ADVERTISEMENT

ഇന്ത്യയുടെ രാഷ്ട്രീയഭാവി കയ്യിലേന്തിയ ഇടങ്ങൾ– ഹിന്ദി ഹൃദയഭൂമി. ഇവിടെ എന്തു സംഭവിക്കുമെന്നാണു രാജ്യം ഉറ്റുനോക്കിയത്. എട്ടു സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും ദേശീയ തലസ്ഥാനമായ ഡൽഹിയും ഉൾപ്പെടുന്ന, രാജ്യത്തിന്റെ മൂന്നിലൊന്നു ജനം വസിക്കുന്ന ഭൂവിഭാഗം. വൈകാരികതയ്ക്കു ജനം വോട്ട് ചെയ്തപ്പോൾ, ഹിന്ദിഹൃദയം ഒപ്പമെന്നു ബിജെപി അരക്കിട്ടുറപ്പിച്ചു. 2018 ലെ നിയമസഭാ വിജയങ്ങൾ ആവർത്തിക്കാനാവാതെ കോൺഗ്രസ് പരാജയപ്പെട്ടിരിക്കുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ അധികാരത്തുടർച്ച നേടുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ ജനമനസ്സിന്റെ പകർപ്പായി.

മാസങ്ങൾക്കു മുൻപു മാത്രം സംസ്ഥാനഭരണം നേടിയ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ വലിയ തിരിച്ചടി നേരിട്ടത് കോൺഗ്രസ് ക്യാംപിൽ മൗനം പടർത്തി. ഉത്തർപ്രദേശ് (80), ബിഹാർ (40), മധ്യപ്രദേശ് (29), രാജസ്ഥാൻ (25), ജാർഖണ്ഡ് (14), ഛത്തീസ്ഗഡ് (11), ഹരിയാന (10), ഉത്തരാഖണ്ഡ് (5), ഹിമാചൽ പ്രദേശ് (4) എന്നീ സംസ്ഥാനങ്ങളിലും ഡൽഹി (7), ചണ്ഡിഗഡ് (1) എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 226 സീറ്റുകൾ ഉൾപ്പെട്ടതാണു ഹിന്ദി ഹൃദയഭൂമി. 2014 ൽ ബിജെപി തനിച്ച് 192 ഉം എൻഡിഎ ആകെ 203 സീറ്റുമാണു സ്വന്തമാക്കിയത്. എൻഡിഎ സർക്കാരിനെ കെട്ടിപ്പടുത്ത ഹൃദയഭൂമിയിൽ അഞ്ചു വർഷത്തിനിപ്പുറവും താമരക്കാറ്റ് അടങ്ങിയിട്ടില്ലെന്നാണു ഫലസൂചന.

∙ സെമിഫൈനൽ അല്ല, ഫൈനൽ

പരവതാനി വിരിച്ച് സ്വീകരിക്കില്ലെന്നു ഹിന്ദിഹൃദയം നിയമസഭാ ഫലത്തിലൂടെ സൂചന നൽകിയതു ബിജെപി കണ്ടില്ലെന്നു നടിച്ചില്ല. കഠിനമായി അധ്വാനിച്ചു. 2014 ലെ പോലെ ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടാനാകില്ലെന്നു ജനറല്‍ സെക്രട്ടറി റാം മാധവിനെക്കൊണ്ട് പറയിപ്പിച്ചത് ഇവിടത്തെ പ്രതിഷേധച്ചൂടായിരുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി തിരിച്ചെത്തി. ഒന്നരപ്പതിറ്റാണ്ട് അടക്കിഭരിച്ച ഛത്തീസ്ഗഡിലും മധ്യപ്രദേശിലും അഞ്ചാണ്ട് ഭരിച്ച രാജസ്ഥാനിലും 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പുറത്തായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പിന്റെ ആവർത്തനം 2019 ലും പ്രതീക്ഷിച്ച കോൺഗ്രസിന്റെ കണക്കുകൂട്ടലുകൾ തെറ്റി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് എന്ത്?, വിഡിയോ സ്റ്റോറി കാണാം

