ADVERTISEMENT

ന്യൂഡല്‍ഹി∙ അതിര്‍ത്തി ലംഘിച്ചു നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഒട്ടും വൈകാതെ യാതൊരു ദാക്ഷിണ്യവും കൂടാതെ ശക്തമായി തിരിച്ചടിക്കുകയെന്ന നിലപാടിലേക്കു കേന്ദ്ര സര്‍ക്കാരും സൈന്യവും മാറിയെന്നു സൂചിപ്പിക്കുന്നതാണ് ഞായറാഴ്ച അര്‍ധരാത്രി  പാക്ക് ഭീകരക്യാംപുകള്‍ക്കു നേരെ ഇന്ത്യ നടത്തിയ കടന്നാക്രമണമെന്ന് പ്രതിരോധവിദഗ്ധര്‍. മിന്നലാക്രമണം എന്നു വിശേഷിപ്പിക്കാന്‍ കഴിയില്ലെങ്കിലും 155 എംഎം ബൊഫോഴ്‌സ് തോക്കുകള്‍ ഉപയോഗിച്ചുള്ള കൃത്യമായ ആക്രമണമാണ് ഇന്ത്യന്‍ സൈന്യം നടത്തിയത്. ശനിയാഴ്ച പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ അതിര്‍ത്തിക്കപ്പുറത്തേക്ക് ആക്രമിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

10 പാക്ക് സൈനികരെയും ഒട്ടേറെ ഭീകരരെയും വധിച്ചുവെന്നാണു കരസേനാ മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു. 35 ഭീകരര്‍ വരെ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. സംയമനം എന്ന നിലപാടില്‍നിന്ന് ഉടനടി തിരിച്ചടിയെന്ന നിലപാടിലേക്ക് സര്‍ക്കാരും സൈന്യവും ചുവടുമാറിക്കഴിഞ്ഞുവെന്നു പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ ഭീകരരെ കശ്മീരിലേക്കു കടത്തിവിട്ട് ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുമ്പോള്‍ കനത്ത ജാഗ്രതയിലാണു സൈന്യം. 

പാക്ക് അധിനിവേശ കശ്മീരിലെ നീലം താഴ്‌വരയില്‍ ജുറ, അത്മുഖം, കുന്ദല്‍സാഹി എന്നിവിടങ്ങളിലെ ഭീകര ക്യാംപുകളാണ് തകര്‍ത്തത്. പാക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റം സ്ഥിരമായ നിയന്ത്രണരേഖയിലെ മച്ചാല്‍ സെക്ടറിലാണ് കനത്ത വെടിവയ്പ് ഉണ്ടായത്. കശ്മീരിലെ കുപ്‌വാര ജില്ലയിലെ ടാങ്ധറിന് എതിര്‍വശത്താണു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നീലം താഴ്‌വര. പാക്ക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിനു സമീപമാണിത്.

ടാങ്ധര്‍-തിത്‌വാള്‍ സെക്ടര്‍ ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇന്ത്യന്‍ സൈന്യത്തിനാണു മുന്‍തൂക്കം. ഇവിടെനിന്നു പാക്കിസ്ഥാന്‍ പോസ്റ്റുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ കഴിയും. ഭീകരര്‍ക്ക് ഇന്ത്യന്‍ മേഖലയിലേക്കു കടന്നുകയറാന്‍ സൗകര്യമൊരുക്കാനായി വെടിവയ്പു നടത്തുന്ന പാക്ക് സൈനിക പോസ്റ്റുകളാണ് ആക്രമിച്ചു തകര്‍ത്തത്. 

കരിമ്പട്ടികയില്‍ പെടുത്താതെ എഫ്എടിഎഫ് യോഗം കഴിഞ്ഞതോടെ എത്രയും പെട്ടെന്നു കഴിയുന്നത്ര ഭീകരരെ ഇന്ത്യന്‍ മണ്ണിലേക്കു കടത്തിവിടാനുള്ള പെടാപാടിലാണ് പാക്കിസ്ഥാന്‍. ശൈത്യകാലം തുടങ്ങിയാല്‍ വഴികളെല്ലാം മഞ്ഞ് മുടുന്നതിനാല്‍ അതിനു മുമ്പു നുഴഞ്ഞുകയറ്റം പൂര്‍ത്തിയാക്കാനു ശ്രമം. ഇതിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 2350 തവണയാണ് കരാര്‍ ലംഘിക്കപ്പെട്ടത്. എല്ലായ്‌പ്പോഴും 250 മുതല്‍ 300 വരെ ഭീകരര്‍ കശ്മീരില്‍ ഉണ്ടെന്നു ഉറപ്പു വരുത്തുകയെന്നതാണ് പാക്കിസ്ഥാന്റെ തന്ത്രം. 

അതിര്‍ത്തി ഗ്രാമങ്ങളില്‍ ശനിയാഴ്ച രാത്രി പാക്കിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ 2 ഇന്ത്യന്‍ സൈനികരും ഒരു നാട്ടുകാരനും മരണമടഞ്ഞിരുന്നു. 3 പേര്‍ക്കു ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. ഹവില്‍ദാര്‍ പദം ബഹാദൂര്‍ ശ്രേഷ്ഠ, റൈഫിള്‍മാന്‍ ഗാമില്‍ കുമാര്‍ ശ്രേഷ്ഠ എന്നിവരാണു വീരമൃത്യു വരിച്ചത്. തുടര്‍ന്ന് അര്‍ധരാത്രിക്കു ശേഷം തിരിച്ചടിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

ബാലാക്കോട്ട് സൈനിക നീക്കത്തിനു ശേഷം അതിര്‍ത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തുന്ന ആദ്യ ആക്രമണമാണിത്. ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ കേന്ദ്രങ്ങളാണിത്. ഇതേസമയം, 9 ഇന്ത്യന്‍ സൈനികരെ വധിച്ചെന്നും ഒട്ടേറെ പേര്‍ക്കു പരുക്കേറ്റെന്നുമാണു പാക്ക് വാദം. തങ്ങളുടെ ഒരു സൈനികനും 3 സാധാരണക്കാരും കൊല്ലപ്പെട്ടതായും പാക്ക് കരസേനാ വക്താവ് പറഞ്ഞു.

English Summary: Indian Army launches artillery attack on terror camps in PoK, India firms up stand

ഒക്ടോബർ 24 ന് വോട്ടെണ്ണൽ വിവരങ്ങൾ തൽസമയം അറിയാൻ സന്ദർശിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com