ADVERTISEMENT

ബെംഗളൂരു ∙ കർണാടകയിൽ കോൺഗ്രസ് - ജനതാദൾ (എസ്) കൂട്ടുകെട്ടിനെ തൂത്തെറിഞ്ഞ് ബിജെപി ജയഭേരി. 28 ൽ 25 സീറ്റും നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. മുൻ പ്രധാനമന്ത്രിയും ദൾ ദേശീയാധ്യക്ഷനുമായ എച്ച്.ഡി. ദേവെഗൗഡ, ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് മല്ലികാർജുൻ ഖർഗെ, മുതിർന്ന കോൺഗ്രസ് നേതാക്കളായ വീരപ്പമൊയ്‍ലി, കെ.എച്ച് മുനിയപ്പ തുടങ്ങിയ വൻമരങ്ങളെല്ലാം വീണതോടെ, സംസ്ഥാനത്തെ ഭരണമുന്നണി രണ്ടിൽ (കോൺ–1, ദൾ –1) ഒതുങ്ങി.

തിരഞ്ഞെടുപ്പ് ഫലത്തിൽ പൊതുജനം എന്ത് പറയുന്നു? വിഡ‍ിയോ കാണാം

ബിജെപി പിന്തുണയോടെ മണ്ഡ്യയിൽ സ്വതന്ത്രയായി മത്സരിച്ച നടി സുമലതയും ജയംകണ്ടു. ദേവെഗൗഡ തുമക്കൂരുവിലും അദ്ദേഹത്തിന്റെ കൊച്ചുമകനും മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡ മണ്ഡ്യയിലും തോറ്റത് ഗൗഡ കുടുംബത്തിനു വൻ തിരിച്ചടിയായി. മറ്റൊരു കൊച്ചുമകൻ പ്രജ്വൽ രേവണ്ണ ഹാസനിൽ ജയിച്ചതാണ് ഏക ആശ്വാസം. കോൺഗ്രസ് ജയം ഡി.കെ. സുരേഷിലൂടെ ബെംഗളൂരു റൂറലിൽ മാത്രം.

കോൺഗ്രസ്– ദൾ സഖ്യത്തിലെ ഭിന്നതകളാണു തിരിച്ചടിക്കു കാരണമായതെന്നാണു വിലയിരുത്തൽ. ഏറ്റവും കൂടുതൽ ഭൂരിപക്ഷം ഉത്തര കന്നഡയിൽ മത്സരിച്ച കേന്ദ്ര സഹമന്ത്രി അനന്ത് കുമാർ ഹെഗ്ഡെയ്ക്ക്. ദളിന്റെ ആനന്ദ് അസ്നോട്ടിക്കറെ വീഴ്ത്തിയത് 4,79,649 വോട്ടുകൾക്ക്. ബെംഗളൂരു സെൻട്രലിൽ സ്വതന്ത്രനായി മത്സരിച്ച നടൻ പ്രകാശ് രാജ് പരാജയപ്പെട്ടു. 

ലോക്സഭാ ഫലം വന്നതോടെ, സംസ്ഥാന സർക്കാരിന്റെ ഭാവിയും പ്രതിസന്ധിയിലായേക്കും. ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് – ദൾ വിമതരെ ഒപ്പംകൂട്ടി ഭരണം പിടിക്കാൻ ബിജെപി നീക്കം സജീവം. രണ്ടിടത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ, ചിഞ്ചോളിയിൽ ബിജെപിയും കുണ്ട്ഗോൽ കോൺഗ്രസും ജയിച്ചു. 224 അംഗ നിയമസഭയിൽ ചിഞ്ചോളി നഷ്ടമായതോടെ കോൺഗ്രസ് അംഗബലം 79 ആയി. ദളിന്റെ 37 ഉം പുറമേ നിന്നു പിന്തുണയ്ക്കുന്ന ബിഎസ്പിയുടെ ഒന്നും കൂടിയാകുമ്പോൾ 117. ബിജെപി-105, കെപിജെപി-1, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് മറ്റുള്ളവർ. കേവലഭൂരിപക്ഷത്തിനു വേണ്ടത് 113. 20 കോൺഗ്രസ് വിമതർ മറുകണ്ടം ചാടുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ നാടകീയമായി രൂപപ്പെട്ട ജെഡിഎസ് – കോൺഗ്രസ് സഖ്യവും ബിജെപിയും തമ്മിലായിരുന്നു കർണാടകയിൽ മൽസരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ സംസ്ഥാനത്ത് പ്രചാരണത്തിനു നേതൃത്വം നൽകി. 27 സീറ്റിൽ സ്വന്തം നിലയ്ക്കു മൽസരിച്ച ബിജെപി, മണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ച നടി സുമലതയെ പിന്തുണച്ചു. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയായിരുന്നു ഇവിടെ ജെഡിഎസ് – കോൺഗ്രസ് സ്ഥാനാർഥി.

