രാഹുൽ പറഞ്ഞു: കസേര തെറിക്കും, സംശയം വേണ്ട; ഉൾക്കിടിലമായി മധ്യപ്രദേശ്, രാജസ്ഥാൻ

HIGHLIGHTS
  • മാറിമറിഞ്ഞ ഇന്ത്യൻ രാഷ്ട്രീയ ചിത്രം– പരമ്പര 4
  • 2018ന്റെ അവസാന ഘട്ടത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്തു സംഭവിച്ചു?
Indian Elections
ഗ്രാഫിക്‌സ്: ജെയിൻ ഡേവിഡ്.എം.
SHARE

2018 ഡിസംബറിൽ 114 സീറ്റ് നേടി മധ്യപ്രദേശിലും 100 സീറ്റ് നേടി രാജസ്ഥാനിലും ഏറ്റവും വലിയ ഒറ്റക്കക്ഷികളായെങ്കിലും പാർട്ടിക്കുള്ളിലെ ഉൾപ്പോര് രണ്ടിടത്തും കോൺഗ്രസിനു വിനയാകേണ്ടതായിരുന്നു. എന്നാൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സമയോചിത ഇടപെടൽ ഹിന്ദി ഹൃദയഭൂമിയിലെ നിർണായക സംസ്ഥാനങ്ങളിൽ കോൺഗ്രസിനു രക്ഷയായി. മധ്യപ്രദേശിൽ 109 സീറ്റാണ് ബിജെപി നേടിയത്. രാജസ്ഥാനിൽ 73ഉം. കുതിരക്കച്ചവടത്തിന്റെയും പ്രാദേശിക പാർട്ടികളുമായി ചേർന്നു ബിജെപിയുടെ സഖ്യപരീക്ഷണത്തിന്റെയും സാധ്യതകൾ തെളിഞ്ഞതോടെ ഇരു സംസ്ഥാനങ്ങളിലേക്കുമായി സുപ്രധാന നേതാക്കളെ രാഹുൽ നിയോഗിച്ചു.

മധ്യപ്രദേശിലേക്ക് നിരീക്ഷകനായി അയച്ചത് എ.കെ.ആന്റണിയെ, രാജസ്ഥാനിലേക്ക് കെ.സി.വേണുഗോപാലിനെയും. അതിനിടെ പാർട്ടിക്കുള്ളിൽ നിന്നുള്ള ‘ഭീഷണി’യും കോൺഗ്രസിനു നേരിടേണ്ടി വന്നു. മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടിയായിരുന്നു ഇരു സംസ്ഥാനങ്ങളിലെയും പോര്. ‘ഗോവ ആവർത്തിക്കരുത്, കർണാടക ആവർത്തിക്കണം’ എന്ന രാഹുലിന്റെ നിർദേശവുമായി എത്തിയ നേതാക്കൾക്ക് ഒരേസമയം സ്വന്തം പാർട്ടിയിലുള്ളവരെ അനുനയിപ്പിക്കുകയും ബിജെപിയെ പ്രതിരോധിക്കുകയും ചെയ്യേണ്ടി വന്നു. പക്ഷേ അവസാന നിമിഷം ഭരണം നഷ്ടപ്പെട്ട ഗോവയിലെ ദുരനുഭവമുണ്ടാകരുതെന്നും കർണാടകയിലേതു പോലെ ഭരണം ഉറപ്പാക്കണമെന്നുമുള്ള സന്ദേശമാണ് രാഹുൽ നൽകിയിരുന്നത്.

