ആരാധകർ മോദിക്ക്; കയ്യടി രാഹുലിന്: ഡിജിറ്റൽപ്പോരിന്റെ കാണാപ്പുറം

HIGHLIGHTS
  • സമൂഹമാധ്യമങ്ങളിലെ ഡേറ്റ ഉപയോഗിക്കുമ്പോൾ 'സെന്റിമെന്റ് അനാലിസിസ്' നോക്കാറുണ്ട്
  • ഇന്ത്യയിൽ ഫെയ്സ്ബുക്കിലൂടെ വാർത്ത അറിയുന്നവർ 16%; വാട്സാപ്പിലൂടെ 52%
narendra-modi-rahul-gandhi-social-media
നരേന്ദ്ര മോദി, രാഹുൽ ഗാന്ധി
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ പിന്തുടരുന്നത് 46.8 ദശലക്ഷം പേർ. ട്വിറ്റർ സജീവതയിൽ ലോകനേതാക്കളിലെ മുൻനിരയിലുള്ള മോദി എന്തു പോസ്റ്റിട്ടാലും ലക്ഷക്കണക്കിനു പേർക്കു നോട്ടിഫിക്കേഷൻ വരും. രാഹുൽ ഗാന്ധിയുടെ ട്വിറ്റർ ഫോളോവേഴ്സ് 9.19 ദശലക്ഷം. തന്റെ സർക്കാരിനെതിരായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനത്തിന് അതേ നാണയത്തിലാണു മോദി തിരിച്ചടിച്ചത്. ‘മേം ഭി ചൗക്കിദാർ (ഞാനും കാവൽക്കാരൻ)’ എന്ന ഹാഷ്‌ടാഗിലൂടെ മോദി പ്രതിരോധം തീർത്തു.

#Mainbhichowkidar എന്ന ഹാഷ്‌ടാഗും വിഡിയോയും ട്വിറ്ററിൽ ട്രെൻഡിങ്ങായി. ഒപ്പം പ്രധാനമന്ത്രി പേര് പരിഷ്കരിച്ചു, ചൗക്കിദാർ നരേന്ദ്ര മോദി. പിന്നാലെ ബിജെപി നേതാക്കളെല്ലാം ചൗക്കിദാർ ചേർത്ത് പേരുമാറ്റി. വാർത്താ തലക്കെട്ടുകളിൽ ചൗക്കിദാർ ഇടം നേടി. കോൺഗ്രസും വിട്ടുകൊടുത്തില്ല. ‘കാവൽക്കാരൻ കള്ളനാണ്’ (ചൗക്കിദാർ ചോർ ഹെ– #Chowkidarchorhai) എന്ന ഹാഷ്ടാഗിലൂടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കളം പിടിച്ചു. രണ്ടു പ്രചാരണവും അനുയായികൾ ഏറ്റെടുത്തു.

ട്വീറ്റിന് കിട്ടിയ ഇഷ്ടങ്ങൾ

മാർച്ച് 16ന് രാവിലെ 9ന് ആണ് മോദി #Mainbhichowkidar ട്വീറ്റ് ചെയ്തത്. 161K ലൈക്ക്, 56.3K റീട്വീറ്റ്, 31.5K കമന്റ് എന്നിവ ഈ ട്വീറ്റ് നേടി. ഈ ഹാഷ്ടാഗിന് 746 യുണീക് ട്വീറ്റുകളും റീട്വീറ്റുകളും കമന്റുകളും കിട്ടിയെന്നാണ് ഏപ്രിൽ 9 വരെയുള്ള ഫലങ്ങളെക്കുറിച്ച് ഇന്ത്യ ടുഡെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. അതേദിവസം മോദിയെ പരിഹസിച്ചു രാഹുൽ രംഗത്തെത്തി. ആ ട്വീറ്റിന് ലൈക്ക് 46K, കമന്റ് 17K, റീട്വീറ്റ് 15K എന്നിങ്ങനെയാണു കിട്ടിയത്.

