ADVERTISEMENT

കൊച്ചി∙ നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തിൽ നഗരസഭയുടെ വിശദീകരണം തള്ളി ഹൈക്കോടതി. വേലിയേറ്റമുണ്ടായതിനാല്‍ വെള്ളം ഒഴുകിപ്പോകാതിരുന്നതാണ് വെള്ളക്കെട്ടിന്റെ കാരണമെന്ന നഗരസഭയുടെ വിശദീകരണം ഹൈക്കോടതി അംഗീകരിച്ചില്ല. വെറുതെ എന്തെങ്കിലും പറയരുതെന്നു കോടതി നഗരസഭയോടു പറഞ്ഞു. കൊച്ചി നഗരത്തിൽ ഇതുവരെ കാണാത്ത വെള്ളക്കെട്ടാണ് തിങ്കളാഴ്ച കണ്ടത്. ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. കഴിഞ്ഞ പ്രളയത്തിൽ നിന്ന് ഒന്നും പഠിച്ചില്ല. എന്തു നടപടിയാണ് നഗരസഭയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത് എന്നാണ് അറിയിക്കേണ്ടത്. ഒഴികഴിവുകൾ നിരത്തുകയല്ല നഗരസഭ വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

വിഷയത്തിൽ കൂടുതൽ നടപടികളുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിനു വേണ്ടി കോടതിയെ അറിയിച്ചു. വിഷയത്തിൽ സർക്കാർ ഇടപെട്ടതു നന്നായെന്നും ഭാവിയിലേയ്ക്കു സർക്കാരിന് എന്തു പദ്ധതിയാണുള്ളതെന്നും കോടതി ആരാഞ്ഞു. നഗരസഭയ്ക്ക് ഒറ്റയ്ക്ക് ഈ വിഷയം കൈകാര്യം ചെയ്യാനാവില്ലെന്നും ജില്ലാ ഭരണകൂടത്തിന്റെയും സർക്കാരിന്റെയും സഹായത്തോടെ മാത്രമേ സാധിക്കൂ എന്ന നിലപാട് കോടതിയും സർക്കാരും അംഗീകരിച്ചിട്ടുണ്ട്. വെള്ളക്കെട്ടു പരിഹരിക്കാൻ ജില്ലാ കലക്ടർ അധ്യക്ഷനായി  പ്രത്യേക കർമ സേന  രൂപീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചു.

ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി, മെട്രോ, പോർട്ട്, കെഎസ്ഇബി, വാട്ടർ അതോറിറ്റി, സിയാൽ തുടങ്ങിയവയുടെ പ്രതിനിധികൾ ഉൾപ്പെട്ടതാണു കമ്മിറ്റി. മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടു മാത്രമാണ് സ്ഥിതി നിയന്ത്രണ വിധേയമായത്. പൊലീസ്, ഫയർഫോഴ്സ് സേനകളെ കോടതി അഭിനന്ദിച്ചു. പേരണ്ടൂർ കനാൽ വൃത്തിയാക്കുന്ന നടപടി പുരോഗമിക്കുന്നതായി നഗരസഭ ഹൈക്കോടതിയിൽ അറിയിച്ചു. കനാലിനു ചുറ്റും വേലി കെട്ടുന്നുണ്ട്. മാലിന്യ വിഷയത്തിൽ ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് കോർപ്പറേഷൻ കോടതിയിൽ പറഞ്ഞു.

വേലിയേറ്റമാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണമാക്കിയതെന്ന നഗരസഭയുടെ വിശദീകരണത്തിനിടെ അമിക്കസ്ക്യൂറി ഇടപെടുകയും വേലിയേറ്റം ഉണ്ടായാലും വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഉണ്ടാക്കണമെന്നും അഭിപ്രായപ്പെട്ടു. ഇത് അംഗീകരിച്ച കോടതി, നഗരത്തിലെ ഡ്രെയിനേജ് സംബന്ധിച്ച് ബ്ലൂപ്രിന്റ് തയാറാക്കാനും വേലിയേറ്റം ഉള്ളപ്പോൾ ഏതു വഴി വെള്ളം ഒഴുകി പോകണം എന്ന കാര്യത്തിൽ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടു. വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ഒരു ദൗത്യ സംഘത്തെ നിയോഗിക്കുന്നത് പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ പ്രളയത്തിൽ നിന്നു പാഠം പഠിച്ചില്ലെന്നും കോടതി സംസാരിച്ചത് ജനങ്ങൾക്കു വേണ്ടിയാണെന്നും ഇതിനെ വിവാദമാക്കേണ്ടതില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നഗരത്തിലെ മാലിന്യം കെട്ടിനിൽക്കുന്ന പേരണ്ടൂർ കനാൽ ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിനഗർ സ്വദേശിനി കെ.ജെ. ട്രീസ ഉൾപ്പടെയുള്ളവർ നൽകിയ ഹർജികൾ പരിഗണിച്ചപ്പോഴാണ് ചൊവ്വാഴ്ച ഹൈക്കോടതി നഗരസഭയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. നിഷ്ക്രിയമായ നഗരസഭയെ പിരിച്ചു വിടുന്നതിന് സർക്കാർ ചങ്കൂറ്റം കാണിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ വാക്കാലുള്ള പരാമർശം. കൊച്ചിയെ സിംഗപ്പൂരാക്കിയില്ലെങ്കിലും ജീവിക്കാൻ സാഹചര്യമൊരുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ഉപതിരഞ്ഞെടുപ്പ് ഫലം തൽസമയം ഒക്ടോബർ 24 രാവിലെ 8 മുതൽ മനോരമ ഓൺലൈനിൽ, സന്ദർശിക്കുക www.manoramaonline.com/elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com