ഉൾക്കിടിലമായി കോൺഗ്രസിലെ ഉൾപ്പോര്

ദേശീയ നേതാക്കൾ സംസ്ഥാനതലത്തിൽ നടത്തിയ ഇടപെടലുകൾ ഫലപ്രദമാകാതെ വന്നതോടെ മുഖ്യമന്ത്രിപദത്തിന് അവകാശവാദം ഉന്നയിച്ച് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും പ്രബല നേതാക്കൾ ഡൽഹിയിലെത്തി. നേരത്തേ രണ്ടു തവണ രാജസ്ഥാൻ മുഖ്യമന്ത്രായിയ അശോക് ഗെലോട്ടായിരുന്നു ആദ്യം കൂടിക്കാഴ്ചയ്ക്ക് എത്തിയത്. മുഖ്യമന്ത്രിപദം ലഭിക്കാതെ പിന്നോട്ടില്ലെന്ന് ഉറച്ച നിലപാടെടുത്തു അദ്ദേഹം. ഇന്ദിരാ ഗാന്ധിയുടെ കാലം മുതൽ പാർട്ടിക്കൊപ്പമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പാർട്ടിക്കു നേട്ടമുണ്ടാക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ കഴിയും. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് നേടും. പാർട്ടിയിലും വോട്ടർമാർക്കിടയിലും സ്വീകാര്യനായ തന്നെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നും ഗെലോട്ട് പറഞ്ഞുവച്ചു.

എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിൽ രാഹുൽ അതൃപ്തനായിരുന്നു. ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായിട്ടും അതിന്റെ നേട്ടമുണ്ടായില്ല. സ്വതന്ത്രരും ബിഎസ്പിയും നേടിയ സീറ്റുകൾ കോൺഗ്രസിന്റെ നഷ്ടമാണെന്നും രാഹുൽ രൂക്ഷ ഭാഷയിൽ പ്രതികരിച്ചു. ചർച്ച കഴിഞ്ഞ് ഗെലോട്ട് ഇറങ്ങിയതിനു പിന്നാലെ സച്ചിൽ പൈലറ്റെത്തി. പിസിസി അധ്യക്ഷനെന്ന നിലയിൽ പാർട്ടിക്കായി അക്ഷീണം പ്രവർത്തിച്ചതു താനാണെന്നും ഡൽഹിയിൽ ദേശീയ നേതൃത്വത്തിന്റെ ഭാഗമായി നിന്ന ഗെലോട്ടിനെ മുഖ്യമന്ത്രിയായി കെട്ടിയിറക്കുന്നതു നീതിയല്ലെന്നുമായിരുന്നു സച്ചിന്റെ വാദം.

എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് വരെയുള്ള താൽക്കാലിക സംവിധാനമെന്ന നിലയിൽ ഗെലോട്ടിനു മുഖ്യമന്ത്രി പദം നൽകാമെന്നു രാഹുൽ നിർദേശം വച്ചു. അടുത്ത വർഷം കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ കേന്ദ്രമന്ത്രിയാക്കാം; അല്ലെങ്കിൽ മുഖ്യമന്ത്രിയാക്കുന്നതും അപ്പോൾ ആലോചിക്കാം. തൽക്കാലം വഴങ്ങുക – രാഹുലിന്റെ ഈ പരിഹാര ഫോർമുല എതിർക്കാതെ സച്ചിൻ തലയാട്ടി. 

ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ സച്ചിൻ അനുകൂലികൾ രാജസ്ഥാനിൽ പ്രതിഷേധവുമായി രംഗത്തെത്തി. എംഎൽഎമാർ രണ്ടു പക്ഷത്തായി. സാഹചര്യം വീണ്ടും സംഘർഷഭരിതമായതോടെ വീണ്ടും കൂടിക്കാഴ്ചകൾ. ഒടുവിൽ ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയാണ് സച്ചിനെ നേതൃത്വം അനുനയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു നേട്ടമുണ്ടാക്കിയില്ലെങ്കിൽ മുഖ്യമന്ത്രിക്കസേര തെറിക്കുമെന്നും സച്ചിനെ മുഖ്യമന്ത്രിയാക്കാൻ മടിക്കില്ലെന്നുമുള്ള മുന്നറിയിപ്പോടെയാണു ഗെലോട്ടിന്റെ ആവശ്യത്തിനു രാഹുൽ ഗാന്ധി വഴങ്ങിയതും.