നേരത്തേ മുതലുള്ള വിമർശനവാക്യമായ #ChowkidarChorHai ഉൾപ്പെടുത്തി അടുത്തദിവസം രാഹുൽ ട്വീറ്റ് ചെയ്തു. 45K ലൈക്ക്, 15K കമന്റ്, 13K റീട്വീറ്റ് എന്നിങ്ങനെയാണ് ട്വീറ്റ് നേടിയത്. #Chowkidarchorhai, #Chowkidarhichorhai എന്നീ രണ്ട് ‌ഹാഷ്ടാഗുകളും കൂടി നേടിയത് 661 ഒറിജിനൽ കണ്ടന്റ് ട്വീറ്റുകൾ. മോദിയുടെയും രാഹുലിന്റെയും ട്വിറ്ററിലെ ബോട്ടുകളും വ്യാജ അക്കൗണ്ടുകളും ഒഴിവാക്കിയ ശേഷമുള്ള കണക്കാണിത്.

സമൂഹമാധ്യമങ്ങളിലെ ഡേറ്റ ഉപയോഗിക്കുമ്പോൾ ‘സെന്റിമെന്റ് അനാലിസിസും’ നോക്കാറുണ്ട്. ഓരോ വിഷയത്തോടും ഉപയോക്താക്കൾ എന്തു വികാരമാണു പ്രകടിപ്പിച്ചത് എന്നറിയാനുള്ള മാർഗം. #Mainbhichowkidar പ്രചാരണത്തോടു 14.3% പേരാണു പോസിറ്റീവായി പ്രതികരിച്ചത്. 28.6% നിഷേധ മനോഭാവം (നെഗറ്റീവ്) കാണിച്ചപ്പോൾ 57.1% പേർ നിസംഗത (ന്യൂട്രൽ) പ്രകടിപ്പിച്ചു.

സെന്റിമെന്റ് അനാലിസിസ് കണക്കിൽ മോദിയെ രാഹുൽ മറികടക്കുന്നതു കാണാം. #ChowkidarChorHai പ്രചാരണത്തോട് 60% പേരും പോസിറ്റീവായിരുന്നു. 30% ന്യൂട്രലായും 10% പേർ നെഗറ്റീവായും പ്രതികരിച്ചു. ബിജെപിയുടെ സോഷ്യൽമീഡിയ സംഘത്തിന് ആശങ്കയുണ്ടാക്കുന്നതാണ് ഈ വിശകലനം. ഈ വൈകാരിക നേട്ടവും പോസിറ്റീവ് മനോഭാവവും വോട്ടാക്കാമോ എന്നാണു കോൺഗ്രസ് ചിന്ത.

വാട്സാപ്പിന്റെ പ്രത്യേകത

എൻഡ് ടു എൻഡ് ഡിസ്ക്രിപ്ഷൻ (അയയ്ക്കുന്ന വ്യക്തിക്കും സ്വീകരിക്കുന്ന ആൾക്കും മാത്രം കാണാവുന്ന) രീതിയാണു വാട്സാപ്പിന്റേത്. ഫെയ്സ്ബുക്കും ട്വിറ്ററും ഒരു സമൂഹത്തെയാകെ ഉന്നം വയ്ക്കുമ്പോൾ, വാട്സാപ് വ്യക്ത്യധിഷ്ഠിതമാണ്. ഓരോ പ്രദേശത്തിനും ജനക്കൂട്ടത്തിനും ആളുകൾക്കും അനുസരിച്ചു മാറ്റം വരുത്തിയ പോസ്റ്റുകൾ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കാം എന്നതാണു വാട്സാപ്പിന്റെ പ്രത്യേകത.

ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തെ വാട്സാപ് ഉപയോഗത്തെപ്പറ്റി ഡിജിറ്റൽ എംപവർമെന്റ് ഫൗണ്ടേഷൻ പഠനം നടത്തിയിരുന്നു. 2014ൽ 36.7% ആയിരുന്ന വാട്സാപ് ഉപയോഗം 2019 ആയപ്പോൾ 63.2% ആയി കുതിച്ചുയർന്നു. വാർത്തയ്ക്കായി സമൂഹമാധ്യമങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. യുഎസുമായി താരതമ്യം ചെയ്യുമ്പോൾ വലിയ അന്തരം.

