ബഹന്ജിയുടെ കാര്ക്കശ്യം: ബിജെപിയുടെ നേട്ടം, നഷ്ടം കോൺഗ്രസിന്റേതും
Mail This Article
ഇന്ത്യൻ ജനാധിപത്യത്തിന്റെ അദ്ഭുതമെന്നാണു മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു മായാവതിയെ വിളിച്ചത്. ലളിതസാഹചര്യങ്ങളിൽ ജനിച്ചു വളർന്ന അവർ 1995ൽ ആദ്യമായി യുപി മുഖ്യമന്ത്രിയായപ്പോഴായിരുന്നു അത്. പിന്നീടു മൂന്നു വട്ടം കൂടി മായാവതി ‘അദ്ഭുതം’ പ്രവർത്തിച്ചു. നാലാം തവണ മുഖ്യമന്ത്രി പദത്തിൽ 5 വർഷം പൂർത്തിയാക്കുകയും ചെയ്തു. പ്രധാനമന്ത്രിയായി മായാവതി വീണ്ടും അദ്ഭുതം കാട്ടുമോയെന്ന് ഇപ്പോൾ ഉറപ്പിക്കാനാവില്ല. എങ്കിലും കൗതുകകരമായ ഒരു പതിവ് അവർ ഇത്തവണയും തുടരുന്നു: പ്രമുഖ സംസ്ഥാനങ്ങളിലെല്ലാം ബിഎസ്പി മത്സരരംഗത്തുണ്ട്.
ദേശീയ ശക്തി?
യുപിക്കു പുറത്തു തന്നാലായതു പോലും ചെയ്യാനാവാത്ത അണ്ണാറക്കണ്ണനാണു ബിഎസ്പി. എങ്കിലും മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ആന്ധ്ര, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ ഒറ്റയ്ക്കോ ചെറുകക്ഷികളെ കൂട്ടുപിടിച്ചോ ബിഎസ്പി രംഗത്തുണ്ട്. ഒരു ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ 7–10 കോടി രൂപ വേണമെന്നാണു രാഷ്ട്രീയ പാർട്ടികളുടെ കണക്ക്. വോട്ടു കിട്ടാൻ പണം വാരിയെറിയേണ്ട സംസ്ഥാനങ്ങളായാൽ ചെലവു കൂടും. പോട്ടെ, കാടിളക്കി പ്രചാരണം നടത്താതെ മത്സരിച്ചാലും കാലിക്കീശ പോര.
503 = 0
2014ൽ മായാവതി മത്സരിച്ചത് 503 ലോക്സഭാ സീറ്റുകളിലേക്കാണ്. ജയിച്ചതു 0. യുപിയിലെ തോൽവി അപ്രതീക്ഷിതമായിരുന്നെങ്കിലും യുപിക്കു പുറത്തേത് അങ്ങനെയായിരുന്നില്ല. 2009ൽ അഞ്ഞൂറോളം സീറ്റുകളിൽ മാറ്റുരച്ചപ്പോൾ 21 സീറ്റു കിട്ടി. യുപിയിൽനിന്ന് 20, മധ്യപ്രദേശിൽനിന്ന് 1. കഴിഞ്ഞ 5 വർഷത്തിനിടെ 15 നിയമസഭാ തിരഞ്ഞെടുപ്പുകളിലായി ആയിരത്തഞ്ഞൂറോളം സീറ്റുകളിൽ ബിഎസ്പി സ്ഥാനാർഥികൾ മത്സരിച്ചു. ജയിച്ചതു 13.
രസതന്ത്രവും കണക്കും
മഹാരാഷ്ട്രയിലും ഉത്തരാഖണ്ഡിലും എസ്പി, ആന്ധ്രയിലും തെലങ്കാനയിലും പവൻ കല്യാണിന്റെ ജനസേന, ഹരിയാനയിൽ ബിജെപി വിമതൻ രാജ്കുമാർ സയ്നിയുടെ എൽഎസ്പി, പഞ്ചാബിൽ പഞ്ചാബ് ഏകതാ പാർട്ടി തുടങ്ങിയവരുമായാണ് ഇത്തവണ കൂട്ടുകെട്ട്. ഇവരൊന്നും ബിഎസ്പിക്കു സീറ്റു നേടിക്കൊടുക്കാൻ കെൽപുള്ളവരല്ല.
