ADVERTISEMENT

കൂറുമാറ്റം, കൂട്ടത്തോടെ പാർട്ടി വിടൽ, കുതിരക്കച്ചവടം, രാഷ്ട്രപതി ഭരണം... സങ്കീർണമായിരുന്നു ഇക്കഴിഞ്ഞ അഞ്ചു വർഷത്തെ ഇന്ത്യൻ രാഷ്ട്രീയം. 2004നു ശേഷം 2009ൽ യുപിഎ തുടർഭരണത്തിലേറിയെങ്കിലും അഞ്ചു വർഷത്തിനപ്പുറം അതിശക്തമായ തിരിച്ചടിയായിരുന്നു കോൺഗ്രസിനെ കാത്തിരുന്നത്. 2009ൽ 262 സീറ്റ് പിടിച്ച യുപിഎക്ക് 2014ൽ ലഭിച്ചത് 60 സീറ്റുകൾ. അതിൽ 44 എണ്ണം മാത്രമായിരുന്നു കോൺഗ്രസിന്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഒറ്റയ്ക്കു കേവലഭൂരിപക്ഷം സ്വന്തമാക്കിയ 2014ൽ എൻഡിഎ സ്വന്തമാക്കിയത് 339 സീറ്റുകൾ– 2009ലെ 159സീറ്റിനും ഇരട്ടിയിലേറെ.

2014നു ശേഷം നടന്ന ഓരോ നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനങ്ങളിൽ അധികാരം പിടിച്ചെടുക്കാൻ പാർട്ടികൾ സ്വീകരിച്ച വഴികൾ ഇന്നേവരെ ഇന്ത്യ കാണാത്ത വിധമായിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും പല പാർട്ടികൾക്കും എതിരാളികളുടെ തന്ത്രങ്ങൾക്കു മുന്നിൽ അധികാരം കൈവിട്ടുപോയി. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്ന സംഭവം വരെയുണ്ടായി. അതിനിടെ കളങ്കമായി ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംഭവവും. ഇക്കഴിഞ്ഞ അഞ്ചു വർഷം തലക്കെട്ടുകളിൽ നിറഞ്ഞ ഇന്ത്യൻ രാഷ്ട്രീയത്തിലെ ആ സുപ്രധാന സംഭവവികാസങ്ങളിലൂടെ; ഇൻഫോഗ്രാഫിക് പരമ്പര ആരംഭിക്കുന്നു...

2014: ബിജെപി പിടിമുറുക്കുന്നു... 

അവിഭക്ത ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, സിക്കിം എന്നിവിടങ്ങളിലായിരുന്നു 2014ലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്നത്.

∙ 2014 ഏപ്രിൽ 30നും മേയ് ഏഴിനുമായിരുന്നു അവിഭക്ത ആന്ധ്ര പ്രദേശിലെ തിരഞ്ഞെടുപ്പ്. മേയ് 16ന് ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തോടൊപ്പം  ഇവിടങ്ങളിലെ ജനവിധിയുമെത്തി. ജൂൺ 2ന് ആന്ധ്ര വിഭജനത്തെത്തുടർന്ന് തെലങ്കാന രൂപീകരിക്കപ്പെട്ടു. തിരഞ്ഞെടുപ്പു ഫലമനുസരിച്ച് ആന്ധ്രയിലെ 175 അംഗ നിയമസഭയിലേക്ക് ടിഡിപി–ബിജെപി സഖ്യം (102+4)  ജയിച്ചു കയറി. തെലങ്കാനയിലെ 119 അംഗ നിയമസഭയിലേക്ക് 63 സീറ്റോടെ തെലങ്കാന രാഷ്ട്ര സമിതിയും(ടിആർഎസും) ജയിച്ചെത്തി. 

∙ ഒഡീഷയിൽ 117 സീറ്റ് നേടി ബിജു ജനതാദൾ സർക്കാർ രൂപീകരിച്ചു. 

∙ സിക്കിമിൽ എൻഡിഎ ഘടകകക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടാണ്(എസ്ഡിഎഫ്) 22 സീറ്റ് നേടി അധികാരത്തിലെത്തിയത്. 

Legislative-Assembly-Election-results-2014

∙ മഹാരാഷ്ട്രയിൽ ബിജെപി, ശിവസേന സഖ്യ സർക്കാർ (122+63) അധികാരത്തിലെത്തി. അധികാരത്തിലിരുന്ന കോൺഗ്രസ്–എൻസിപി സര്‍ക്കാരിനെ തോല്‍പിച്ചായിരുന്നു ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ അധികാരം പിടിച്ചെടുത്തത്. ഹരിയാനയിലും ജാർഖണ്ഡിലും ബിജെപി അധികാരം സ്വന്തമാക്കി. 

