കളർ ഇഷ്ടപ്പെട്ടില്ലെങ്കില് കാറും തകർക്കും; അതാണ് പുകയുന്ന ‘ഗഞ്ചാ സ്റ്റൈൽ’
Mail This Article
കഞ്ചാവ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ചിലർ വ്യത്യസ്തമായി പെരുമാറുമ്പോൾ ഒളിഞ്ഞും തെളിഞ്ഞും കഞ്ചാവ് ഉപയോഗം എന്ന വാദം കടന്നു വരുന്നു. അതെന്തുകൊണ്ടായിരിക്കും? കഞ്ചാവിന്റെ പണി തന്നെ മനസ്സിനെ പുകയ്ക്കലാണ്. ഇന്നലെ വരെ പാവത്താനായിരുന്നവൻ ഇന്നു രണ്ടു പേരെ കൊന്നുകളഞ്ഞാൽ ആദ്യത്തെ സംശയം, വിശ്വസിക്കാൻ പറ്റുന്നില്ല, വല്ല കഞ്ചാവും ആണോ?....അത്രതന്നെ. കഞ്ചാവ് നമ്മുടെ കുമാരന്മാരെ എന്തും ചെയ്യും? സുകുമാരന്മാരാക്കിക്കളയും.
സാന്റമോണിക്ക മലനിരകളിലെ മൗണ്ട് ലീയിലാണു നാം പലവട്ടം കണ്ടിട്ടുള്ള ‘ഹോളിവുഡ്’ എന്നെഴുതിയ ഐക്കൺ ബോർഡ്. മലയിൽ ചാഞ്ഞും ചരിഞ്ഞും നിൽക്കുന്ന വെള്ള അക്ഷരങ്ങൾ. ലോക സിനിമയിലെ തന്നെ സ്വപ്ന ഭൂമിയായ ഹോളിവുഡിന് (HOLLYWOOD) ഒന്നിലധികം രാത്രികളിൽ പേരിനു മാറ്റം വന്നിട്ടുണ്ട്. ഒരിക്കൽ ആക്ഷരം ചെറുതായി മാറ്റി HOLLYWeeD എന്നാക്കി. വിശുദ്ധ കഞ്ചാവ് എന്നു വേണമെങ്കിൽ പറയാം.
2017 പുതുവർഷ ദിനത്തിലെ പേരുമാറ്റത്തിനു പിന്നിൽ ഫെർണാണ്ടസ് എന്ന ആർട്ടിസ്റ്റായിരുന്നു. അമേരിക്കയിലെ ചില സ്റ്റേറ്റുകളിൽ കഞ്ചാവ് നിയമവിധേയമാക്കിയ നടപടിയെത്തുടർന്നായിരുന്നു ഇത്. ‘കഞ്ചാവടിച്ചവൻ’ എന്നതു മോശവും ഭയപ്പെടുത്തുന്നതുമായ പേരായി സ്വന്തം മേൽ വീഴാതിരിക്കാൻ ഇന്ത്യക്കാർ ജാഗ്രതയിലിരിക്കുമ്പോൾ അമേരിക്കയിൽ ഇതല്ല സ്ഥിതി. കഞ്ചാവ് എങ്ങനെയെങ്കിലും നിയമവിധേയമാക്കണമെന്നാണ് അവിടത്തെ മിക്ക രാഷ്ട്രീയക്കാരുടെയും ആവശ്യം.
കഞ്ചാവടിക്കുമ്പോൾ എന്തു പറ്റും?
ടെട്രാഹൈഡ്രോ കനാബിനോൾ (ടിഎച്ച്സി) എന്ന കോംപൗണ്ടാണ് മരിജുവാനയുടെ പ്രധാനി. പുക അകത്തേക്കെടുക്കുമ്പോൾ തുടങ്ങി പ്രവർത്തനം തുടങ്ങും. തലച്ചോറിനെയാണ് ആദ്യം പിടികൂടുന്നത്. ശരീരത്തിന്റെ മൊത്തം സ്പീഡങ്ങു കുറയ്ക്കും. എല്ലാ കോ–ഓർഡിനേഷനും ഒന്നു ബ്രേക്കിടും. പിന്നെ ആകാശമോ ഭൂമിയോ ഒന്നും കാണില്ല (അനുഭവസ്ഥരോട് ചോദിച്ചാൽ വർണ പ്രപഞ്ചം തീർക്കുന്ന വിവരണമായിരിക്കും). ആകെ മൊത്തം ഒരു പുക. പലതും മറന്നു പോകും. പലവിധ നാഡീരോഗങ്ങളിലേക്കും ഇതു നയിക്കുമെന്നു പഠനങ്ങളുണ്ട്. കഞ്ചാവ് വലിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുള്ളതായി ഒരു പഠനവും കണ്ടെത്തിയിട്ടുമില്ല.