സിന്ധ്യ X കമൽനാഥ്

മധ്യപ്രദേശിൽ പിസിസി അധ്യക്ഷനും ചിന്ത്വാഡ എംപിയുമായ കമൽനാഥും മുൻ കേന്ദ്രമന്ത്രി കൂടിയായ ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലായിരുന്നു പോര്. വിഷയം ചർച്ച ചെയ്യാൻ ആദ്യം രാഹുൽ വിളിച്ചുവരുത്തിയത് സിന്ധ്യയെ. മുഖ്യമന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്നു നിലപാടെടുത്ത സിന്ധ്യയെ സോണിയ ഗാന്ധിയും പ്രിയങ്കയും രാഹുലും ചേർന്നാണ് അനുനയിപ്പിച്ചത്. വൈകാതെ കമൽനാഥും ചർച്ചയ്ക്കെത്തി. സിന്ധ്യയെയും കമൽനാഥിനെയും ഒന്നിച്ചിരുത്തി നടത്തിയ ചർച്ച ഫലം കണ്ടു. മുതിർന്ന നേതാവെന്ന നിലയിൽ കമൽനാഥിന് അവസരം നൽകാൻ രാഹുൽ ഗാന്ധി തീരുമാനിക്കുകയായിരുന്നു.

പാതിരാത്രിയിലാണു കമൽനാഥിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമെത്തുന്നത്. നിയമസഭാകക്ഷി യോഗത്തിൽ ഭൂരിപക്ഷം എംഎൽഎമാരും കമൽനാഥിനു പിന്തുണയറിയിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെങ്കിലും സിന്ധ്യ സ്വീകരിച്ചില്ല.  6 മാസത്തിനുള്ളിൽ എംഎൽഎയാകേണ്ടതിനാൽ ചിന്ത്വാഡ എംപി സ്ഥാനം രാജിവച്ച കമൽനാഥ് ചിന്ത്വാഡ നിയമസഭാ മണ്ഡലത്തിൽ നിന്ന് ഉപതിരഞ്ഞെടുപ്പിനെ നേരിടുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവുമധികം ഭൂരിപക്ഷത്തിൽ (20,742) ജയിച്ച മണ്ഡലമാണ് ചിന്ത്വാഡ. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പ്.

മുഖ്യമന്ത്രി സ്ഥാനത്തേക്കു രാജസ്ഥാനിൽ സച്ചിനും മധ്യപ്രദേശിൽ സിന്ധ്യയും തുടക്കത്തിലേ രാഹുലിന്റെ മനസ്സിലുണ്ടായിരുന്നു. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഹിന്ദി ഹൃദയഭൂമിയിലെ അനുകൂല സാഹചര്യം ഊട്ടിയുറപ്പിക്കാൻ പരിചയസമ്പന്നർക്ക് അവസരം നൽകുന്നതാണ് ഉചിതമെന്ന ദേശീയ നേതാക്കളുടെ നിർദേശം അദ്ദേഹം ചെവിക്കൊള്ളുകയായിരുന്നു. മുഖ്യമന്ത്രിപദവി അനന്തമായി ആഗ്രഹിക്കരുതെന്നും ഭാവിയിൽ മുഖ്യമന്ത്രിക്കസേരയ്ക്ക് അർഹത സച്ചിനും സിന്ധ്യയ്ക്കുമാണെന്നും രാഹുൽ തീർത്തുപറഞ്ഞിട്ടുമുണ്ട്. കമൽനാഥിനും ഗെലോട്ടിനും ഈ ലോക്സഭാ തിരഞ്ഞെടുപ്പ് നിർണായകമാകുന്നതും അതുകൊണ്ടാണ്. തിരിച്ചടിയേറ്റാൽ സ്ഥാനം വരെ തെറിച്ചേക്കാം.

ഛത്തീസ്ഗഢിൽ കൃത്യമായ ഭൂരിപക്ഷത്തോടെ ജയിച്ചെങ്കിലും അവിടെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് തർക്കമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് ടി.എസ്. സിങ്ദേവ്, പിസിസി അധ്യക്ഷൻ ഭൂപേഷ് ഭാഗൽ, മുതിർന്ന നേതാക്കളായ താമ്രധ്വജ സാഹു, ചരൺദാസ് മഹന്ത് എന്നിവർ തമ്മിലായിരുന്നു മൽസരം. ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയുള്ള ഭൂപേഷ് ഭാഗലിനായിരുന്നു പക്ഷേ നറുക്കുവീണത്.