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ആകെ 65 ലോക്സഭാ സീറ്റുകള്‍. ഇതില്‍ 63 എണ്ണവും 2014 ല്‍ ബിജെപിയാണു നേടിയത്. രാജസ്ഥാനില്‍ കഴിഞ്ഞ തവണ മുഴുവൻ സീറ്റും (25) ഛത്തീസ്ഗഡിലെ 11ല്‍ 10 സീറ്റും നേടി. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു വിജയമാണു പ്രതിഫലിച്ചത്. ഹിന്ദി മേഖലയിലെ തിരിച്ചുവരവ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആത്മവിശ്വാസം സമ്മാനിച്ചു. സെമിഫൈനലിലെ വിജയക്കൂട്ടുകൾ ഫൈനലിലും പ്രയോഗിച്ചു. പക്ഷേ അന്തിമപോരാട്ടത്തിൽ ബിജെപിയുടെ കളിയടവുകൾക്കു മുന്നിൽ കോൺഗ്രസ് ഛിന്നഭിന്നമായി. 2014 ലെ പോലെയല്ല 2019 ൽ വോട്ടർമാർ ചിന്തിച്ചതെന്നു സാരം.

മഹാരാഷ്ട്രയിലെ വിദർഭയിലും നർമദാ തീരത്തെ ഗ്രാമങ്ങളിലും മധ്യപ്രദേശിലെ മന്ദ്സോറിലും രാജസ്ഥാനിലെ ഉദയ്പുരിലും ആഗ്രയിലെ യമുനാതടങ്ങളിലും പൊട്ടിപ്പുറപ്പെട്ട കർഷകരോഷത്തിൽ ബിജെപിക്കു പൊള്ളിയിരുന്നു. മധ്യപ്രദേശിൽ ര‌ത്‌ലാമിനടുത്തു മന്ദ്സോറിൽ ഉൽപന്നങ്ങൾക്കു വിലയിടിയുന്നതിൽ പ്രതിഷേധിച്ചു സമരം ചെയ്ത കർഷകരുടെ ജാഥയ്ക്കുനേരെ 2017 ജൂണിൽ പൊലീസ് നടത്തിയ വെടിവയ്പിൽ മരിച്ചത് ആറു പേരാണ്. ഈ രക്‌തസാക്ഷികളുടെ ഓർമ ഹിന്ദിഹൃദയത്തെ നീറ്റി. ഭരണത്തിന്റെ അവസാന മാസങ്ങളിൽ കർഷകർക്കായി പ്രഖ്യാപിച്ച 6,000 രൂപ തൽക്കാലത്തേക്കെങ്കിലും മുറിവുണക്കി. മിനിമം വേതനം ഉറപ്പുനൽകിയ കോൺഗ്രസിന്റെ ‘ന്യായ്’ സംസാരവിഷയമായി, പക്ഷേ വോട്ടായില്ല.

∙ വാട്ടമില്ലാതെ ‘യുപി താമര’

കേന്ദ്രഭരണം തീരുമാനിക്കുന്നതിൽ 80 സീറ്റുള്ള ഉത്തർപ്രദേശിന് (യുപി) വലിയ പങ്കുണ്ട്. കഴിഞ്ഞ തവണ ഇവിടെ ബിജെപി നേടിയത് 71 സീറ്റുകൾ. ഇത്തവണ ത്രികോണ മത്സരമായിരുന്നു. മോദി– അമിത് ഷാ– യോഗി ആദിത്യനാഥ് ത്രയമാണു ബിജെപിയെ നയിച്ചത്. പതിറ്റാണ്ടുകളുടെ വൈരം മറന്ന് അഖിലേഷ് യാദവും മായാവതിയും തോളോടുതോൾനിന്ന എസ്പി–ബിഎസ്പി സഖ്യമായിരുന്നു (മഹാഘട്ബന്ധൻ) പ്രത്യേകത. ഒബിസി നേതാവ് കേശവ് ദേവ് മൗര്യയുടെ മഹാൻ ദൾ ആയിരുന്നു കോൺഗ്രസിന്റെ സഖ്യകക്ഷി. പ്രിയങ്ക ഗാന്ധിയെ കിഴക്കൻ യുപിയുടെ ചുമതല ഏൽപ്പിക്കുമ്പോൾ കോൺഗ്രസ് ഉന്നമിട്ടതു ബിജെപിയുടെ കരുത്തുറ്റ സവർണ വോട്ടുബാങ്ക്. അതിൽ വലുതായി ചോർച്ചയുണ്ടായില്ല.

