തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, രാഹുലിനെ കാണും: അഖിലേഷ്
Mail This Article
ന്യൂഡൽഹി∙ മത്സരിക്കാൻ തെറ്റായ സീറ്റുകൾ തിരഞ്ഞെടുത്തതാണെന്ന് ബിഹാറിൽ കോൺഗ്രസിന് സംഭവിച്ച പാളിച്ചയെന്ന് സംസ്ഥാനത്തെ പാർട്ടി പ്രചാരണത്തിന്റെ ചുമതലയുള്ള അഖിലേഷ് പ്രസാദ് സിങ്. ബിഹാർ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത അദ്ദേഹം മുന്നോട്ടുള്ള കാര്യങ്ങള്‍ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പറഞ്ഞു.
‘കോൺഗ്രസ് തിരഞ്ഞെടുത്ത സീറ്റുകൾ തെറ്റായിരുന്നു. തീരുമാനത്തിന് മുമ്പ് ആഴത്തിലുള്ള വിശകലനം നടത്തേണ്ടതായിരുന്നു, പക്ഷേ പാർട്ടി തിടുക്കത്തിൽ തീരുമാനങ്ങൾ എടുത്തു. ബിഹാർ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. രാഹുൽ ഗാന്ധിയെ കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനയിലെ ബലഹീനതകൾ പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തോട് പറയും. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കോൺഗ്രസ് സംഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പാർട്ടിയിൽ, പ്രത്യേകിച്ച് ബ്ലോക്ക്, ജില്ലാ തലങ്ങളിൽ ബലഹീനതകളുണ്ട്– അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുടെ തകർച്ച തടയുന്നതിനായി മാറ്റം വേണമെന്നാവശ്യപ്പെട്ട് കപിൽ സിബൽ, പി.ചിദംബരം തുടങ്ങിയ മുതിർന്ന നേതാക്കൾ രംഗത്തെത്തിയിരുന്നു. കപിൽ സിബലിനെ ബഹുമാനിക്കുന്നതായും അദ്ദേഹം അറിവുള്ള രാഷ്ട്രീയക്കാരനാണെന്നും അഖിലേഷ് പ്രതികരിച്ചു. എന്നാൽ പരാജയത്തിന് ശേഷം ഇത്തരം വിശകലനം നൽകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary: Congress Leader Opens Up On Bihar Mistake, Says Will Meet Rahul Gandhi