ADVERTISEMENT

നോയിഡ∙ ഡിആർഡിഒ ശാസ്ത്രജ്ഞനെ പെൺകെണിയിൽ കുടുക്കി ഹോട്ടലിൽ വിളിച്ചുവരുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഘത്തിലെ സ്ത്രീ ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ നോയിഡയിലാണ് 35കാരനായ ഡിആർഡിഒ ശാസ്ത്രജ്ഞനെ ഓയോ ഹോട്ടലിൽ ഒരു ദിവസത്തോളം തടഞ്ഞുവച്ച് പെൺകെണി സംഘം പണം ആവശ്യപ്പെട്ടത്. ഞായറാഴ്ച രാത്രി സെക്ടർ 41ലെ ഹോട്ടലിൽനിന്നാണ് ഇവരെ പിടികൂടിയത്.

ബിജെപിയുടെ പ്രാദേശിക നേതാവെന്ന് അവകാശപ്പെടുന്ന വനിതയുടെ സമൂഹമാധ്യമത്തിലെ പ്രൊഫൈലിലൂടെയാണ് ശാസ്ത്രജ്ഞനെ കുടുക്കിയത്. സുനിത ഗുർജർ എന്ന പേരുള്ള അക്കൗണ്ടിൽ പ്രദേശിക ബിജെപി മണ്ഡലിന്റെ അധ്യക്ഷയെന്നും ബിഗ് ബോസ് സീസൺ 10ലെ മത്സരാർഥി മൻവീർ ഗുർജറിന്റെ ബന്ധുവാണെന്നും പറയുന്നു. ബിഗ് ബോസ് അവതാരകൻ സൽമാൻ ഖാനോടൊപ്പമുള്ള ചില ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. സുനിത മുൻ പ്രവർത്തകയാണെന്ന് നോയിഡയിലെ ബിജെപി യൂണിറ്റ് സ്ഥിരീകരിച്ചു. എന്നാൽ ഇങ്ങനെയൊരാൾ തന്റെ കുടുംബത്തിൽ ഇല്ലെന്നാണ് മൻവീറിന്റെ പ്രതികരണം.

സംഭവം ഇങ്ങനെ:

മസാജ് പാർലറുകൾക്കായി സമൂഹമാധ്യമത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് സുനിതയും കൂട്ടാളികളുമായി സെക്ടർ 74ലെ സൂപ്പർടെക് കേപ്ടൗണിൽ താമസസിക്കുന്ന ഡിആർഡിഒ ശാസ്ത്രജ്ഞൻ ബന്ധം സ്ഥാപിക്കുന്നത്. ഇവർ നൽകിയ നമ്പറിൽ വിളിച്ചപ്പോൾ ലോജിക്സ് സിറ്റി സെന്ററിൽ എത്താൻ ആവശ്യപ്പെട്ടു. ശനിയാഴ്ച വൈകിട്ട് സ്വന്തം കാറിൽ അവിടെയെത്തി. മറ്റൊരു കാറിലെത്തിയ ഒരു സംഘാംഗം ശാസ്ത്രജ്ഞനെ ഓയോയുടെ കീഴിൽ പ്രവർത്തിക്കുന്ന കുനാൽ റെസിഡൻസിയിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയ ഉടനെ അ‍ഞ്ചംഗ സംഘം ശാസ്ത്രജ്ഞനെ ഒരു മുറിയിൽ പൂട്ടിയിടുകയും ഭാര്യയെ വിളിച്ച് പണം ആവശ്യപ്പെടുകയും ചെയ്തു.

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ വീട്ടുസാധനങ്ങൾ വാങ്ങിക്കാനെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥൻ വീട്ടിൽനിന്ന് ഇറങ്ങിയത്. രാത്രി 11 മണിക്കാണ് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള തട്ടിപ്പ് സംഘത്തിന്റെ ആദ്യ ഫോൺ കോൾ എത്തുന്നത്. ഇതിനുശേഷം നിരവധി തവണ വിളിക്കുകയും പൊലീസിൽ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം സംഘടിപ്പിക്കാൻ ഉദ്യോഗസ്ഥന്റെ ഭാര്യ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനെത്തുടർന്ന് ഇവർ പൊലീസിനെ സമീപിക്കുകയായിരുന്നു.

പൊലീസ് മൂന്നു സംഘമായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥന്റെ മൊബൈൽ സിഗ്നൽ ട്രേസ് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഫോൺ കോൾ എത്തിയത് ഹോട്ടലിൽനിന്നാണെന്ന് ഉറപ്പിച്ചു. ഇതിനുപിന്നാലെ പണം അടങ്ങിയ ബാഗുമായി ഭാര്യയെ ഹോട്ടലിലേക്ക് അയച്ച് പൊലീസ് കെണിയൊരുക്കി. സംഘത്തിലെ മൂന്നു പേർ ഹോട്ടലിനു പുറത്തു കാത്തുനിൽക്കുന്നുണ്ടായിരുന്നു. പൊലീസിനെ വെട്ടിച്ച് രണ്ടുപേർ കടന്നുകളഞ്ഞപ്പോൾ ദീപക് എന്നയാളെ പിടികൂടി. ഇയാളുടെ സഹായത്തോടെ ശാസ്ത്രജ്ഞനെ പൂട്ടിയിട്ട മുറിയിൽ പൊലീസെത്തുകയായിരുന്നെന്ന് ഡിസിപി രൺവിജയ് സിങ് പറഞ്ഞു.

ഹോട്ടൽ മാനേജർ രാകേഷ്, സുനിത എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. അനിൽ ശർമ, ആദിത്യ കുമാർ എന്നിവരാണ് പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞവർ. ദീപക്കും രാകേഷും സഹോദരങ്ങളാണെന്നും ഹരിയാനയിലെ ബിവാഡി സ്വദേശികളാണെന്നും പൊലീസ് പറഞ്ഞു. സമൂഹത്തിൽ ഉന്നതനിലയിൽ കഴിയുന്നവരെ ലക്ഷ്യമിടുന്ന സംഘം കഴിഞ്ഞ മൂന്നു മാസത്തിനിടെ മൂന്നു ആളുകളെ ഇത്തരത്തിൽ തട്ടിപ്പിൽ കുടുക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മാസം 1.4 ലക്ഷം രൂപയ്ക്കാണ് ഹോട്ടൽ വാടകയ്ക്ക് എടുത്തിരുന്നതെന്നും അവർ പറ‍ഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പൊലീസുമായി സഹകരിക്കുമെന്നും ഓയോ അധികൃതർ അറിയിച്ചു.

English Summary: DRDO man honeytrapped, held hostage in Noida hotel for a day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com