വിവിധ കക്ഷികളുമായി സൃഷ്ടിച്ച രസതന്ത്രത്തിലൂടെ മായാവതി കൂട്ടിയെടുക്കുന്ന കണക്ക്, ദോഷകരമായി ബാധിക്കാനിടയുള്ളതു കോൺഗ്രസിനെയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഡഗിലും കോൺഗ്രസിന്റെ തിരിച്ചുവരവു ബിഎസ്പിക്കു ശുഭകരമല്ല. പ്രിയങ്ക ഗാന്ധിയുടെ വരവിനെയും വിവിധ ദലിത് പാർട്ടികളുമായി കോൺഗ്രസ് നടത്തുന്ന ആശയവിനിമയത്തെയും അവർ ആശങ്കയോടെ കാണുന്നു. കോൺഗ്രസുമായി കൂട്ടുചേർന്നാൽ അടിസ്ഥാന വോട്ടുകളിൽ വീണ്ടും ചോർച്ചയുണ്ടാകാം. ബിഹാറിൽ മഹാസഖ്യത്തോടൊപ്പം നിൽക്കാനുള്ള ക്ഷണം മായാവതി നിരസിക്കുകയായിരുന്നു.
നേട്ടം ബിജെപിക്ക്
ബഹൻജിയുടെ കർക്കശ നിലപാടിൽ നേട്ടം ബിജെപിക്കാണ്. കഴിഞ്ഞ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 10 സിറ്റിങ് സീറ്റുകളിലെങ്കിലും കോൺഗ്രസിന്റെ തോൽവിക്കു വഴിയൊരുക്കിയതു ബിഎസ്പിയാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നിസാര വോട്ടുകൾക്കു 16 സീറ്റിൽ കോൺഗ്രസ് പരാജയപ്പെട്ടപ്പോഴും ബിഎസ്പിയുടെ പങ്കു ചെറുതായിരുന്നില്ല. വിവിധ സംസ്ഥാനങ്ങളിൽ മായാവതി ശക്തമായി രംഗത്തിറങ്ങിയാൽ ഭീഷണി കോൺഗ്രസിനു തന്നെ.
റെയ്ഡ് രാഷ്ട്രീയം
നോട്ട് റദ്ദാക്കലിനു ശേഷം ബിഎസ്പി അക്കൗണ്ടിൽ കോടിക്കണക്കിനു രൂപയെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയിരുന്നു. മായാവതിയുടെ സഹോദരന്റെ ബാങ്ക് അക്കൗണ്ട് സമ്പന്നമായെന്നും.
കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് 17 വർഷം പഴക്കമുള്ള ഒരു കേസ് പുനഃരാരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു മായാവതിയുടെ സെക്രട്ടറിയായിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഡൽഹിയിലെയും ലക്നൗവിലെയും വസ്തുവകകളിൽ വ്യാപകമായ റെയ്ഡുണ്ടായി. കോൺഗ്രസുമായി ഒരിടത്തും കൂട്ടുകെട്ടില്ലെന്നു മായാവതി പ്രഖ്യാപിച്ചതും ഐടി റെയ്ഡുകളും തമ്മിൽ ബന്ധമുണ്ടെന്നു കരുതുന്നവരുണ്ട്.
ത്രിശങ്കു വനിതകൾ
ത്രിശങ്കു പാർലമെന്റുണ്ടായാൽ, ഒറ്റ നോട്ടത്തിൽ, മായാവതിയെക്കാൾ സാധ്യത മമത ബാനർജിക്കാണ്. 2014ൽ മായാവതിയുടെ ബിഎസ്പി ടിക്കറ്റിൽ ഒരാൾ പോലും ലോക്സഭയിലെത്തിയിരുന്നില്ല. മമത 34 പേരെ ലോക്സഭയിലെത്തിച്ചു. ഇത്തവണയും മമതയുടെ കോട്ടയിൽ കാര്യമായ വിള്ളലുണ്ടാക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞേക്കില്ല. എന്നാൽ, എസ്പിയുമായി ചേർന്നു യുപിയിൽ അറുപതോളം സീറ്റുകൾ കൈക്കലാക്കിയാൽ മായാവതിക്കു സാധ്യത തെളിയും. അവർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്നതിനർഥം പ്രധാനമന്ത്രിയാകാൻ താൽപര്യമില്ലെന്നല്ല. രാഷ്ട്രീയചിത്രം തെളിയാൻ കാത്തിരിക്കുന്നുവെന്നു മാത്രമാണ്.