തെലങ്കാനയിലെ ‘പിരിച്ചുവിടൽ’ തന്ത്രം

2019 ജൂണിലാണു കാലാവധി അവസാനിക്കുകയെങ്കിലും  തെലങ്കാനയിലെ ആദ്യ നിയമസഭ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പിരിച്ചുവിടുന്നത് 2018 സെപ്റ്റംബറിലാണ്. തിരഞ്ഞെടുപ്പു നേരത്തേയാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) സർക്കാരിന്റെ തീരുമാനം. നേരത്തേ നടത്തിയാൽ ബുദ്ധിമുട്ടില്ലാതെ ജയിച്ചുകയറാമെന്ന അദ്ദേഹത്തിന്റെ വിലയിരുത്തൽ വിജയം കാണുകയും ചെയ്തു. ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യപ്രതിപക്ഷ നിരയെ (മഹാകൂടമി) മലർത്തിയടിച്ച ടിആർഎസ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ കരുത്തു തെളിയിച്ചു. 119ൽ ടിആർഎസ് 88 സീറ്റ് നേടി. പ്രതിപക്ഷ നിര 21ൽ തകർന്നടിഞ്ഞു–കോൺഗ്രസ്: 19, ടിഡിപി: 2. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎയ്ക്ക് 7 സീറ്റ്. ബിജെപിക്കും ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിനും ഓരോ സീറ്റ് വീതം. ഒരിടത്ത് സ്വതന്ത്രനും ജയിച്ചു.

അതിനിടെ, ആന്ധ്ര പ്രദേശിനു പ്രത്യേക സംസ്ഥാന പദവി നൽകണമെന്നുള്ള ആവശ്യം കേന്ദ്ര സർക്കാർ തള്ളിയതിനെ തുടർന്ന് 2018 മാർച്ചിൽ എൻ.ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിച്ചിരുന്നു. 2019ലെ ലോക്സഭാ–നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്കു മത്സരിക്കുന്ന ടിഡിപിക്കെതിരെ മുന്നില്‍ നിൽക്കുന്ന പാർട്ടികളിൽ ബിജെപിയുമുണ്ട്. ഏതുവിധേയനയും എൻഡിഎ അധികാരത്തിലെത്തുന്നത് തടയിടാൻ നിലവിൽ മുന്നിൽ നിൽക്കുന്നത് നായിഡുവാണ്. 

അശാന്തിയുടെ കശ്മീർ രാഷ്ട്രീയം

2014ൽ കശ്‌മീർ തിരഞ്ഞെടുപ്പുഫലം വന്ന് 52–ാം ദിവസമാണു നിയമസഭയിൽ ഒന്നും രണ്ടും  സ്‌ഥാനത്തുള്ള പിഡിപിയും (28 സീറ്റ്) ബിജെപിയും (21 സീറ്റ്) തമ്മിൽ ധാരണയിലെത്തുന്നത്. മൂന്നു വർഷത്തിലേറെ സഖ്യം ചേർന്നു ഭരിച്ചതിനൊടുവിൽ ഇരുകൂട്ടരും വഴിപിരിഞ്ഞു. 2018 ജൂണിലായിരുന്നു അത്. പിന്നാലെ ഗവർണർ ഭരണവും ആറുമാസം കഴിഞ്ഞപ്പോൾ ഡിസംബറിൽ രാഷ്ട്രപതി ഭരണവും ഏർപ്പെടുത്തി. അതിനിടെ, 2016ൽ ഹിസ്ബുൽ മുജാഹിദീൻ നേതാവ് ബുർഹാൻ വാണി സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചു നടത്തിയ നീണ്ട സമരത്തിനിടെ ജനങ്ങൾക്കു നേരെ സേനയുടെ അതിക്രമം ഉണ്ടായെന്നാരോപിച്ചു പിഡിപി നേതാവ് താരിഖ് ഹമീദ് ഖര എംപി സ്ഥാനം രാജിവച്ചു. തുടർന്നു വന്ന ഒഴിവിൽ ശ്രീനഗറിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നു. അവിടെ ജയിച്ചത് നാഷനൽ കോൺഫറൻസിന്റെ ഫാറൂഖ് അബ്ദുല്ല.

