ശബരിമലയിൽ യുവതീപ്രവേശം തടയാൻ നിയമനിര്‍മാണം ഉടനില്ല: കേന്ദ്ര സര്‍ക്കാര്‍
Mail This Article
ന്യൂഡൽഹി∙ ശബരിമല യുവതീപ്രവേശം തടയാൻ തൽക്കാലം നിയമനിർമാണമില്ലെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ്. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് മന്ത്രി ലോക്സഭയിൽ അറിയിച്ചു. ആചാരസംരക്ഷണത്തിന് എൻ.കെ.പ്രേമചന്ദ്രൻ എംപി കഴിഞ്ഞ ദിവസം ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു.
ശബരിമലയിലെ ആചാരങ്ങൾ നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് പ്രേമചന്ദ്രൻ അവതരിപ്പിച്ചിരുന്നത്. ശബരിമലയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനു മുമ്പുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ശ്രീധര്‍മശാസ്താ ടെമ്പിള്‍ (സ്‌പെഷല്‍ പ്രൊവിഷന്‍) ബില്‍ 2019. സഭ ഏകകണ്ഠമായാണ് ബില്ലിന് അവതരണാനുമതി നല്‍കിയത്. അതേസമയം, സ്വകാര്യബില്‍ അപൂര്‍ണമാണെന്നും ശബരിമല ആചാര സംരക്ഷണത്തിന് സമഗ്രമായ നിയമനിര്‍മാണം വേണമെന്നും ബിജെപി എം.പി മീനാക്ഷി ലേഖി ആവശ്യപ്പെടുകയും ചെയ്തു.
ആചാരസംരക്ഷണത്തിന് ഭരണഘടനാ പരിരക്ഷ വേണം. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായ കണക്കാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ വേണമെന്നും ലേഖി പറഞ്ഞു. 'ജയ് അയ്യപ്പ' വിളിക്കിടെയാണ് ലേഖി പ്രസംഗം അവസാനിപ്പിച്ചത്. ശബരിമലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടുവരണമെന്ന് ആന്‍റോ ആന്‍റണി ആവശ്യപ്പെട്ടു. ബില്‍ ചര്‍ച്ചയ്ക്കെടുക്കണോയെന്ന് നറുക്കിട്ടെടുത്താണ് തീരുമാനിക്കുക. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പാസാക്കുകയും വേണം.