ADVERTISEMENT

എക്സിറ്റ് പോൾ ഫലങ്ങളെയും കടത്തിവെട്ടുന്ന മോദി തരംഗമാണു വോട്ടെടുപ്പ് പുരോഗമിക്കുംതോറും തെളിഞ്ഞുവരുന്നത്. ദേശീയ തലത്തിൽ 10 ഏജൻസികള്‍ നടത്തിയ സർവേകളിൽ ഒൻപതും എൻഡിഎ സർക്കാർ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നു പ്രവചിച്ചിരുന്നു. അവശേഷിച്ച ഒരു ഏജൻസിയാകട്ടെ, വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും ഉത്തർ പ്രദേശിൽ പാർട്ടിക്കു വലിയ നഷ്ടമുണ്ടാകുമെന്നും വിലയിരുത്തി.

10 സർവേകളുടെയും ശരാശരി പ്രകാരം, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) 304 സീറ്റ് നേടുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, നിലവിലെ പ്രകടനം തുടരാനായാൽ ബിജെപി ഒറ്റയ്ക്കു മാന്ത്രിക സംഖ്യ മറികടക്കുമെന്നുറപ്പ്. 2014ലെ തിരഞ്ഞെടുപ്പിൽ എൻഡിഎ 336 സീറ്റും യുപിഎ 58 സീറ്റും മറ്റു കക്ഷികൾ 149 സീറ്റുമാണു നേടിയത്.

2014ൽ 7 എക്സിറ്റ് പോൾ സർവേകളിൽ ആറിലും എൻഡിഎയ്ക്കു വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചിരുന്നു. ഇതിൽ 340 സീറ്റ് നേടുമെന്ന ടുഡേയ്സ് ചാണക്യയുടെ പ്രവചനമാണു ശരിയായ ഫലത്തോട് ഏറ്റവും അടുത്തു വന്നത്. മറ്റെല്ലാ സർവേകളും മുന്നൂറിൽ താഴെ സീറ്റാണ് എൻഡിഎയ്ക്കു പ്രവചിച്ചിരുന്നത്. ഇത്തവണ എൻഡിഎയ്ക്ക് 350 സീറ്റാണ് ചാണക്യയുടെ പ്രവചനം. ആറ് സർവേകളിൽ എൻഡിഎയ്ക്കു മുന്നൂറോ അതിലധികമോ സീറ്റ് ലഭിക്കുന്നുണ്ട്. ഇതിൽ ഇന്ത്യ ടുഡേ – ആക്സിസ് സർവേയിലാണ് ഏറ്റവുമധികം; 368 വരെ.

ഏറ്റവുമധികം ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിലെ ജനവിധി എന്താകുമെന്ന കാര്യത്തിൽ എക്സിറ്റ് പോൾ സർവേകൾ വ്യത്യസ്തമായ ചിത്രമാണു നൽകിയത്. ടൈംസ്നൗ–വിഎംആർ സർവേ യുപിയിൽ 58 സീറ്റ് എൻഡിഎയ്ക്കു പ്രവചിച്ചപ്പോൾ എബിപിയുടെ പ്രവചനം 22 സീറ്റ് മാത്രം. 80 സീറ്റുള്ള യുപിയിൽ 2014ൽ 73 സീറ്റും എൻഡിഎ നേടിയിരുന്നു. നിലവിൽ യുപിയിൽ പകുതിയിലേറെ സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. എസ്പി–ബിഎസ്പി സഖ്യം പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും കോൺഗ്രസ് വൻ തകർച്ചയാണ് സംസ്ഥാനത്തു നേരിടുന്നതെന്നു വ്യക്തം. സോണിയ ഗാന്ധി മാത്രമാണു തുടക്കം മുതൽ ലീഡ് നിലനിർത്തുന്ന കോൺഗ്രസ് സ്ഥാനാർഥി. വയനാട്ടിൽ ഓരോ മിനിറ്റിലും ഭൂരിപക്ഷം വർധിപ്പിക്കുമ്പോഴും, അമേഠിയിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിക്കു മുൻപിൽ പതറുന്ന കാഴ്ചയാണിപ്പോൾ.

മിക്ക സർവേകളും കേരളത്തിലും തമിഴ്നാട്ടിലും പഞ്ചാബിലും മാത്രമാണു യുപിഎയ്ക്കു നേട്ടം പ്രവചിച്ചത്. ഇതും ശരിയെന്നു തെളിയിക്കുന്നു, ഇതുവരെ പുറത്തുവരുന്ന ഫലങ്ങൾ. മാസങ്ങൾക്കു മുൻപു നിയമസഭാ തിരഞ്ഞെടുപ്പിൽ തിളങ്ങിയ ഹിന്ദി ഹൃദയഭൂമി ‘കൈ’വിടുമെന്ന സർവേ ഫലങ്ങളും അതേപടി വോട്ടെണ്ണലിൽ പ്രതിഫലിക്കുന്നു. ഛത്തീസ്ഗഡിൽ രണ്ടു സീറ്റിൽ മാത്രമാണു കോൺഗ്രസ് മുന്നേറ്റം. മധ്യപ്രദേശിലെ 29 സീറ്റിൽ ഒന്നൊഴികെ എല്ലാത്തിലും ബിജെപി മുന്നേറുന്നു. രാജസ്ഥാനിലാകട്ടെ, 25 സീറ്റിലും എതിരില്ലാത്ത മുന്നേറ്റമാണ് ബിജെപിക്ക്.

ഡൽഹിയിലും ജനവിധി എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്നു. ഏഴു സീറ്റിലും ബിജെപി മുന്നേറുകയാണ്. ആം ആദ്മി പാർട്ടി തിരിച്ചടി നേരിടുമെന്നും കോൺഗ്രസ് മുന്നേറ്റമുണ്ടാക്കുമുള്ള പ്രവചനങ്ങളും യാഥാർഥ്യമാകുന്നു. അഞ്ചു സീറ്റിലും നിലവിൽ കോൺഗ്രസാണ് രണ്ടാമത്. മഹാരാഷ്ട്രയും ഗുജറാത്തും സർവേ പ്രവചനം പോലെതന്നെ ബിജെപിക്കൊപ്പം.

പലപ്പോഴും എക്സിറ്റ് പോളുകൾ പാളിയിട്ടുണ്ടെങ്കിലും മോദി തരംഗം ആഞ്ഞുവീശിയ 2014ലെ സർവേ ഫലങ്ങളുടെ തനിയാവർത്തനമാണ് ഇത്തവണയും. കഴിഞ്ഞ തവണ പ്രവചനങ്ങളെല്ലാം എൻഡിഎയ്ക്ക് അനുകൂലമായിരുന്നു; അതു തന്നെ സംഭവിക്കുകയും ചെയ്തു. അതേസമയം, കണക്കുകൂട്ടലുകൾക്കുമപ്പുറത്തായിരുന്നു കഴിഞ്ഞ തവണ എൻഡിഎയുടെ പ്രകടനം. എക്സിറ്റ് പോളുകൾ 274 സീറ്റ് പ്രവചിച്ചപ്പോൾ ബിജെപി സഖ്യം നേടിയത് 336 സീറ്റ്. പ്രതീക്ഷകൾക്കപ്പുറമുള്ള വൻ ഭൂരിപക്ഷം. സർവേ ഫലങ്ങളെ മറികടക്കുന്ന ഭൂരിപക്ഷം എന്ന 2014 ഫലത്തിന്റെയും തനിയാവർത്തനമാകുമോ ഇത്തവണയെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം.

English Summary: Exit Polls, Lok Sabha Election Results 2019, BJP, NDA, Absolute Majority, Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com