2016ൽ അനന്ത്നാഗ് എംപി മെഹബൂബ മുഫ്തിയും രാജി വച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന പിതാവ് മുഫ്തി മുഹമ്മദ് സയീദിന്റെ മരണത്തെത്തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു രാജി. അനന്ത്നാഗ് നിയമസഭാ സീറ്റിൽ മത്സരിച്ചു ജയിച്ച് അവർ ജമ്മു കശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയുമായി. എന്നാൽ ഭീകരാക്രമണ ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും കാരണം നീട്ടിവച്ച അനന്ത്നാഗ് ഉപതിരഞ്ഞെടുപ്പ് പിന്നീട് നടത്തിയില്ല. ഇത്തവണ അനന്ത്നാഗ് ലോക്സഭാ മണ്ഡലത്തിൽ മെഹബൂബയും മത്സരിക്കുന്നുണ്ട്. പാതിവഴിയിൽ കയ്യൊഴിഞ്ഞു പോയ ബിജെപിയോടുള്ള പ്രതികാരവുമുണ്ട് മെഹബൂബയുടെ മനസ്സില്‍.

വേർപിരിഞ്ഞതിങ്ങനെ...

കശ്‌മീരിലെ ഒരു മാസത്തെ വെടിനിർത്തൽ നീട്ടണമെന്ന പിഡിപിയുടെ ആവശ്യം കേന്ദ്രസർക്കാർ തള്ളിയതാണ് ഇരുകക്ഷികൾ തമ്മിലുള്ള ബന്ധം മോശമാക്കിയ ഒടുവിലത്തെ സംഭവം. പിഡിപി–ബിജെപി സഖ്യം അധികാരത്തിലേറിയതിനു പിന്നാലെയാണ് കശ്മീരിലെ വിഘടനവാദികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഏറ്റവും രൂക്ഷമായത്. കല്ലേറു ചെറുക്കാൻ യുവാവിനെ സൈനിക വാഹനത്തിനു മുന്നിൽ ആൾമറയാക്കിയ സംഭവം വ്യാപകമായി വിമർശിക്കപ്പെട്ടു. ക‌‌ഠ്‌വയിൽ ബാലികയെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ പ്രതികൾക്ക് അനുകൂലമായി ബിജെപി മന്ത്രിമാർ നിലപാടെടുത്തതു ബന്ധം വഷളാക്കി. പ്രമുഖ മാധ്യമപ്രവർത്തകൻ ഷുജാത് ബുഖാരിയുടെയും ജവാൻ ഔറംഗസേബിന്റെയും കൊലപാതകങ്ങളുംതാഴ്‌വരയെ ഞെട്ടിച്ചു.

സായുധസേനാ പ്രത്യേകാധികാര നിയമം പിൻവലിക്കണമെന്ന പിഡിപി ആവശ്യം ബിജെപിയുടെ മുന്നിലുള്ള അഴിയാക്കുരുക്കായും തീർന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ പിഡിപി ബന്ധം ന്യായീകരിക്കാൻ കൂടുതൽ ബുദ്ധിമുട്ടുകയായിരുന്ന ബിജെപി അപ്രായോഗിക സഖ്യത്തെ ഒഴിവാക്കി കൈ കഴുകുകയായിരുന്നു. ഭരണസഖ്യത്തിൽനിന്നു ബിജെപി നാടകീയമായി പിൻമാറിയതോടെ ജമ്മു കശ്മീർ സർക്കാർ വീണു. മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി രാജി നൽകി. സർക്കാരുണ്ടാക്കാനില്ലെന്നു മുഖ്യപ്രതിപക്ഷമായ നാഷനൽ കോൺഫറൻസ് അടക്കമുള്ള കക്ഷികളും വ്യക്തമാക്കി.

