കിഴക്കൻ ലഡാക്കിൽ സൈനികർക്ക് മികവുറ്റ താമസ സൗകര്യം ഉറപ്പാക്കി സേന
Mail This Article
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ വിന്യസിച്ച സൈനികർക്കായി മികവുറ്റ താമസസൗകര്യമൊരുക്കി കരസേന. എല്ലാ വർഷവും നവംബറിന് ശേഷം 40 അടിവരെ മഞ്ഞുവീഴുകയും താപനില മൈനസ് 30 മുതൽ 40 ഡിഗ്രി വരെ താഴുകയും ചെയ്യുന്ന മേഖലയാണിത്. യഥാർഥ നിയന്ത്രണരേഖയോടു ചേർന്ന് ഇന്ത്യ – ചൈന സംഘർഷങ്ങൾ കഴിഞ്ഞ കുറച്ചുമാസങ്ങളായി നിലനിൽക്കുന്ന പ്രദേശമാണ് കിഴക്കൻ ലഡാക്ക്.
ശൈത്യകാലത്ത് ഈ മേഖലയിൽ വിന്യസിച്ച സൈനികരുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി ഇവിടെയുള്ള എല്ലാ സൈനികർക്കും നവീകരിച്ച ജീവിത സൗകര്യങ്ങൾക്കുള്ള ക്രമീകരണം ഏർപ്പെടുത്തിയതായി ഇന്ത്യൻ സൈന്യം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. വര്‍ഷങ്ങളായി നിര്‍മിച്ചുവരുന്ന സംയോജിത സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ക്യാംപുകള്‍ക്ക് പുറമേ തടസ്സമില്ലാത്ത വൈദ്യുതി, വെള്ളം, ചൂടാക്കുന്നതിനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവും അത്യാധുനിക ജീവിത സൗകര്യങ്ങളം ഇവിടെ പുതുതായി ഒരുക്കി.
മുൻനിരയില്‍ പ്രവർത്തിക്കുന്ന സൈനികരെ വിന്യാസത്തിന്റെ തന്ത്രപരമായ പരിഗണനകൾക്കനുസരിച്ചത് ചൂടുള്ള കൂടാരങ്ങളിൽ പാർപ്പിക്കും. കൂടാതെ ഇവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയൊരുക്കി.
മേയ് ആദ്യം മുതൽ തന്നെ ഇന്ത്യ – ചൈന സൈനികർ തമ്മിൽ സംഘർഷങ്ങളുണ്ടായിരുന്നു. ജൂണിൽ ഗൽവാൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടല്‍ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കി. ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ ജവന്മാർ വീരമൃത്യു വരിച്ചിരുന്നു. ചൈനീസ് സൈനികർക്ക് നിയന്ത്രണരേഖയോടു ചേർന്ന് ഒരുക്കിയ സംവിധാനങ്ങളുടെ വിഡിയോ ഒക്ടോബറിൽ അവർ പുറത്തുവിട്ടിരുന്നു.
English Summary: Troops In Eastern Ladakh Get Upgraded Living Facilities, Heated Tents