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മത്സരിച്ച യുപിയിലെ റായ്ബറേലിയിലും അമേഠിയിലും സ്ഥാനാർഥികളെ നിർത്താതെ എസ്പി–ബിഎസ്പി സഖ്യം സഹായിച്ചു. ഒട്ടേറെ മണ്ഡലങ്ങളിൽ എസ്പി–ബിഎസ്പി സഖ്യവുമായി കോൺഗ്രസിനു രഹസ്യധാരണയും ഉണ്ടായിരുന്നു. മോദിയുടെ വാരാണസിയും രാഹുലിന്റെ അമേഠിയും ഉൾപ്പെടെ ഒട്ടേറെ വിവിഐപി മണ്ഡലങ്ങളാൽ യുപി ഫലം പ്രധാനപ്പെട്ടതായിരുന്നു. പുറമേക്ക് ഓളമുണ്ടാക്കിയപ്പോഴും മോദി– ബിജെപി തരംഗത്തിനു കനത്ത പ്രഹരമേൽപ്പിക്കാൻ രാഹുൽ– പ്രിയങ്ക സഖ്യത്തിനായില്ല. പല പരീക്ഷണങ്ങൾക്കും ബിജെപി ആശ്രയിച്ച യുപിയിലെ മണ്ണ് അവരെ ചതിച്ചില്ല.

ഇടതുപക്ഷത്തിന് ഇതെന്തുപറ്റി, വിഡിയോ സ്റ്റോറി കാണാം

യുപി ഉൾപ്പെടുന്ന ഹിന്ദി ബെൽറ്റിലെ പ്രധാന വിഷയമായിരുന്നു ഗംഗാനദി. 5 സംസ്ഥാനങ്ങളിലും 2 രാജ്യങ്ങളിലുമായി 2525 കിലോമീറ്റർ നീളമുള്ള ഗംഗയുടെ തീരങ്ങളിൽ 40 കോടി ജനങ്ങളാണ് അധിവസിക്കുന്നത്. നേരിട്ടും അല്ലാതെയും 80 കോടി ആളുകളുടെ ജീവിതം ഗംഗയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗംഗയെ ശുചിയാക്കാൻ മോദി സർക്കാർ പ്രഖ്യാപിച്ച 254 പദ്ധതികളിൽ 75 എണ്ണം പൂർത്തിയായിട്ടില്ലെന്നും 24,672 കോടി രൂപ നീക്കിവച്ചെന്ന് അവകാശപ്പെടുമ്പോഴും ചെലവഴിച്ചത് 4,994 കോടി മാത്രമാണെന്നും കോൺഗ്രസ് കണക്കുകൾ നിരത്തി. ഗംഗാതീരത്തെ ചെറുഗ്രാമങ്ങളിൽ തിങ്ങിപ്പാർക്കുന്ന ജനവിഭാഗം എന്നിട്ടും ‘ഭക്തനായ മോദി’യെ അവിശ്വസിച്ചില്ല.

രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വത്തിൽ തൂങ്ങി ഉത്തരേന്ത്യയിലാകെ ബിജെപി ഹിന്ദുത്വവും വർഗീയതയും ആളിക്കത്തിച്ചു. മോദിയും യോഗിയും ഷായും വർഗീയ പ്രചാരണം ഏറ്റെടുത്തു. പുൽവാമ ഭീകരാക്രമണവും ബാലാക്കോട്ടിലെ വ്യോമാക്രമണ തിരിച്ചടിയും ദേശീയതയ്ക്കൊപ്പം വർഗീയത ഒളിപ്പിച്ചുകടത്താനുള്ള മാർഗ്ഗവുമാക്കി. അയോധ്യ ക്ഷേത്രനിർമാണം ആവശ്യപ്പെട്ട് സന്യാസിമാരുടെ വലിയ സഭകൾ സംഘടിപ്പിച്ചു. അയോധ്യക്ഷേത്രത്തിനു തടസ്സം കോൺഗ്രസാണെന്നു പ്രസംഗിച്ചു. ഹൈന്ദവ വികാരം ഇളക്കി ഹിന്ദിമേഖലയിൽ വോട്ടുനേടാമെന്ന ബിജെപിയുടെ പാരമ്പര്യതന്ത്രം പാഴായില്ലെന്നാണു തിരഞ്ഞെടുപ്പുഫലം കാണിക്കുന്നത്.

∙ കാവിക്കൊടിയുമായി ബിഹാറും മധ്യപ്രദേശും

ഹിന്ദി ഹൃദയഭൂമിയിലെ ബിജെപി വിജയത്തിന്റെ തിളക്കം കൂട്ടുകയാണു ബിഹാർ. നരേന്ദ്ര മോദിയും നിതീഷ് കുമാറും കൈകോർത്ത ബിഹാറിൽ ബിജെപി– ജെഡിയു സഖ്യം എൻഡിഎയുടെ കണക്കുകൂട്ടലുകൾ കാത്തു. റാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (എൽജെപി) മുന്നണിക്കു ബലമേകി. 2014ൽ ബിജെപി ഇവിടെ 22 സീറ്റാണു നേടിയത്. വികസനവും രാജ്യസുരക്ഷയും ആയിരുന്നു മുഖ്യവിഷയങ്ങൾ. സാമ്പത്തിക സംവരണവും ഗുണം ചെയ്തു. യാദവ–മുസ്‍‌ലിം സമുദായ സമവാക്യത്തിൽ ഊന്നിയായിരുന്നു ആർജെ‍ഡി– കോൺഗ്രസ് സഖ്യം എതിരുനിന്നത്. എൻഡിഎ വിരുദ്ധരും വിമതരുമെല്ലാം ചേർന്ന മഹാസഖ്യം പാളിപ്പോയി.

ഹിന്ദുമതാചാരങ്ങളെ പുണർന്നു ഭൂരിപക്ഷ സമുദായത്തെ കൂടെക്കൂട്ടുകയെന്ന തന്ത്രമാണു മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പയറ്റിയത്. ഇത് അതേപടി ലോക്സഭാ തിരഞ്ഞെടുപ്പിലും നടപ്പാക്കി. റഫാൽ ഇടപാട് ഉൾപ്പെടെ കേന്ദ്രത്തിനെതിരായ ആയുധങ്ങളുടെ വിന്യാസം, ‌ബുത്തുതലം മുതൽ ചിട്ടയായ പ്രവർത്തനം, നേതാക്കളിലും അണികളിലും പ്രകടമായ ഐക്യം, ഒരേ സമയം ഹിന്ദുത്വവും മതേതരത്വവും പുൽകൽ തുടങ്ങിയവയായിരുന്നു കോൺഗ്രസ് ചേരുവകൾ. എന്നാൽ, വലിയ വോട്ടുബാങ്കുകളായ ഉദ്യോഗസ്ഥരെയും കര്‍ഷകരെയും സാന്ത്വനിപ്പിച്ച് ഒപ്പം നിർത്തി ബിജെപി വിജയം കൊയ്തു. നോട്ടുനിരോധനവും ജിഎസ്ടിയും ഓർമയിലെ മാത്രം നൊമ്പരമാക്കാൻ ബിജെപി നേതാക്കൾക്കു സാധിച്ചു.