ജമ്മു–കശ്മീരിനു പ്രത്യേക അവകാശം നൽകുന്ന ഭരണഘടനാ വകുപ്പുപ്രകാരം നിയമസഭയുടെ കാലാവധി ആറുവർഷമാണ്. 1976ലെ 42–ാം ഭരണഘടനാ ഭേദഗതി പ്രകാരം നിയമസഭകളുടെ കാലാവധി ആറുവർഷമാക്കിയെങ്കിലും പിന്നീടു വീണ്ടും അഞ്ചുവർഷമാക്കി ഭേദഗതി ചെയ്തിരുന്നു. എന്നാൽ കശ്മീരിൽ രണ്ടാമത്തെ ഭേദഗതി അംഗീകരിച്ചില്ല. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് വിവിധ പാർട്ടികൾ ആവശ്യപ്പെടുമ്പോഴും ഇതുവരെ തീരുമാനമായിട്ടില്ല.

ബിജെപി 282ൽ നിന്ന് 273ലേക്ക്

2014ൽ 282 സീറ്റിൽ ആരംഭിച്ച ബിജെപിയുടെ പടയോട്ടം 2018 അവസാനിച്ചപ്പോൾ എത്തിനിന്നത് നോമിനേറ്റഡ് അംഗങ്ങൾ ഉൾപ്പെടെ 273 സീറ്റിൽ. ബിജെപിക്ക് എങ്ങനെയാണ് സീറ്റുകൾ നഷ്ടമായത്?

∙ 2014 (282)

മോദി ജയിച്ച രണ്ടാം മണ്ഡലം വഡോദര ഉപതിരഞ്ഞെടുപ്പിൽ ബിജെപി നിലനിർത്തി. ജയിച്ചത് രഞ്ജൻബെൻ ധനഞ്ജയ് ഭട്ട് (2019ലും ഇദ്ദേഹം തന്നെയാണ് വഡോദര ബിജെപി സ്ഥാനാർഥി.

∙ 2014 (281)

ബിജെപിയുടെ സുമിത്ര മഹാജൻ സ്പീക്കറായ (വോട്ടെടുപ്പിൽ പങ്കെടുക്കാറില്ല)

∙ 2014 (283)

മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിൽ ബിജെപിയുടെ ഗോപിനാഥ് മുണ്ടെ എംപി അന്തരിച്ചു. ഉപതിരഞ്ഞെടുപ്പിൽ മുണ്ടെയുടെ മകൾ പ്രീതം സ്ഥാനാർഥി, ജയം.

∙2015 (283)

ബിജെപിക്കു രണ്ട് നോമിനേറ്റഡ് അംഗങ്ങൾ– ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്ന് ജോർജ് ബേക്കർ, റിച്ചാർഡ് ഹേ

∙ 2015 (282)

ബിജെപി എംപി ദിലീപ്സിങ് ഭൂരിയയുടെ മരണത്തെത്തുടർന്ന് മധ്യപ്രദേശിലെ റത്ത്‌ലമിൽ ഉപതിരഞ്ഞെടുപ്പ്. ജയം കോൺഗ്രസിന്റെ കാന്തിലാൽ ഭൂരിയയ്ക്ക്. 

∙ 2016 (282) 

മധ്യപ്രദേശിലെ ഷഹ്ദോൾ എംപി ദൽപത് സിങ് പരാസ്തെ അന്തരിച്ചു. ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിലനിർത്തി, ജയം ഗ്യാൻ സിങ്ങിന്. 

∙ 2016 (282)

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അസമിലെ ലഖിംപുരിൽ സർബാനന്ദ സോനോവാൾ രാജിവച്ചു. ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിലനിർത്തി, പ്രധാൻ ബറുവയ്ക്കു ജയം. സർബാനന്ദയാണിപ്പോൾ അസം മുഖ്യമന്ത്രി.

∙ 2017 (281)

പഞ്ചാബിലെ ഗുരുദാസ്പുരിലെ ബിജെപി എംപി വിനോദ് ഖന്ന അന്തരിച്ചു. ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടം; ജയം കോൺഗ്രസിലെ സുനിൽ ജഖാറിന്.