കേന്ദ്രത്തിൽ വീണ്ടും ബിജെപി വരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

∙ അരുണാചൽ പ്രദേശ് തിരഞ്ഞെടുപ്പിൽ 60 അംഗസഭയിൽ 42 സീറ്റ് നേടി കോൺഗ്രസ് വൻവിജയം നേടിയെങ്കിലും രണ്ടു വർഷത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപി അധികാരത്തിലേറുന്ന കാഴ്ചയാണ് ഇന്ത്യ കണ്ടത്.

∙ ജമ്മു–കശ്മീരിലും ചരിത്രത്തിലിന്നേവരെ ഇല്ലാത്തവിധം പിഡിപി ബിജെപിയുമായി കൈകോർത്ത് അധികാരം പിടിച്ചു. 2014ൽ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിൽ പാർട്ടികൾക്കും മുന്നണികൾക്കും അധികാരം താഴെക്കാണും വിധമായിരുന്നു. 

രാഷ്ട്രപതിഭരണത്തിൽ നിന്ന് എഎപിയിലേക്ക്

പുതിയ പാർട്ടിയായിട്ടും ജനമനസ്സുകളിലേക്ക് അതിവേഗമായിരുന്നു ഡൽഹിയിൽ ആം ആദ്മി പാർട്ടി (എഎപി)യുടെ കുതിച്ചുകയറ്റം. പക്ഷേ 2014ൽ ദേശീയ തലസ്ഥാന പ്രദേശത്തെ കാത്തിരുന്നത് രാഷ്ട്രപതി ഭരണമായിരുന്നു. 2013 ഡിസംബർ നാലിനായിരുന്നു ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബർ എട്ടിനു വോട്ടെണ്ണിയപ്പോൾ ചരിത്രം തിരുത്തി ആം ആദ്മി പാർട്ടി(എഎപി) അധികാരത്തിലെത്തി. 31 സീറ്റ് നേടിയ ബിജെപി, സർക്കാർ രൂപീകരണത്തിൽ നിന്നു പിന്മാറിയപ്പോഴാണു രണ്ടാമത്തെ കക്ഷിയായ എഎപിക്ക് (28 സീറ്റ്) അവസരം ലഭിച്ചത്. കോൺഗ്രസ് (8), ജെഡിയു (1) പാർട്ടികളും ഒരു കക്ഷിരഹിത എംഎൽഎയും എഎപിയെ പിന്തുണച്ചു. 

delhi assembly election results 2013 map

ഡിസംബർ 28നു സർക്കാർ രൂപീകരിച്ചു. പക്ഷേ 49 ദിവസത്തെ ഭരണത്തിനൊടുവിൽ 2014 ഫെബ്രുവരിയിൽ രാജി വയ്ക്കാനായിരുന്നു സർക്കാരിന്റെ വിധി. ഡൽഹി ജനലോക്‌പാൽ ബിൽ അവതരണത്തിനുള്ള അനുമതി നിയമസഭ വോട്ടിനിട്ടു തള്ളിയതിന്റെ പശ്‌ചാത്തലത്തിലാണു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ മന്ത്രിസഭ രാജിവച്ചത്. ഡൽഹി നിയമസഭയിൽ ഏതൊരു ബില്ലും അവതരിപ്പിക്കുന്നതിനു മുൻപു ലഫ്. ഗവർണർ മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നേടിയിരിക്കണമെന്ന വ്യവസ്‌ഥ നിലവിലുണ്ടായിരുന്നു. എഎപി സർക്കാരാകട്ടെ ലഫ്. ഗവർണറുടെ അനുമതി കൂടാതെ ബിൽ സഭയിൽ വച്ചു. 

ചട്ടങ്ങൾ ലംഘിച്ചു ബിൽ അവതരിപ്പിക്കാൻ കൂട്ടുനിൽക്കില്ലെന്നു കോൺഗ്രസും വ്യക്‌തമാക്കിയതോടെ സർക്കാരിന്റെ പതനം ഉറപ്പായി. ബിൽ അവതരിപ്പിക്കാൻ അനുമതി തേടിയപ്പോൾ, അനുമതി നൽകുന്നത് വോട്ടിനിടണമെന്നു പ്രതിപക്ഷവും കോൺഗ്രസും ആവശ്യപ്പെട്ടു. തുടർന്നു വോട്ടിനിട്ടപ്പോൾ 27ന് എതിരെ 42 വോട്ടുകൾക്കാണ് അവതരണാനുമതി തള്ളിയത്. സർക്കാർ രൂപീകരണത്തിനില്ലെന്നു ബിജെപി വീണ്ടും വ്യക്‌തമാക്കിയതിനു പിന്നാലെ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഇത് അവസാനിപ്പിച്ച് 2015 ഫെബ്രുവരി ഏഴിനു നടന്ന തിരഞ്ഞെടുപ്പിൽ എഎപി വീണ്ടും അധികാരത്തിലെത്തി– ഇത്തവണ പാർട്ടിക്കു ലഭിച്ചത് 67 സീറ്റുകൾ, ബിജെപിക്ക് മൂന്നും. കോൺഗ്രസിനാകട്ടെ സീറ്റൊന്നും ലഭിച്ചില്ല.  

delhi assembly election results 2015 map

2015: സഖ്യം ‘വിശാലം’ പക്ഷേ...