ഗുണമുണ്ടോ?
നമ്മൾ വേറെ ഒരാളായിമാറും. സൈക്കോ ആക്ടിവ് പ്രതികരണങ്ങൾ മാറ്റി മറയ്ക്കാൻ പോന്നവയാണിവ. ഉദാഹരണത്തിന് നല്ല സാമൂഹിക ബോധമുള്ള ഒരാളാണു നിങ്ങളെന്നു കരുതുക. ‘പുക’ എടുത്താൽ ചുമ്മാ വഴിയിൽ കാണുന്ന കല്ലെടുത്ത് അടുത്തു കിടക്കുന്ന കാറിന്റെ ചില്ലു പൊട്ടിക്കാൻ തോന്നും. കാരണമൊക്കെയായിരിക്കും ബഹുരസം. കാറിന്റെ കളർ ഇഷ്ടപ്പെട്ടില്ല...!
വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പൊള്ളുന്ന വിഷയമാണ് മരിജുവാന. നിരോധിക്കണമെന്നല്ല, നിയമപരമാക്കണമെന്നാണു ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. ന്യൂജഴ്സി സെനറ്ററും ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രസിഡന്റ് സ്ഥാനാർഥിയുമായ കോറി ബുക്കർ മരിജുവാന നിയമപരമാക്കാനുള്ളതിന്റെ കരട് കൊണ്ടു വന്നു. മറ്റ് സ്ഥാനാർഥികളായ കമലാഹാരിസ്, ക്രിസ്റ്റൻ ഗില്ലിബ്രാൻഡ്, ബെർണി സാൻഡേഴ്സ് തുടങ്ങിയവരും പിന്തുണ അറിയിച്ചു.
പ്രസിഡന്റ് ഡോണൾഡ് ട്രംപും കഞ്ചാവിനെ മുഴുവനായി എതിർക്കുന്നില്ല. നിയമപരമാക്കണമെന്നു പറഞ്ഞിട്ടില്ലെങ്കിലും ക്രിമിനൽ കേസ് വേണ്ടെന്നു തന്നെയാണു നിലപാട്. 2018ൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിമരുന്നുകളുടെ ഉപയോഗം കാനഡയും നിയമാനുസൃതമാക്കി. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.
കഞ്ചാവ് മരുന്നാണോ?
കഞ്ചാവ് പല മരുന്നിലുമുണ്ടല്ലോ, അതുകൊണ്ട് മരുന്നാണെന്നു വാദിക്കുന്നവരുമുണ്ട്. തെറ്റാണത്. കഞ്ചാവ് മരുന്നല്ല, ചേരുവ മാത്രമാണ്. പാമ്പിൻ വിഷം തന്നെയാണ് ആന്റി വെനത്തിന് ഉപയോഗിക്കുന്നത് പക്ഷേ ആരും പാമ്പിൻ വിഷം എടുത്ത്... അത്രയേ ഉള്ളൂ.
അമേരിക്കയ്ക്ക് എന്തു താൽപര്യം?
ബിസിനസ് തന്നെ. ലോകത്ത് ഏറ്റവും കൂടുതൽ കഞ്ചാവ് ഉൽപ്പാദിപ്പിക്കുന്നത് അമേരിക്കയിലാണ്. മൊറോക്കോ, അഫ്ഗാനിസ്ഥാൻ, മെക്സിക്കോ തുടങ്ങിയവയും ഉൽപാദനത്തിൽ മുൻനിരയിലുള്ള രാജ്യങ്ങളാണ്. കഞ്ചാവ് നിയമപരമാക്കിയില്ലെങ്കിൽ സമരം ചെയ്യും എന്നു വരെ അമേരിക്കയിലെ കഞ്ചാവ് ഭീമന്മാർ പറഞ്ഞു. ആയിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന മേഖലയെ തള്ളിക്കളയാൻ സാക്ഷാൽ ട്രംപിനു പോലും കഴിയില്ലെന്ന് അവർക്കറിയാം.
മനേക ഗാന്ധിയുണ്ട്
മുൻ കേന്ദ്രമന്ത്രിയും പ്രമുഖ മൃഗസ്നേഹിയുമായ മേനക ഗാന്ധി ഒരിക്കൽ കഞ്ചാവ് നിയമവിധേയമാക്കണം എന്നു പറഞ്ഞിരുന്നു. പുലിവാലു പിടിക്കേണ്ടെന്നു കരുതിയായിരിക്കണം പിന്നെ മിണ്ടിയിട്ടില്ല.
English Summary: Cannabis legalization in US, Consequences and After effects