ADVERTISEMENT

വാഷിങ്ടൻ∙ സാർസ്–കോവ്–2 വൈറസ് ഒരിക്കൽ ബാധിച്ചാൽ കോവിഡ് രോഗത്തിനെതിരായ പ്രതിരോധ ശേഷി കുറഞ്ഞത് 5 മാസം വരെ നീണ്ടുനിൽക്കാമെന്ന് ഗവേഷകർ. അരിസോണ സർവകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നിൽ. കോവിഡ് ബാധിച്ച 6000ൽ പരം ആളുകളിൽനിന്നു ശേഖരിച്ച ആന്റിബോഡികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

രോഗം ബാധിച്ച് 5–7 മാസങ്ങളോളവും ഉയർന്ന ഗുണനിലവാരത്തിലുള്ള ആന്റിബോഡികൾ രോഗികളിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ ഇന്ത്യൻ വംശജനായ അസോഷ്യേറ്റ് പ്രഫസർ ദീപ്ത ഭട്ടാചാര്യ അറിയിച്ചു. അരിസോണ സർവകലാശാലയിലെ പ്രഫസർ ജാൻകോ നികോലിച്–സുഗിച്ചുമായി ചേർന്നായിരുന്നു ഗവേഷണം.

വൈറസ് ആദ്യം കോശങ്ങളെ ബാധിക്കുമ്പോൾ ശരീരത്തിലെ പ്രതിരോധ സംവിധാനം ചെറുജീവകാലയളവിലുള്ള പ്ലാസ്മ സെല്ലുകളെ വിന്യസിക്കും. ഇവയാണ് വൈറസിനെതിരായി പോരാടുന്ന ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്നത്. ഈ ആന്റിബോഡികൾ 14 ദിവസം വരെ രക്തപരിശോധനയിൽനിന്നു കണ്ടെത്താം.

പ്രതിരോധ സംവിധാനത്തിന്റെ രണ്ടാമത്തെ പ്രതികരണശേഷി എന്നത് ദീർഘനാൾ ജീവനോടെയിരിക്കുന്ന പ്ലാസ്മ സെല്ലുകളുടെ ഉത്പാദനമാണ്. ഇവയാണ് ഉയർന്ന ഗുണനിലവാരമുള്ള ആന്റിബോഡികൾ സൃഷ്ടിക്കുന്നത്. ഈ ആന്റിബോഡികൾ കുറേക്കാലംകൂടി ശരീരത്തിന് പ്രതിരോധശേഷി നൽകാറുണ്ട്.

ആദ്യഘട്ടത്തിലെ ചെറുകാലയളവിൽ ജീവിക്കുന്ന പ്ലാസ്മ സെല്ലുകളിലെ പഠനമായിരിക്കാം പ്രതിരോധശേഷി ദീർഘനാൾ ഉണ്ടാവില്ലെന്ന നിഗമനത്തിലെത്തിച്ചതെന്നു കരുതുന്നതായി ഭട്ടാചാര്യ പറഞ്ഞു.

English Summary: Immunity Against COVID-19 May Last For Months, Shows Study Led By Indian-Origin Researcher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com