∙ തലപ്പാവുമായി രാജസ്ഥാൻ

2014ൽ 25ൽ 25ഉം നൽകി ഫുൾമാർക്കിലാണു രാജസ്ഥാൻ ബിജെപിയെ ലോക്സഭയിലേക്കു പാസാക്കിയത്. ബിജെപിയും കോൺഗ്രസും നേർക്കുനേരായിരുന്നു പോരാട്ടം. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വസുന്ധര രാജെ സർക്കാരിനെ താഴെയിറക്കി അധികാരത്തിലെത്തിയതിന്റെ ആവേശത്തിലായിരുന്നു കോൺഗ്രസ്. കർഷകരും സൈനികരും ആയിരുന്നു പ്രധാന പ്രചാരണവിഷയം. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്നതിനാൽ ഭീകരാക്രമണവും പ്രത്യാക്രമണവും ചർച്ചയായി. മരുഭൂമി സംസ്ഥാനമായതിനാൽ കുടിവെള്ളവും ജീവൽപ്രശ്നമായി. പ്രതിവർഷം കർഷകർക്ക് 6000 രൂപ നൽകുമെന്നു ബിജെപിയും എല്ലാവർക്കും മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയുമായി കോൺഗ്രസും വോട്ടു തേടി.

272 സമുദായങ്ങളുള്ള രാജസ്ഥാനിൽ വിധിനിർണയത്തിൽ ജാതിയും പ്രധാന ഘടകമായിരുന്നു. ഭൂരിപക്ഷമായ ദലിത് വോട്ടുകൾ ബിഎസ്പി സമാഹരിച്ചപ്പോൾ രജ്പുത് സമുദായമാണു ബിജെപിയെ സഹായിച്ചത്. ഭാരതീയ ട്രൈബൽ പാർട്ടി (ബിടിപി) മറ്റു പാർട്ടികളെ വെള്ളം കുടിപ്പിച്ചു. ഗോത്രവിഭാഗങ്ങൾക്കു മേൽക്കൈയുള്ള ബൻസ്വര, ദുംഗാർപുർ, ഉദയ്പുർ ജില്ലകളിലാണു ബിടിപി സ്വാധീനമറിയിച്ചത്. ദേശീയതയും മോദിയുടെ പ്രവർത്തനങ്ങളും ബിജെപിയെ കാര്യമായി സഹായിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെയും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെയും നേതൃത്വത്തിൽ കോൺഗ്രസ് ആഞ്ഞുപിടിച്ചെങ്കിലും ബിജെപി കോട്ടകൾ ഇളകിയില്ല.

∙ മറ്റിടങ്ങളിലും മങ്ങാതെ മോദിതരംഗം

2014ൽ ജാർഖണ്ഡിൽ 14ൽ 12 സീറ്റും ബിജെപിയാണു നേടിയത്. ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം), ബാബുലാൽ മറാണ്ടിയുടെ ജെവിഎം(പി), ആർജെഡി പാർട്ടികളാണു ബിജെപിക്ക് വെല്ലുവിളി ഉയർത്തിയത്. ജയപരാജയങ്ങൾ നിർണയിച്ചതാകട്ടെ ആദിവാസി വിഭാഗങ്ങളും. സാന്താൾ വിഭാഗം ജെഎംഎമ്മിനെ സഹായിച്ചപ്പോൾ മുണ്ട വിഭാഗം ബിജെപിയെ പിന്തുണച്ചു. ഒബിസി പിന്തുണയും ബിജെപിക്കായിരുന്നു. ഒറവ്, ഹൊ ആദിവാസി വിഭാഗങ്ങളും മുസ്‌‍ലിം, ദലിത്, ക്രിസ്ത്യൻ സമുദായങ്ങളും കോൺഗ്രസിനൊപ്പം നിന്നെന്നാണ് ആദ്യസൂചനകൾ. ഛത്തീസ്ഗഡിൽ 11ൽ 10 സീറ്റുകളും കഴിഞ്ഞതവണ ബിജെപിയാണു നേടിയത്. 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചതിന്റെ ആത്മവിശ്വാസം കോൺഗ്രസിനു കാത്തുസൂക്ഷിക്കാനായില്ല.