ഇന്ത്യയിൽ ഫെയ്സ്ബുക്കിലൂടെ വാർത്ത അറിയുന്നവർ 16% ആണ്; വാട്സാപ്പിലൂടെ 52% പേരും. യുഎസിൽ ഇത് യഥാക്രമം 7%, 4% മാത്രം. ഇന്ത്യയിൽ 18–25 വയസ്സുകാരിലെ വാട്സാപ് ഉപയോഗം 2018ൽ 49%, 26–35 പ്രായക്കാരിൽ 35%, 36–55 പ്രായക്കാരിൽ 17% എന്നിങ്ങനെയാണ്. വ്യക്തിപരമായതിനാൽ എളുപ്പത്തിൽ വിശ്വസിക്കും എന്നതാണു വാട്സാപ് സന്ദേശങ്ങളുടെ പ്രത്യേകതയും അപകടവും.

സംഭ്രമജനകമായതും അഴിമതിയെപ്പറ്റിയുള്ളതും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇന്ത്യയിൽ വാട്സാപ്പിലൂടെ കൂടുതൽ പങ്കുവയ്ക്കപ്പെടുന്നത്– 36.5%. ദേശീയതയും കെട്ടുകഥയുമാണു രണ്ടാമത്– 29.9%. സമകാലീന സംഭവങ്ങളും വാർത്തകളും 22.4% പേരും പങ്കുവയ്ക്കുന്നു. മറ്റുള്ള വിഷയങ്ങൾ പ്രചരിപ്പിക്കുന്നവർ 11.2%. ആൾക്കൂട്ടക്കൊല ഉൾപ്പെടെയുള്ള ആക്രമണങ്ങളിലേക്കു രാജ്യത്തെ എത്തിക്കാനാവുന്ന സ്ഫോടകശേഷിയുണ്ടെന്നു വാട്സാപ് പലവട്ടം തെളിയിച്ചിട്ടുണ്ട്..

സോഷ്യല്‍‌മീഡിയ നിരീക്ഷണത്തിലാണ്

പൊതുതിരഞ്ഞെടുപ്പിനു ചൂടേറിയിരിക്കെ സോഷ്യല്‍മീഡിയ വഴിയുള്ള വോട്ടുപിടിത്തവും കമന്‍റുകളും സൂക്ഷ്മ നിരീക്ഷണത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമനുസരിച്ച് രൂപീകരിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ സംസ്ഥാന, ജില്ലാതല കമ്മറ്റികൾക്കാണു നിരീക്ഷണ‌ ചുമതല. ഫെയ്‌സ്ബുക്, ട്വിറ്റര്‍, വാട്‌സാപ്, വെബ്‌സൈറ്റുകള്‍ തുടങ്ങിയവയെല്ലാം നിരീക്ഷണത്തിലുണ്ട്.

സ്ഥാനാർഥികളെ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങളും സഭ്യമല്ലാത്ത കമന്റുകളും അസത്യ പ്രചാരണവും പാടില്ല. വ്യാജ അക്കൗണ്ടുണ്ടാക്കി പ്രചാരണമരുത്. പരസ്യം നല്‍കുന്നതിനു മുന്‍കൂര്‍ അനുമതി വേണം. സോഷ്യല്‍മീഡിയ പ്രചാരണത്തിന്റെയും ഗ്രൂപ്പ് എസ്എംഎസിന്റെയും ചെലവുകണക്കു സൂക്ഷിക്കണം. ഇതു കമ്മിഷനു നൽകണം. നിയമലംഘനം നടത്തിയാൽ കര്‍ശന നടപടിയുണ്ടാവുമെന്നും കമ്മിഷൻ പറയുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ സമൂഹമാധ്യമങ്ങളിലെ രണ്ടിൽ ഒരാൾക്കുവീതം ലഭിച്ചു വ്യാജവാർത്ത. ആരാണു പിന്നിൽ, എങ്ങനെ തടയും? അതേപ്പറ്റി അടുത്തദിവസം

English Summary: How Social Media affects Lok Sabha Elections 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA