പൗരത്വ ഭേദഗതിയെ പിന്തുണച്ചു; എൻആർസിക്കൊപ്പമല്ല: നവീൻ പട്നായിക്
Mail This Article
ന്യൂഡൽഹി∙ പൗരത്വ നിയമ ഭേദഗതിയെ അംഗീകരിച്ചെങ്കിലും ദേശീയ പൗരത്വ റജിസ്റ്ററിനെ പിന്തുണയ്ക്കില്ലെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. ഒഡിഷയിലെ ഭരണകക്ഷിയായ ബിജു ജനതാ ദൾ പാർലമെന്റിൽ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചിരുന്നു. ന്യൂഡൽഹിയിൽ നാലു ദിവസത്തെ സന്ദർശനത്തിന് പോകുന്നതിനു മുന്നോടിയായാണ് ബിജെപിയുടെ അടുത്ത പ്രധാന പദ്ധതിയായ എൻആര്‍സിയെ അംഗീകരിക്കില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ പാർട്ടി നേരത്തേ തന്നെ നിലപാടു പറഞ്ഞിട്ടുള്ളതാണെന്നും നവീൻ പട്നായിക് പറഞ്ഞു.
ഇന്ത്യയിലെ മുസ്‍ലിങ്ങളെ നിയമം ബാധിക്കാത്തതിനാൽ ഒഡിഷയിൽ നിയമത്തെ എതിർക്കുന്നതിൽ കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻആർസിയെ പിന്തുണയ്ക്കുന്നില്ലെന്ന് ലോക്സഭയിലെയും രാജ്യസഭയിലേയും പാർട്ടി നേതാക്കൾ അറിയിച്ചിട്ടുണ്ട്്. പൗരത്വ നിയമഭേദഗതി ഇന്ത്യക്കാര്‍ക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല. അതു വിദേശികളെ മാത്രമാണു ബാധിക്കുക. സമാധാനത്തോടെ ഇരിക്കാനാണു ജനങ്ങളോടു പറയാനുള്ളത്– നവീൻ പട്നായിക് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയിൽ ബിജെപി സർക്കാരിന് അനുകൂലമായി നിലപാടെടുത്തതോടെ ബിജു ജനതാദളിന്റെ മതേതര മുഖം ഇല്ലാതായതായി പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു. രാഷ്ട്രപതി ഭവനിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150–ാം ജന്മദിനത്തോടനുബന്ധിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് നവീന്‍ പട്നായിക് ഡൽഹിയിലെത്തിയത്.
അഭ്യൂഹങ്ങളിൽനിന്നും ജനങ്ങൾ വിട്ടുനിൽക്കണമെന്നും പ്രശ്നങ്ങളുണ്ടാക്കരുതെന്നും ഒഡിഷ മുഖ്യമന്ത്രി പറഞ്ഞു. നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു വലിയ പ്രതിഷേധമാണ് ചൊവ്വാഴ്ച ഭുവനേശ്വറിൽ അരങ്ങേറിയത്. എന്നാല്‍ വോട്ടുബാങ്ക് ഉറപ്പിക്കുന്നതിനുവേണ്ടി കോൺഗ്രസും സിപിഎമ്മും ചേർന്നാണ് പ്രതിഷേധങ്ങൾ ഉണ്ടാക്കുന്നതെന്ന് ബിജെഡി എംപി ഭർതൃഹരി മഹ്താബ് പറഞ്ഞു.
English Summary: BJD won’t support NRC, says Naveen Patnaik; provokes a comeback from BJP