ADVERTISEMENT

ഓർമകൾക്കെന്തു സുഗന്ധമെന്ന് ഇടതുപക്ഷം ഓർക്കുകയാവും, പ്രത്യേകിച്ചും സിപിഎം. വർത്തമാനകാലത്തിൽ അഭിമാനിക്കാൻ വലിയ നേട്ടമൊന്നും ഇല്ലാത്തതിനാൽ ഭൂതകാലക്കുളിരാണ് താൽക്കാലിക സന്തോഷം. പൊതുതിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ വരുമ്പോൾ സിപിഎം തകരുന്ന കാഴ്ചയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ തിരുത്തലുകളുമായി നിലനിന്നിരുന്ന ഇടതിനിപ്പോൾ കിതപ്പാണ്. കാലത്തിനൊത്തു സ്വയം പുതുക്കാത്തതിനു ജനം നൽകിയ ശിക്ഷ. ചില മൂലകളിൽ ബാക്കിയായ കനൽത്തരികളിൽനിന്ന് ആളിപ്പടരാനാകുമോ എന്നേ ഇനി ചിന്തിക്കാനുള്ളൂ.

ഏറെ പ്രതീക്ഷ വച്ചിരുന്ന കേരളത്തിൽപ്പോലും ഒരു സീറ്റിലേ വിജയിക്കാനുള്ളൂ. അതും ഒരുഘട്ടത്തിൽ, ചരിത്രത്തിൽ ആദ്യമായി, 20 സീറ്റിലും യുഡിഎഫ് ഏറെ നേരം മുന്നിട്ടുനിന്ന ശേഷം. ദേശീയ തലത്തിൽ സിപിഎമ്മിനു ചൂണ്ടിക്കാണിക്കാനുള്ളതു നഷ്ടക്കണക്കുകൾ മാത്രം. പതിറ്റാണ്ടുകളോളം അടക്കിഭരിച്ച ബംഗാളിലും ത്രിപുരയിലും പൊടിപോലുമില്ല. തമിഴ്നാട്ടിൽ രണ്ടു സീറ്റിലെ ലീഡാണ് ഏക പിടിവള്ളി. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാർട്ടിക്കുമേലുള്ള പിടി അയഞ്ഞിരിക്കുന്നു.

2014ലെ 9 സീറ്റ് ആണ് ഇതുവരെ സിപിഎമ്മിന്റെ ഏറ്റവും കുറഞ്ഞ അംഗബലം. 2019ലെ തിരഞ്ഞെടുപ്പോടെ അതിനേക്കാൾ ചെറിയ സംഖ്യയിലേക്കെത്തുന്നു. 2004ൽ ആണ് സിപിഎം റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്– 43 സീറ്റ്. അന്ന് മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎയെ പുറത്തുനിന്നു പിന്തുണച്ച് ക്രിയാത്മക ഭരണ ഇടപെടലുകൾ നടത്താനായി. ഇന്ത്യ– യുഎസ് ആണവ കരാറിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുപിഎയ്ക്കുള്ള പിന്തുണ ഇടതുപക്ഷം പിൻവലിക്കുകയും ചെയ്തു.

1967ൽ 19, 1971ൽ 25, 1977ൽ 22, 1980ൽ 37, 1984ൽ 22, 1989ൽ 33, 1991ൽ 35, 1996ൽ 32, 1998ൽ 32, 1999ൽ 33, 2004ൽ 43, 2009ൽ 16 എന്നിങ്ങനെയാണു വിവിധ കാലഘട്ടത്തിൽ ലോക്സഭയിൽ സിപിഎം എംപിമാരുടെ എണ്ണം. സിപിഎം, സിപിഐ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മയായ ഇടതുപക്ഷത്തിനു കൂടുതൽ അംഗബലം ഉണ്ടായിരുന്നതും 2004ൽ ആണ്– 59. 1991ൽ 57, 1989ൽ 54, 1971ൽ 53, 1996ൽ 52 എന്നിവയാണ് ഇടതുപക്ഷം അർധശതകം പിന്നിട്ട വർഷങ്ങൾ.

കേരളത്തെ ഞെട്ടിച്ച പോരാളികൾ ഇവർ, വിഡിയോ സ്റ്റോറി കാണാം

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള വികാരവും രാഹുല്‍ തരംഗവും അലയടിച്ചതാണു കേരളത്തിലെ വീഴ്ചയ്ക്കു കാരണം. കുത്തക മണ്ഡലങ്ങളില്‍ പോലും‌ കാലിടറിവീണതു ന്യായീകരിക്കാൻ നേതാക്കൾ പാടുപെടും. കേന്ദ്ര സർക്കാരിനെതിരായി ന്യൂനപക്ഷങ്ങളും ശബരിമല വിഷയത്തിലെ നിലപാടുകളിൽ പ്രതിഷേധിച്ചു ഭൂരിപക്ഷ വിഭാഗങ്ങളും യുഡിഎഫിനൊപ്പം ചേർന്നു. കൊലപാതക രാഷ്ട്രീയം, ഭരണപാളിച്ച, സമുദായ സംഘടനകളോടുള്ള സമീപനം തുടങ്ങിയവയിലെല്ലാം സിപിഎം നയിക്കുന്ന എല്‍ഡിഎഫിനു പുനഃപരിശോധന അനിവാര്യമാകുന്നു.

നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തകർച്ചയാണു ബംഗാളിൽ സിപിഎം നേരിട്ടത്. മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് അധികാരം പിടിച്ചെടുത്ത ശേഷം തിരിച്ചുവരവിനുള്ള ലക്ഷണമൊന്നും അവിടെ സിപിഎം പ്രകടിപ്പിച്ചില്ല. 1977 തൊട്ട് 2011 വരെ 34 വർഷമാണ് സിപിഎം നയിക്കുന്ന ഇടതുപക്ഷം ബംഗാളിനെ ഭരിച്ചത്. ഇപ്പോൾ പ്രതിപക്ഷത്തിരിക്കാൻ പോലും ആളില്ല. ഭൂരിപക്ഷം പ്രവർത്തകരും നേതാക്കളും തൃണമൂലിലേക്കും ബിജെപിയിലേക്കും കൂടുമാറി. 2014ൽ ബംഗാളിലും ത്രിപുരയിലും രണ്ടിടത്തു വീതം സിപിഎം സ്ഥാനാർഥികളാണു ജയിച്ചത്.

മോദിയെയും ബിജെപിയെയും പുറത്താക്കുകയാണു ലക്ഷ്യമെന്നു പറഞ്ഞു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പ്രതിപക്ഷ കൂട്ടായ്മകളുടെ ഭാഗമായിരുന്നു. പക്ഷേ എവിടെയും സഖ്യത്തിൽ പങ്കാളിയായില്ല. ഇടതുപക്ഷത്തിന്റെ ആശയങ്ങളും രാഷ്ട്രീയവും ഏറ്റവും പ്രസക്തമാകേണ്ടിയിരുന്ന കാലമാണെന്ന് അണികളും അനുഭാവികളും പറയുന്നു. എന്നിട്ടുമെന്താണ് ഇങ്ങനെയായത്? നേതാക്കളും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം കുറഞ്ഞതാണു വൻവീഴ്ചയ്ക്കു കാരണമെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കർഷകരുടെയും ഗ്രാമീണരുടെയും വീടുകളിൽ എത്താനും അവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കാനുമുള്ള ‘ചിന്താപദ്ധതി’ കാലഹരണപ്പെട്ടില്ലെന്നും അതു മറന്നാൽ കാലിടറുമെന്നുമുള്ള രാഷ്ട്രീയപാഠം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com