ബ്രെക്‌സിറ്റ് വാണിജ്യ കരാറില്‍ ബോറിസ് ജോണ്‍സന്‍ ഒപ്പുവച്ചു
Mail This Article
ലണ്ടന്‍∙ ബ്രെക്‌സിറ്റ് വാണിജ്യ കരാറില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഔദ്യോഗികമായി ഒപ്പുവച്ചു. പാര്‍ലമെന്റിലെ വോട്ടെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതിനു പിന്നാലെയാണിത്.
പാര്‍ലമെന്റിന്റെ അധോസഭയില്‍ 521 പേരാണ് കരാറിന് അനുകൂലമായി വോട്ടുചെയ്ത്. 73 പേര്‍ എതിര്‍ത്തു. പുതുവത്സരദിനത്തില്‍ ബില്‍ നിയമമാക്കുന്നതിനായി ക്രിസ്മസ് അവധിക്കിടെ പ്രധാനമന്ത്രി പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കുകയായിരുന്നു.
വാണിജ്യം, മത്സ്യബന്ധനം, വാണിജ്യനിയമങ്ങള്‍, തര്‍ക്കങ്ങളിലുള്ള ഒത്തുതീര്‍പ്പ് എന്നിവ വിശദമായി പ്രതിപാദിക്കുന്നതാണ് 1200 പേജുള്ള പുതിയ ബ്രെക്‌സിറ്റ് വാണിജ്യ കരാര്‍. 2020 ജനുവരി 31ന് യുകെ, യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനുശേഷമുള്ള 11 മാസത്തെ ട്രാന്‍സിഷന്‍ പിരീഡ് ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെ വ്യാപാരക്കരാറിന് ഇരുകക്ഷികളും ധാരണയിലെത്തിയിരുന്നു.
ചർച്ചകളിൽ ആവശ്യമായ വിട്ടുവീഴ്ചകൾ നടത്തിയിട്ടുണ്ടെങ്കിലും രാജ്യ താത്‌പര്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിൽനിന്ന് അണുവിട വ്യതിചലിച്ചിട്ടില്ലെന്നും ബോറിസ് ജോൺസൺ അറിയിച്ചു.
English Summary: UK Prime Minister Boris Johnson signs Brexit trade deal