ADVERTISEMENT

മൂന്നാം തവണയും ആർഎസ്എസ് അവരുടെ ഭരണഘടന ‘ലംഘിച്ചപ്പോൾ’ ബിജെപിക്കു സ്വന്തമായതു ഗംഭീര വിജയം. രാഷ്ട്രീയത്തിൽനിന്നു പൂർണമായും വിട്ടുനിൽക്കണമെന്ന അനുശാസനമാണു രാഷ്ട്രീയ സ്വയംസേവക് സംഘ് വീണ്ടും മറികടന്നത്. ജനവിധിക്കൊടുവിൽ കാവിക്കൊടി ഉയരെ പറക്കുമ്പോൾ വിയർപ്പൊഴുക്കിയവരുടെ കൂട്ടത്തിൽ മുന്നിലുണ്ട് ആർഎസ്എസ്.

നരേന്ദ്ര മോദി ഭാരതീയ ജനത പാർട്ടിയുടെ അമരവും സർസംഘചാലക് മോഹൻ ഭാഗവത് ആത്മാവുമായി. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച പല നയങ്ങള്‍ക്കെതിരെയും സംഘപരിവാര്‍ സംഘടനകളില്‍നിന്നു ശക്തമായ എതിര്‍പ്പുയര്‍ന്നപ്പോഴും അവരെ അനുനയിപ്പിച്ച് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകാതിരിക്കാന്‍ ജാഗ്രത കാട്ടിയതു മോഹന്‍ ഭാഗവതാണ്. കോണ്‍ഗ്രസിനെ മോഹിപ്പിക്കുന്ന തരത്തില്‍ ബൂത്തു തലത്തില്‍ വരെ പ്രചാരണം ശക്തമാക്കാന്‍ ബിജെപിക്കു കരുത്താകുന്നത് ഗ്രാമാന്തരങ്ങളില്‍ വരെ വേരുറപ്പുള്ള ആര്‍എസ്എസിന്റെ സാന്നിധ്യമാണ്.

മാർച്ചിൽ ഗ്വാളിയോറിലായിരുന്നു ആർഎസ്എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭ. സർകാര്യവാഹ് അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിൽ, ഹിന്ദു ആചാരാനുഷ്ഠാനങ്ങളിലെ വൈവിധ്യങ്ങൾ അംഗീകരിക്കപ്പെടണം എന്നു പറഞ്ഞശേഷം ശബരിമല, രാമജന്മഭൂമി, കുംഭമേള എന്നിവ പരാമർശിച്ചു. രാജ്യം ദേശദ്രോഹ ശക്തികളാൽ ആക്രമിക്കപ്പെടുന്നതിൽ ആശങ്കപ്പെട്ടു. കേന്ദ്ര സർക്കാർ അക്രമങ്ങളെ പ്രതിരോധിച്ച രീതിയെ പ്രശംസിച്ചു. ദേശതാൽപര്യം സംരക്ഷിക്കുന്ന സർക്കാരിനായി ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും തിരഞ്ഞെടുപ്പു സമയത്ത് നിലകൊള്ളേണ്ടതിനെപ്പറ്റി ഓർമപ്പെടുത്തി. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തുടർച്ചയ്ക്കായി സംഘപരിവാറിന്റെ ആഹ്വാനമായിരുന്നു അത്.

2014 ല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ നരേന്ദ്ര മോദി പോയതു നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തേക്കായിരുന്നു. ഇത്തവണ പക്ഷേ എക്‌സിറ്റ് പോളുകള്‍ വന്നശേഷവും മോദി ആര്‍എസ്എസ് ആസ്ഥാനത്തെത്തിയില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയും മോദി നാഗ്പുർ സന്ദര്‍ശിച്ചില്ല. ഇതൊന്നും പക്ഷെ മോദിയെ പിന്തുണക്കുന്നതിൽനിന്നു സംഘത്തെ തടഞ്ഞില്ലെന്നതാണു ശ്രദ്ധേയം. 1977ൽ ഇന്ദിരാഗാന്ധിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ ജനതാപാർട്ടിക്കു തിരഞ്ഞെടുപ്പു പിന്തുണ പ്രഖ്യാപിച്ചതു പോലെ 2014ൽ കോൺഗ്രസിനെ അധികാരത്തിൽനിന്നു പുറത്താക്കാൻ ബിജെപിക്കൊപ്പം നിൽക്കുകയാണ് ആർഎസ്എസ് ചെയ്തത്. 2019ൽ ഭരണത്തുടർച്ചയ്ക്കായും നിലകൊണ്ടു.

