ADVERTISEMENT

ന്യൂഡൽഹി∙ നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഒൻപതു സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളും വീണ്ടും അധികാരത്തിലെത്തുന്നതിൽ ബിജെപിക്കു നിർണായകം. ഏപ്രിൽ 29നു തിരഞ്ഞെടുപ്പ് നടക്കുന്ന 72 സീറ്റിൽ 56ഉം 2014ൽ എൻഡിഎ നേടിയിരുന്നു. കോൺഗ്രസിനു ലഭിച്ചത് 2 സീറ്റ് മാത്രം. തൃണമൂലിനും ബിജെഡിക്കും ആറു വീതം സീറ്റുകളും 2014ൽ ലഭിച്ചു. എന്നാൽ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ലെന്നാണു കണക്കുകൾ നൽകുന്ന സൂചന.

രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഇത്തവണ ബിജെപിയും കോൺഗ്രസും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. അന്നു ലഭിച്ച സീറ്റുകളുടെ എണ്ണത്തിൽ പക്ഷേ രണ്ടു പാർട്ടികളും തമ്മിൽ നേരിയ വ്യത്യാസം മാത്രം.

മധ്യപ്രദേശിൽ ആകെയുള്ള 230 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത് 114 സീറ്റുകളായിരുന്നു. ബിജെപി 109ഉം. ഇരുപാർട്ടികളും സ്വന്തമാക്കിയ വോട്ടുകളും ഏകദേശം സമാസമം– കോൺഗ്രസിന് 40.9% വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപിക്ക് 41%.

Read: മധ്യപ്രദേശ് 2018 നിയമസഭാ തിരഞ്ഞെടുപ്പ് സമ്പൂർണ ചിത്രം

രാജസ്ഥാനിൽ ആകെയുള്ള 200 സീറ്റിൽ 100 എണ്ണം കോൺഗ്രസ് സ്വന്തമാക്കി, 73 സീറ്റുകൾ ബിജെപിയും. എന്നാൽ ലഭിച്ച വോട്ടുകളുടെ എണ്ണത്തിൽ ഇരുപാർട്ടികളും തമ്മിൽ കാര്യമായ വ്യത്യാസമില്ല–കോൺഗ്രസിന് 39.3 ശതമാനവും ബിജെപിക്ക് 38.8ഉം. രാജസ്ഥാനിൽ 2018ലെ നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം പിൻതുടരാൻ സാധിച്ചാൽ ആകെയുള്ള 25 സീറ്റുകളിൽ നല്ലൊരു ഭാഗം നേടാൻ കോൺഗ്രസിന് സാധിക്കും. 2014ൽ ഒറ്റ സീറ്റുപോലും കോൺഗ്രസിന് ലഭിച്ചിരുന്നില്ല. 

Read: രാജസ്ഥാൻ 2018 നിയമസഭാ തിരഞ്ഞെടുപ്പ് സമ്പൂർണ ചിത്രം

മണ്ഡലങ്ങളുടെ അതിർത്തികൾ മാറി ഇത്തവണ ലോക്സഭാ സീറ്റുകളിലേക്കെത്തുമ്പോൾ  രണ്ടു പാർട്ടികളും തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളെത്തന്നെ മുൻനിർത്തിയാണു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കൈവിട്ടു പോയതെല്ലാം തിരിച്ചുപിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായുമാണു ബിജെപിയുടെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്. അതേസമയം, സാധാരണക്കാർക്കു സഹായ വാഗ്ദാനങ്ങളുമായി പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. പ്രചാരണം നയിച്ച് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയും. മധ്യപ്രദേശിൽ പാർട്ടിയുടെ സമുന്നത നേതാവും മുഖ്യമന്ത്രിയുമായ കമൽനാഥും രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും രാഹുലിനു പിന്തുണയുമായുണ്ട്.

Maharashtra-Lok-Sabha-Election-Map-2014
Legislative-Assembly-Election-results-2014

മഹാരാഷ്ട്രയിൽ നാലാം ഘട്ടത്തോടെ 48 സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് പൂർത്തിയാവുകയാണ്. 2014ലെ തിരഞ്ഞെടുപ്പിൽ 42 സീറ്റുകൾ നേടിയ ബിജെപി–ശിവസേന സംഖ്യത്തിനെതിരെ കോൺഗ്രസും എൻസിപിയും ചേർന്നാണ് ഇത്തവണ പോരാട്ടം. തിരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയിലെ 17 മണ്ഡലങ്ങളും എൻഡിഎക്കു നിർണായകമാണ്.

നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളിലെ എട്ടും ഒഡീഷയിലെ ആറും സീറ്റുകളിൽ ബിജെപി പ്രതീക്ഷ പുലർത്തുന്നുണ്ട്. ഒഡീഷയിൽ കഴിഞ്ഞ തവണ ഒരു സീറ്റും (ആകെ 21) ബംഗാളിൽ രണ്ടു സീറ്റുമാണ് (ആകെ 42) ബിജെപിക്കു ലഭിച്ചത്. കഴിഞ്ഞ തവണ വിജയിക്കാത്ത ഇടങ്ങളില്‍ ഇക്കുറി 60 സീറ്റ് പിടിക്കുമെന്ന അമിത് ഷായുടെ പ്രതീക്ഷകളിലും ബംഗാളും ഒഡീഷയുമുണ്ട്.

English summary: Lok Sabha elections: NDA’s big test today

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com