തിരഞ്ഞെടുപ്പ് ഫലത്തിൽ പൊതുജനം എന്ത് പറയുന്നു? വിഡ‍ിയോ കാണാം

കടുത്ത ത്രികോണ മത്സരമാണ് 7 മണ്ഡലങ്ങളുള്ള രാജ്യതലസ്ഥാനത്തു നടന്നത്. കഴിഞ്ഞ തവണ ഡൽഹിയിലെ മുഴുവൻ മണ്ഡലങ്ങളും സ്വന്തമാക്കിയ ബിജെപി ഇക്കുറിയും മോശമാക്കിയില്ല. സഖ്യസാധ്യത തട്ടിയകറ്റപ്പെട്ടതോടെ കോൺഗ്രസും ആം ആദ്മി പാർട്ടിയും (എഎപി) ഏറ്റുമുട്ടി. ശക്തരായ സ്ഥാനാർഥികളുമായി ബിജെപിയും രംഗത്തിറങ്ങി. വികസനവും ദേശീയതയും ഒരുപോലെ ചൂടുപിടിച്ചു. ഹരിയാനയിൽ 10 ൽ 7 സീറ്റായിരുന്നു 2014ൽ ബിജെപിയുടെ സമ്പാദ്യം. ഇത്തവണ സഖ്യമില്ലാതെ മത്സരിച്ചിട്ടും ബിജെപി തളർന്നില്ല. കോൺഗ്രസും എഎപിയും ഒറ്റയ്ക്കൊറ്റയ്ക്കാണു കച്ചകെട്ടിയത്. ജെജെപിയും എൽഎസ്പിയും ഐഎൻഎൽഡിയും സ്ഥാനാർഥികളെ നിർത്തിയതോടെ വോട്ട് ഭിന്നിച്ചു.

കോൺഗ്രസും ബിജെപിയും തമ്മിലായിരുന്നു ഉത്തരാഖണ്ഡിൽ പോരാട്ടം. 2014ൽ അഞ്ചിൽ അഞ്ചു സീറ്റും ബിജെപിക്കാണു വോട്ടർമാർ സമ്മാനിച്ചത്. കോൺഗ്രസിനെ കൂടാതെ എസ്പി–ബിഎസ്പി സഖ്യവും സ്ഥാനാർഥികളെ നിർത്തി. കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ബിജെപി സർക്കാരുകളുടെ ഭരണപരാജയമായിരുന്നു മുഖ്യവിഷയം. ജനം ബിജെപിയെ സ്വീകരിച്ചു. ഹിമാചൽ പ്രദേശിൽ നാലിൽ നാലും നേടിയതിന്റെ നേട്ടവും ബിജെപി കളഞ്ഞുകുളിച്ചില്ല.

ഹിന്ദി സംസാരിക്കുന്നവരുടെ ഭൂരിപക്ഷ പ്രദേശമെന്നാണ് ‘ഹിന്ദിഹൃദയഭൂമി’ എന്ന പ്രയോഗത്തിന്റെ അർഥം. ഇന്ത്യയുടെ ഹൃദയം ആർക്കൊപ്പമാണെന്ന വലിയ ചോദ്യത്തിനുള്ള ഉത്തരമാണിപ്പോൾ തെളിഞ്ഞത്. ഇതു ജനം ഹൃദയം കൊണ്ടെഴുതിയ രാഷ്ട്രീയ കവിത, ആർക്കും തിരുത്താനാവാത്തത്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com