∙ 2018 (280)

രാജസ്ഥാനിലെ അജ്മേറിൽ ബിജെപി എംപി സൻവർലാൽ ജാട്ട് അന്തരിച്ചു. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രഘു ശർമയ്ക്കു ജയം.

∙ 2018 (279)

രാജസ്ഥാനിലെ അൽവറിൽ ബിജെപി എംപി ചന്ദ്നാഥ് യോഗി അന്തരിച്ചു. ഉപതിരഞ്ഞെടുപ്പിൽ ജയം കോൺഗ്രസിലെ കരൺ സിങ് യാദവിന്.

∙ 2018 (278)

ഉത്തർപ്രദേശ് മുഖ്യമന്ത്രിയായതിനെത്തുടർന്ന് ഗോരഖ്പുരിൽ യോഗി ആദിത്യനാഥ് രാജിവച്ചു. ഉപതിരഞ്ഞെടുപ്പിൽ എസ്പിയുടെ പ്രവീൺ കുമാർ നിഷാദിനു ജയം.

∙ 2018 (277)

ഉപമുഖ്യമന്ത്രിയായതിനെത്തുടർന്ന് ഉത്തർപ്രദേശിലെ ഫുൽപുരിൽ ബിജെപി എംപി കേശവ് മൗര്യ രാജിവച്ചു. ഉപതിരഞ്ഞെടുപ്പിൽ ജയം എസ്പിയുടെ നാഗേന്ദ്ര പ്രതാപ് സിങ് പട്ടേലിന്.

∙ 2018 (276)

മഹാരാഷ്ട്രയിലെ ഭണ്ഡാര–ഗോണ്ടിയയിൽ ബിജെപിയുടെ നാനാ പഠോളെ രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഉപതിരഞ്ഞെടുപ്പിൽ ജയം എൻസിപിയുടെ മധുകർ റാവുവിന്.

∙ 2018 (276)

മഹാരാഷ്ട്രയിലെ പാൽഘറിൽ ചിന്താമൻ വൻഗ അന്തരിച്ചു. ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിലനിർത്തി, ജയം രാജേന്ദ്ര ധേദ്യയ്ക്ക്.

∙ 2018 (275)

ഉത്തർപ്രദേശിലെ കൈറാനയിൽ ബിജെപിയുടെ ഹുക്കും സിങ് അഞ്ചരിച്ചു. ഉപതിരഞ്ഞെടുപ്പിൽ ജയം ആർഎൽഡിയുടെ തബസ്സും ഹസ്സന്.

∙ 2018 (274)

ബിഹാറിലെ ബെഗുസരായിയിൽ ബിജെപി എംപി ഡോ.ഭോല സിങ് അന്തരിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്നില്ല. 

∙ 2018 (274)

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കർണാടകയിലെ ശിവമൊഗ്ഗ മണ്ഡലത്തിൽ നിന്ന് ബി.എസ്.യെദിയൂരപ്പ രാജിവച്ചു. ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിലനിർത്തി, ജയം ബി.വൈ.രാഘവേന്ദ്രയ്ക്ക്.

∙ 2018 (273)

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കർണാടകയിലെ ബെള്ളാരിയിൽ ബി.ശ്രീരാമലു രാജിവച്ചു. ഉപതിരഞ്ഞെടുപ്പിൽ ജയം കോൺഗ്രസിന്റെ വി.എസ്. ഉഗ്രപ്പയ്ക്ക്.

2019ന്റെ താരങ്ങൾ?

ആന്ധ്ര പ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം പൂർത്തിയായിക്കഴിഞ്ഞു. ഇനി ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളത് മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കാണ്. അതിനിടെ രാജ്യം ആരു ഭരിക്കുമെന്നു വിധി പറയുന്ന ലോക്സഭാ തിരഞ്ഞെടുപ്പു ഫലവും. ബിജെപി ജൈത്രയാത്ര തുടരുമോ? അതോ ആ പായുംകുതിരയെ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പിടിച്ചുകെട്ടുമോ? മേയ് 23ലുണ്ട്, എല്ലാറ്റിനുമുള്ള ഉത്തരം.

(പരമ്പര അവസാനിച്ചു)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA