിപിഎം (വടകര 2004–09)

∙ സി.എസ്.സുജാത– സിപിഎം (മാവേലിക്കര 2004–09)

∙ പി.കെ.ശ്രീമതി– സിപിഎം (കണ്ണൂർ 2014–19)

*തിരു–കൊച്ചി (ആനി മസ്‌ക്രീൻ കോൺസ്‌റ്റിറ്റൂവന്റ് അസംബ്ലിയിലും (1948-50) അംഗമായിരുന്നു)

4 രാജ്യസഭാംഗങ്ങൾ

∙ കെ.ഭാരതി ഉദയഭാനു (കോൺഗ്രസ്) – 1954–58, 1958–64

∙ ദേവകി ഗോപീദാസ് (കോൺഗ്രസ്) – 1962–68

∙ ലീല ദാമോദര മേനോൻ (കോൺഗ്രസ്) – 1974–80

∙ ഡോ. ടി.എൻ.സീമ (സിപിഎം) – 2010–16

കേരളത്തിനു പുറത്തുനിന്ന് 1952 മുതൽ 1966 വരെ മൂന്നു തവണ ലക്ഷ്മി എന്‍.മേനോനും (ബിഹാർ), 1957– 60ൽ അമ്മു സ്വാമിനാഥനും (തമിഴ്നാട്) കോൺഗ്രസ് എംപിമാരായി.

Elections2019women6

വനിതാ സംവരണ ബിൽ: നാൾവഴി

∙ 1929: വനിതാ സംവരണം പിന്തിരിപ്പന്‍ നടപടിയായും സ്ത്രീകളുടെ അന്തസ്സിനെ ദോഷകരമായി ബാധിക്കുന്നതായും കരുതി നിരസിച്ചു.

∙ 1939-40: ദേശീയ ആസൂത്രണ കമ്മിറ്റിയുടെ വനിതാ സബ്കമ്മിറ്റി ഈ ആശയം വീണ്ടും നിരസിച്ചു.

∙ 1970: ഇന്ത്യയിലെ സ്ത്രീകളുടെ പദവിയെപ്പറ്റിയുള്ള കമ്മിറ്റി സ്ത്രീകള്‍ക്ക് തുല്യപദവി അംഗീകരിച്ചെങ്കിലും വനിതാ സംവരണം പിന്തിരിപ്പന്‍ ആശയമായി കണ്ട് എതിര്‍ത്തു.

∙ 1974: വിദ്യാഭ്യാസ സാമൂഹികക്ഷേമ മന്ത്രാലയം ഇന്ത്യയിലെ വനിതകളുടെ അവസ്‌ഥ സംബന്ധിച്ചു പഠിക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ടിൽ പാർലമെന്റിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ച് ആദ്യപരാമർശം. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽ വനിതകൾക്കു നിശ്‌ചിത ശതമാനം സീറ്റ് സംവരണത്തിനു ശുപാർശ.

∙ 1993: ഭരണഘടനയുടെ 73, 74 ഭേദഗതികളിലൂടെ തദ്ദേശ സ്‌ഥാപനങ്ങളിൽ വനിതകൾക്കു മൂന്നിലൊന്നു സീറ്റ് സംവരണം.

Elections2019women5

∙ 1996 സെപ്‌റ്റംബർ 12: വനിതാ സംവരണ ബിൽ എച്ച്.ഡി.ദേവെഗൗഡ സർക്കാർ 81ാം ഭരണഘടനാ ഭേദഗതിയായി പാർലമെന്റിൽ അവതരിപ്പിക്കുന്നു. ബിൽ സിപിഐ എംപി ഗീത മുഖർജി അധ്യക്ഷയായ സംയുക്‌ത പാർലമെന്ററി സമിതിക്കു വിട്ടു.

∙ 1996 ഡിസംബർ ഒൻപത്: സംയുക്‌ത പാർലമെന്ററി സമിതി റിപ്പോർട്ട് ലോക്‌സഭയിൽ.