ഡൽഹി കൂടാതെ ബിഹാർ നിയമസഭയിലേക്കു മാത്രമായിരുന്നു 2015ൽ തിരഞ്ഞെടുപ്പ്. ബിജെപിക്കെതിരെ വിവിധ പാർട്ടികൾ ചേർന്ന് വിശാലസഖ്യം രൂപപ്പെടുത്തിയെങ്കിലും ബിഹാർ ഭരണം എൻഡിഎയുടെ കൈകളിലേക്കു തന്നെ തിരിച്ചെത്തുന്ന രാഷ്ട്രീയ നാടകങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി എസ്പി, ജെഡി(യു), ആർജെഡി, ജെഡി(എസ്), ഐഎൻഎൽഡി, എസ്ജെപി (ആർ) എന്നീ ആറു പാർട്ടികൾ ചേർന്ന് ‘ജനതാ പരിവാർ’ മുന്നണി രൂപീകരിച്ചു. ഇതിലേക്കു വൈകാതെ കോൺഗ്രസും എൻസിപിയുമെത്തി. ജെഡി(യു) തലവൻ നിതിഷ് കുമാറായിരുന്നു മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. എന്നാൽ ജനതാപരിവാറിൽ നിന്ന് എസ്പിയും ജെഡി എസും ഐഎൻഎൽഡിയും എസ്ജെപി(ആർ)യും വിട്ടുപോയതോടെ സഖ്യത്തിന് മഹാഗഡ്ബന്ധന്‍ (വിശാലസഖ്യം) എന്നായി പേര്. ബിജെപിക്കൊപ്പം എൽജെപിയും ആർഎൽഎസ്പിയും എച്ച്എഎം(സെക്യുലർ) പാർട്ടിയും ചേർന്നാണ് എൻഡിഎ സഖ്യത്തിനു കീഴിൽ മത്സരിച്ചത്. 

ദേശീയ രാഷ്ട്രീയത്തിൽത്തന്നെ അമ്പരപ്പു സൃഷ്ടിച്ചാണ് ലാലു പ്രസാദ് യാദവിന്റെ ആർജെഡിയും നിതീഷിന്റെ ജെഡിയുവും കോൺഗ്രസും ഉൾപ്പെടുന്ന വിശാലസഖ്യം 2015 നവംബറിൽ അധികാരം പിടിച്ചത്. അതും ആകെയുള്ള 243ൽ 178 സീറ്റുകൾ നേടി! 

ലാലുവിന്റെ മക്കളായ തേജസ്വി യാദവും തേജ് പ്രതാപും മന്ത്രിസഭയിൽ അംഗങ്ങളായി. എന്നാൽ ഭരണം ആരംഭിച്ചതിനു പിന്നാലെ പാർട്ടികൾ പല വഴിക്കാകുന്ന കാഴ്ചയാണുണ്ടായത്. ആർജെഡി നേതാക്കളിൽ ചിലർ കേസുകളിൽപ്പെട്ടതോടെ സർക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റു. അഴിമതിക്കേസിൽ തേജസ്വി യാദവ് കൂടി ഉൾപ്പെട്ടതോടെ നിതീഷ് രാജി ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലി ഭിന്നത ശക്തമാവുകയും 2017 ജൂലൈ 26ന് നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. രണ്ടുദിവസത്തിനകം എൻഡിഎ സഖ്യത്തോടൊപ്പം ചേർന്ന് ബിജെപി പിന്തുണയോടെ അദ്ദേഹം വീണ്ടും അധികാരമേറ്റു. 

17 വർഷം ബിജെപി സഖ്യകക്ഷിയായിരുന്ന ജെഡിയു, നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ബിജെപി തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് 2013ൽ മുന്നണി വിട്ടത്. നാലുവർഷത്തിനു ശേഷം വീണ്ടും എൻഡിഎയുടെ തോളിൽ കയ്യിടുകയും ചെയ്തു. നിലവിൽ 243 അംഗ ബിഹാർ നിയമസഭയിൽ ജെഡിയുവിനും ബിജെപിക്കും (70+53) കൂടി 123 എംഎൽഎമാരുണ്ട്. എൽജെപിയുടെ രണ്ട് സ്ഥാനാർഥികളും രണ്ടു സ്വതന്ത്രരും പിന്തുണയ്ക്കുന്നുണ്ട്. 122 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 

(പരമ്പര രണ്ടാം ഭാഗത്തിൽ 2016: ‘കൈ’ വിട്ട് കേരളം, കൈവിട്ട തന്ത്രങ്ങളുമായി ബിജെപി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com