മറ്റു തിരഞ്ഞെടുപ്പുകളിലും ആർഎസ്എസ് പരോക്ഷമായി ഇടപെട്ടിരുന്നു. എന്നാൽ 1977, 2014 തിരഞ്ഞെടുപ്പുകളിൽ പ്രവർത്തകരോടും മുതിർന്ന നേതാക്കളോടും ഉൾപ്പെടെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ സജീവമായി പങ്കെടുക്കാൻ ആർഎസ്എസ് ആഹ്വാനം ചെയ്യുകയായിരുന്നു. കേരളത്തിലും ആർഎസ്എസ് ശക്തമായി ഇടപെട്ടു. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട‌ സുപ്രീംകോടതി വിധി വന്നപ്പോൾ ആദ്യം സ്വാഗതംചെയ‌്തവരുടെ കൂട്ടത്തിൽ ആർഎസ്എസ് ഉണ്ടായിരുന്നു. പെട്ടെന്നു നിലപാടു മാറ്റി അവർ ആചാരസംരക്ഷകരായി. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഖ്യവിഷയമാക്കി ശബരിമല ഉയർത്തിപ്പിടിച്ചു. ആര്‍എസ്എസിന്റെ മുഴുവന്‍ പ്രചാരകരും പ്രചാരണത്തിനിറങ്ങാൻ പരിവാർ ബൈഠക്കിൽ തീരുമാനിച്ചു.

ആർഎസ്എസിന്റെ ശതാബ്ദി വർഷമാണ് 2025. ശതാബ്ദി വേളയിൽ സംഘത്തിനു പ്രാമുഖ്യമുള്ള സർക്കാർ കേന്ദ്രത്തിൽ വേണമെന്നാണ് ആർഎസ്എസിന്റെ ആഗ്രഹം. പരമാവധി പേരെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ച് പോളിങ് ശതമാനം കൂട്ടുകയെന്ന നയമാണ് ഇതിനായി ആർഎസ്എസ് സ്വീകരിച്ചത്. ഒപ്പം നോട്ടയോട് (നിരാസ വോട്ട്) സമ്മതിദായകർക്കുള്ള അടുപ്പം കുറയ്ക്കാനും‌ ശ്രമിച്ചു. ഇതിനായി വീടുകൾ തോറും സംഘപരിവാർ പ്രവർത്തകർ കയറിയിറങ്ങി. അരലക്ഷത്തിലധികം ശാഖകൾ വിശ്രമമറിയാതെ പ്രവർത്തിച്ചു. ആർഎസ്എസിന്റെ ഒരു ലക്ഷത്തിലധികം നേതാക്കളും 6–7 ലക്ഷം സ്വയംസേവകരും മോദിക്കും ബിജെപിക്കും വോട്ടു തേടിയിറങ്ങി. ചുരുങ്ങിയത് 10 വീടുകൾ വീതമാണ് ഓരോ സ്വയംസേവകർക്കും നൽകിയത്. സമൂഹമാധ്യമങ്ങളിലും സജീവമായി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് എന്ത്?, വിഡിയോ സ്റ്റോറി കാണാം

ആർഎസ്എസ് താൽപര്യങ്ങൾ നടത്തിയെടുക്കാൻ ഇതിലും നല്ലൊരു അവസരമില്ലെന്നു കണ്ടാണു മോദിയെ പിന്തുണക്കാൻ സംഘടന തയാറായത്. സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടെയുള്ള മാറ്റമാണ് സംഘം ഉദ്ദേശിക്കുന്നത്. മോഹൻ ഭാഗവതും മോദിയും തമ്മിൽ നല്ല അടുപ്പമാണ്. മോദിയുടെ ഭരണകാലത്താണു ഭാഗവത് കൂടുതലായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടത്. പ്രായം കൊണ്ട് ഇരുവരും ഒപ്പം. സ്വയംസേവകനായി മോദിയെ മാറ്റിയെടുത്തതു ഭാഗവതിന്റെ പിതാവ് മധുകർ ആണെന്നതും ബന്ധത്തിന്റെ ബലം കൂട്ടി. ഇന്ത്യയെ 11 ക്ഷേത്രങ്ങൾ (മേഖല) ആയാണു ആർഎസ്എസ് വിഭജിച്ചിരിക്കുന്നത്. അഖില ഭാരതീയ കാര്യകാരിണി അഖില ഭാരതീയ പ്രതിനിധി സഭ എന്നിങ്ങനെ രണ്ട് ഉന്നത സമിതികളാണുള്ളത്. സംഘടനയിലെ രണ്ടാമനായ സുരേഷ് ഭയ്യാജി ജോഷിയാണ് ആർഎസ്എസിനും ബിജെപിക്കും ഇടയ്ക്കുള്ള പാലമായി പ്രവർത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com