അതേസമയം, 21 സീറ്റിൽ കോൺഗ്രസും ഏഴു സീറ്റിൽ ജെഡിഎസും മൽസരിച്ചു. 20 മണ്ഡലങ്ങളിൽ കോൺഗ്രസും 8 മണ്ഡലങ്ങളിൽ ദളും മൽസരിക്കാനായിരുന്നു സഖ്യകക്ഷി ധാരണ. എന്നാൽ സ്ഥാനാർഥിയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് ബെംഗളൂരു നോർത്ത് സീറ്റ് ദൾ കോൺഗ്രസിനു വിട്ടു കൊടുത്തു. ഒരുമിച്ചു മൽസരിച്ചെങ്കിലും മിക്കയിടങ്ങളിലും ജെഡിഎസ് – കോൺഗ്രസ് ധാരണ അട്ടിമറിക്കപ്പെട്ടതായി വോട്ടെടുപ്പിനു പിന്നാലെ സൂചനകൾ വന്നു.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബി.എസ്. യെഡിയൂരപ്പ ബിജെപി ദേശീയ നേതാക്കൾക്ക് നൽകിയ കോടികളുടെ കോഴയുമായി ബന്ധപ്പെട്ട ആരോപണം പ്രചാരണകാലത്ത് കോൺഗ്രസ് മുഖ്യ ആയുധമാക്കി. യെഡിയൂരപ്പ ബിജെപി കേന്ദ്രനേതാക്കൾക്ക് ഉൾപ്പെടെ 1800 കോടി രൂപ നൽകിയെന്ന മാധ്യമ റിപ്പോർട്ട് ഉയർത്തി കടുത്ത വിമർശനമാണ് കോൺഗ്രസ് നടത്തിയത്. കോൺഗ്രസ്–ദൾ നേതാക്കളുടെയും സഹായികളുടെയും വീടുകളും ഓഫിസുകളും കേന്ദ്രീകരിച്ച് നടന്ന ആദായനികുതി റെയ്ഡുകളായിരുന്നു മറുപടി. പ്രതികാര രാഷ്ട്രീയമെന്ന ആരോപണമുയർത്തിയാണ് ദൾ–കോൺഗ്രസ് സഖ്യം ഇതിനെ ചെറുത്തത്.

∙ വോട്ടെടുപ്പ് രണ്ടു ഘട്ടം

രണ്ടു ഘട്ടങ്ങളായാണ് സംസ്ഥാനത്ത് വോട്ടെടുപ്പു നടന്നത്. ഇരു ഘട്ടങ്ങളിലുമായി 68 ശതമാനത്തിലധികം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2014ൽ 67.28 ശതമാനമായിരുന്ന സ്ഥാനത്താണിത്. ഏപ്രിൽ 18ന് രാജ്യവ്യാപകമായി നടന്ന രണ്ടാം ഘട്ടത്തിലാണ് കർണാടകയിലെ ആദ്യഘട്ട വോട്ടെടുപ്പു നടന്നത്. ആകെ 28 മണ്ഡലങ്ങളുള്ള കർണാടകയിലെ 14 മണ്ഡലങ്ങളിലാണ് 18ന് വോട്ടെടുപ്പു നടന്നത്. ആദ്യഘട്ട വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത് 68.81% പോളിങ്. 2014ലെ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിലെ പോളിങ് ശരാശരി 68.60% ആയിരുന്നു. ആദ്യഘട്ടത്തിൽ 13 മണ്ഡലങ്ങളിലും മൽസരിച്ച ബിജെപി, മണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർഥി സുമലതയെ പിന്തുണച്ചു. കോൺഗ്രസ് 10 സീറ്റിലും ജെഡിഎസ് നാലു സീറ്റിലും മൽസരിച്ചു.

മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡ സുമലതയെ നേരിട്ട മണ്ഡ്യയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് – 80.23%. 2014ൽ ഈ 14 സീറ്റുകളിൽ ആറിടത്തു വീതം കോൺഗ്രസും ബിജെപിയും രണ്ടിടത്ത് ജെഡിഎസ്സുമാണ് ജയിച്ചത്. ഏറ്റവും കുറവ് ബെംഗളൂരു സെൻട്രലിൽ (50.84 %). ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡ മത്സരിച്ച തുമക്കൂരുവിൽ 77.11 % പോളിങ് രേഖപ്പെടുത്തി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് എന്ത്?, വിഡിയോ സ്റ്റോറി കാണാം

23നു നടന്ന മൂന്നാം ഘട്ടത്തിലാണ് കർണാടകയിലെ ബാക്കി 14 മണ്ഡലങ്ങളിലെ വോട്ടെടുപ്പു നടന്നത്. 68.45 ശതമാനമാണ് ഈ ഘട്ടത്തിലെ പോളിങ്. വടക്കൻ കർണാടകയിലെ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഈ ഘട്ടത്തിലെ വോട്ടിങ്. ഇതിൽ കലബുറഗി, റായ്ച്ചൂർ, ബീദർ, കൊപ്പാൾ, ബെള്ളാരി എന്നിവ ഹൈദരാബാദ് കർണാടക മേഖലയിലും ചിക്കോഡി, ബെളഗാവി, ബാഗൽക്കോട്ട്, വിജയപുര, ഹാവേരി, ധാർവാഡ് എന്നിവ മുംബൈ കർണാടകയിലും ദാവനഗെരെ മധ്യ മേഖലയിലും ഉത്തര കന്നഡ തീരദേശത്തും ശിവമൊഗ്ഗ മലനാട്ടിലും ഉൾപ്പെടുന്നു. വിജയപുരയിലും ഉത്തര കന്നഡയിലും ദളും മറ്റുള്ളവയിൽ കോൺഗ്രസും ബിജെപിക്കെതിരെ മൽസരിച്ചു.

∙ 2009, 2014 വർഷങ്ങളിലെ ഫലം

2009

ബിജെപി: 19 (+1)
കോൺഗ്രസ്: 6 (-2)
ജെഡിഎസ്: 3 (+1)

2014

ബിജെപി: 17 (-2)
കോൺഗ്രസ്: 9 (+3)
ജെഡിഎസ്: 2 (–1)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com