ADVERTISEMENT

ആകയുള്ള 25 സീറ്റിൽ 24ഉം ബിജെപി ഒറ്റക്കു നേടി. ബിജെപി സഖ്യകക്ഷി ആയ ആർഎൽപി ഒരു സീറ്റും േനടി.- ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ രാജസ്ഥാനിലെ ചിത്രമിങ്ങനെയാണ്. നാലിടത്തൊഴികെ രണ്ടരലക്ഷത്തിലധികമാണ് ബിജെപിയുടെ ഭൂരിപക്ഷം. ജോധ്പുരിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ട് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനോട് തോറ്റു. ബിജെപി വിട്ട് ആർഎൽപി രൂപികരിച്ച ജാട്ട് േനതാവ് ഹനുമാൻ േബനിവാൾ നഗോറിലാണ് എൻഡിഎ സ്ഥാനാർഥിയായി ജയിച്ചത്. 

കഴിഞ്ഞ 20 വർഷമായി രാജസ്ഥാൻ പിന്തുടരുന്ന രസകരമായ ഒരു കാര്യമുണ്ടായിരുന്നു – സംസ്ഥാന ഭരണം കയ്യാളുന്നവർക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ കൂടുതൽ സീറ്റുകൾ. 1999നു ശേഷം നടന്ന എല്ലാം പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും ഇതായിരുന്നു സ്ഥിതി. 2013–ൽ വസുന്ധര രാജെ സർക്കാർ അധികാരമേറ്റതിനു ശേഷം നടന്ന 2014–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 25 സീറ്റുകളിലും ബിജെപി കാവിക്കൊടി പാറിച്ചു. 2018–ൽ ബിജെപിക്കെതിരായ ഭരണവിരുദ്ധവികാരം മുതലെടുത്താണ് കോൺഗ്രസ് സംസ്ഥാനഭരണം പിടിച്ചെടുത്തത്. അതു തന്നെയാണ് അവർക്ക് നൽകിയ പ്രതീക്ഷയും. എന്നാൽ അവയെല്ലാം അസ്ഥാനത്താക്കി ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലം. 

നിയമസഭാ തിരഞ്ഞെടുപ്പിൽ ചില സ്വതന്ത്ര സ്ഥാനാർഥികളുടെ മിന്നുന്ന വിജയമാണ് ഇരു പാർട്ടികളെയും ഒരുപോലെ ആശങ്കപ്പെടുത്തിയത്. 200 സീറ്റിൽ 27 എണ്ണം നേടിയത് സ്വതന്ത്രരോ കോൺഗ്രസ്, ബിജെപി ഇതരകക്ഷികളോ ആണ്. 22 ശതമാനമായിരുന്നു ഇവരുടെ വോട്ടുവിഹിതം. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമെന്ന നിലയിൽ പുൽവാമ ഭീകരാക്രമണവും ബാലാക്കോട്ട് വ്യോമാക്രമണവുമെല്ലാം ഏറ്റവും സ്വാധീനിച്ച ഇടങ്ങളിൽ ഒന്നായിരുന്നു രാജസ്ഥാൻ. ബിജെപിയുടെ പ്രചാരണയുധങ്ങളും ഈ വിഷയങ്ങളായിരുന്നു. അതുകൊണ്ടു തന്നെ വഴുതിപ്പോയ വോട്ടുവിഹിതം തിരിച്ചുപിടിക്കാമെന്നായിരുന്നു ബിജെപി പ്രതീക്ഷ.

രണ്ടു ഘട്ടങ്ങളിലായിട്ടായിരുന്നു രാജസ്ഥാനിൽ തിരഞ്ഞെടുപ്പ്. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോളഭീകര പട്ടികയിൽ ഉൾപ്പെടുത്തിയത് കേന്ദ്ര സർക്കാരിന്റെ നയതന്ത്ര വിജയമായി ഉയർത്തിക്കാട്ടിയായിരുന്നു രണ്ടാം ഘട്ടത്തിൽ ബിജെപിയുടെ പ്രചാരണം. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സംസ്ഥാനത്തെ അഞ്ച് ജവാന്മാരുടെ കുടുംബത്തിന് പ്രഖ്യാപിച്ച 25 ലക്ഷം രൂപ 50 ലക്ഷമായി ഉയർത്തിയും കുടുംബാംഗങ്ങൾക്ക് ജോലി വാഗ്ദാനം ചെയ്തുമായിരുന്നു കോൺഗ്രസിന്റെ പ്രത്യാക്രമണം.

മുൻ തിരഞ്ഞെടുപ്പുകളിലെപ്പോലെ ഇത്തവണയും രാജസ്ഥാനിലെ ജാതിസമവാക്യങ്ങളുടെ സ്വാധീനം പ്രതിഫലിച്ചു. സംസ്ഥാനത്തെ മൂന്നിൽ രണ്ടു സീറ്റിലും വിവിധ വിഭാഗങ്ങളുടെ വോട്ടുവിഹിതം നിർണായകമായി. മുസ്‌ലിം വോട്ടുകൾ കൂടുതലായും ബിജെപിയെ സഹായിച്ചെന്നു വേണം അനുമാനിക്കാൻ. കൂടാതെ, രജ്പുത്, ജാട്ട്, മീണ, ഗുജ്ജർ, ബ്രാഹ്മണ വിഭാഗങ്ങളുടെ വോട്ടും ഫലത്തിൽ പ്രതിഫലിച്ചു.

ജനസംഘ കാലം മുതൽ സംസ്ഥാനത്തു ബിജെപിയുടെ ഉറച്ച വോട്ടുബാങ്കായിരുന്നു എട്ടു ശതമാനത്തോളം വരുന്ന രജ്പുത് സമുദായം. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രജ്പുത് വിഭാഗം അധികം പിന്തുണയ്ക്കാതിരുന്നതാണു ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റി നിർത്തിയത്. ഇതു മുന്നിൽക്കണ്ടാണ് ജാട്ട് നേതാവ് ഹനുമാൻ ബനിവാൾ ഉൾപ്പെടെയുള്ള സമുദായ നേതാക്കളെ ബിജെപി ഇത്തവണ ഒപ്പം നിർത്തിയത്.

rajasthan lok sabha election map

നിയമസഭാ തിരഞ്ഞെടുപ്പിൽ അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക് ദൾ, ശരദ് യാദവിന്റെ ലോകതാന്ത്രിക് ജനതാദൾ, എൻസിപി എന്നിവരുമായി സഖ്യം ചേർന്നാണ് കോൺഗ്രസ് മൽസരിച്ചതെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മൽസരിക്കാൻ തീരുമാനിക്കുകയായിരുന്നു. ചെറുപാർട്ടികളുടെ മേൽ സമ്മർദ്ദം ചെലുത്താനുള്ള പാർട്ടിയുടെ പൊതുനയത്തിന്റെ ഭാഗമായിരുന്നു രാജ്സഥാനിലെ ഈ തീരുമാനവും. എന്നാൽ തീരുമാനങ്ങളെല്ലാം മോദി തരംഗത്തിനു മുൻപിൽ അപ്രസക്തമായി.

English summary: Lok Sabha Election Rajasthan Election News Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com