∙ 1998 ജൂൺ 26: എൻഡിഎ സർക്കാർ 84ാം ഭരണഘടനാ ഭേദഗതിയായി വനിതാ സംവരണ ബിൽ പന്ത്രണ്ടാം ലോക്‌സഭയിൽ അവതരിപ്പിച്ചു. വൈകാതെ വാജ്‌പേയി സർക്കാർ ന്യൂനപക്ഷമായി. ലോക്‌സഭ പിരിച്ചുവിട്ടു.

∙ 1999 നവംബർ 22: എൻഡിഎ സർക്കാർ പതിമൂന്നാം ലോക്‌സഭയിൽ ബിൽ വീണ്ടും അവതരിപ്പിക്കുന്നു. സമവായമുണ്ടാക്കാനായില്ല.

∙ 2002ലും 2003ലും ബിൽ വീണ്ടും സഭയുടെ പരിഗണനയ്‌ക്കെത്തിയെങ്കിലും കോൺഗ്രസും ഇടതുകക്ഷികളും പിന്തുണ വാഗ്‌ദാനം ചെയ്‌തിട്ടും പാസായില്ല.

∙ 2004 മേയ്: യുപിഎയുടെ പൊതു മിനിമം പരിപാടിയിൽ വാഗ്‌ദാനം ചെയ്‌തിരുന്ന വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കുമെന്നു സർക്കാർ പ്രഖ്യാപനം.

Elections2019women4

∙ 2008 മേയ് ആറ്: ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് നിയമ നീതികാര്യ സ്‌റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്‌ക്കു വിട്ടു.

∙ 2009 ഡിസംബർ 17: സ്‌റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് ഇരുസഭകളുടെയും മേശപ്പുറത്തു വച്ചു. പ്രതിഷേധവുമായി സമാജ്‌വാദി പാർട്ടി, ജെഡി (യു), ആർജെഡി രംഗത്ത്.

∙ 2010 ഫെബ്രുവരി 22: ബിൽ പാസാക്കാൻ തന്റെ സർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്നു രാഷ്‌ട്രപതി വ്യക്‌തമാക്കുന്നു.

∙ 2010 ഫെബ്രുവരി 25: കേന്ദ്രമന്ത്രിസഭ വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകുന്നു.

∙ 2010 മാർച്ച് എട്ട്: ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്നു. ബഹളത്തെത്തുടർന്നു വോട്ടെടുപ്പു മാറ്റിവച്ചു. എസ്‌പി, ആർജെഡി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്നു ഭീഷണി മുഴക്കി.

∙ 2010 മാർച്ച് ഒൻപത്: വൻ ഭൂരിപക്ഷത്തോടെ ബിൽ രാജ്യസഭ പാസാക്കി.

നിറയ്ക്കണം ആത്മവിശ്വാസം

ബില്ലിനെ അനുകൂലിക്കുമ്പോൾ തന്നെയും അതിൽ സവര്‍ണ മൂല്യങ്ങള്‍ ഒളിച്ചിരിപ്പുണ്ടെന്നു വാദിക്കുന്നവരുണ്ട്. വനിതകളില്‍ ഏറ്റവും ദുരിതം പേറുന്നവര്‍ പിന്നാക്ക, ന്യൂനപക്ഷ സ്ത്രീകളാകുമ്പോള്‍ അവര്‍ക്കു പ്രത്യേക ക്വാട്ട അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. രാഷ്ട്രീയ, കുടുംബ പാരമ്പര്യങ്ങളുടെ ചുവടുപിടിച്ച് പാർലമെന്റിൽ എത്തുന്നവരാണു കൂടുതൽ. സാധാരണക്കാരും ദരിദ്രരുമായ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് അവരില്‍ ആത്മവിശ്വാസം നിറയ്ക്കാൻ അവരിൽപ്പെട്ട സ്ത്രീനേതാക്കൾ ഉയർന്നുവരണമെന്നാണു വാദം.

തന്റെ സർക്കാരിന്റെ നിലനിൽപുപോലും അപകടത്തിൽപെടുത്തിയാണ് വനിതാബിൽ എന്ന ‘സാഹസത്തിന്’ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അന്നു തയാറായത്. ആദ്യ യുപിഎ സർക്കാരിന്റെ ഏറ്റവും ശക്‌തനായ വക്‌താവായിരുന്നു ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. നിർണായക ഘട്ടത്തിൽ പിന്തുണ നൽകി സർക്കാരിനെ നിലനിർത്തിയതു സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവും. വനിതാ ബിൽ പാസാക്കിയാൽ പിന്തുണ പിൻവലിക്കുമെന്ന് 2010ൽ ഇരു നേതാക്കളും യുപിഎയ്ക്കു താക്കീത് നൽകിയിട്ടും സോണിയ പിന്മാറിയില്ല.

വാക്കിനും വാഗ്‌ദാനത്തിനും വിലയുണ്ടെന്നു തെളിയിച്ചാണു സോണിയ ഗാന്ധിയുടെ നിർദേശത്താൽ ബിൽ രാജ്യസഭയിൽ വച്ചതും പാസാക്കിയെടുത്തതും. എന്നാൽ ലോക്സഭയിൽ പാസാക്കാൻ യുപിഎയ്ക്കു കഴിഞ്ഞില്ല. തുടർന്നുവന്ന, ബിജെപിയുൾപ്പെട്ട എൻഡിഎ സർക്കാരും വനിതാ സംവരണത്തിനു പ്രതിജ്ഞാബദ്ധരാണെന്ന് ആവർത്തിച്ചെങ്കിലും ബിൽ ലോക്സഭയിൽ കൊണ്ടുവരാൻ ശ്രമിച്ചില്ല. 

ഗ്രാമീണ സ്ത്രീകളെ ഉന്നമിട്ട് പാചകവാതകം, വീട്, ശുചിമുറി, പെൺകുട്ടികൾക്കായി ബേഠി പഠാവോ, ഗർഭിണികൾക്ക് പ്രസവാവധിയും 6000 രൂപ സഹായവും തുടങ്ങിയ പദ്ധതികൾ മോദി സർക്കാർ നടപ്പാക്കി. എന്നിട്ടും, ലോക്സഭയിൽ വൻ ഭൂരിപക്ഷമുണ്ടായിട്ടും രാജ്യത്തെ സ്ത്രീജീവിതത്തെ പുനർനിർവചിക്കാൻ മാന്ത്രികശേഷിയുള്ള വനിതാസംവരണ ബിൽ എന്തുകൊണ്ടാണ് മോദി സർക്കാർ നടപ്പാക്കാതിരുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല.

പുരുഷന്മാർക്കു മാത്രമല്ല സ്ത്രീകൾക്കും അവകാശപ്പെട്ടതാണു പാർലമെന്റ്. തദ്ദേശ സ്വയംഭരണ രംഗത്തു സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പാക്കിയപ്പോൾ അതവരിലും സമൂഹത്തിലും വലിയ മാറ്റങ്ങളുണ്ടാക്കി. പക്ഷേ, നിയമസഭയിലും ലോക്സഭയിലും സംവരണം ഇപ്പോഴും പടിക്കുപുറത്താണ്. അതായതു എല്ലാവരെയും ബാധിക്കുന്ന നിയമനിർമാണത്തിൽ രാജ്യത്തിന്റെ പാതിഭാഗത്തിന് ശബ്ദമില്ലെന്നർഥം.

സംവരണ നിയമം കൊണ്ടുവരാൻ സാധിക്കില്ലെങ്കിൽ തുല്യത നടപ്പാക്കി, സ്ത്രീകളെയും ഒപ്പം കൂട്ടിയുള്ള സാമൂഹിക നവോത്ഥാനത്തിനു പാർട്ടികൾ മുൻകൈ എടുക്കണം. അവസരങ്ങൾ ഇല്ലാതാകുമെന്നു പേടിച്ച് എത്രകാലം ഇങ്ങനെ ഭയന്നുപോകാനാകും പുരുഷപ്രജകളേ?– മുഷ്ടി ചുരുട്ടി പെൺശബ്ദങ്ങൾ മുഴങ്ങുകയാണ്.

പരമ്പര അവസാനിച്ചു.

English Summary: Women's reservation in politics back on the agenda, Lok Sabha Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com