5000 രൂപ വായ്പയെടുത്ത ഗണേശന് ഇന്ന് 4.5 ലക്ഷത്തിന്റെ കടക്കാരന്; തട്ടിപ്പിന്‍റെ ഭീകരത
Mail This Article
ബെംഗളൂരു∙ ഓണ്‍ലൈന്‍ വായ്പാത്തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. തട്ടിപ്പിനു പിന്നില്‍ ൈചനക്കാര്‍ അടക്കം വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. ഒരുകോടി നാല്‍പതു ലക്ഷം ഇടപാടുകളിലൂടെ 21,000 കോടി രൂപയുടെ വായ്പ ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി നല്‍കിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
ഓണ്‍ലൈന്‍ വായ്പാത്തട്ടിപ്പിനു പിന്നില്‍ രാജ്യാന്തരകണ്ണികളുമുണ്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം. ചൈനക്കാരാണ് തട്ടിപ്പിനുപിന്നിലെ പ്രധാനികള്‍. ഇതുവരെ സ്ത്രീ അടക്കം അഞ്ച് ചൈനക്കാര്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി പിടിയിലായിട്ടുണ്ട്. പണത്തിനുപുറമേ ബിറ്റ്കോയിന്‍ ഇടപാടുകളും നടന്നിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനിെടയാണ് ഇടപാടുകളിലധികവും നടന്നതെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍.
ഈ കൊള്ളക്കാര്‍ 35 മുതല്‍ 50 ശതമാനം വരെ പലിശ ഈടാക്കുന്നു. വിവിധ സ്ഥലങ്ങളില്‍ കോള്‍ സെന്‍ററുകള്‍ സ്ഥാപിച്ചാണ് ഇടപാടുകാരെ ഭീഷണിപ്പെടുത്തല്‍. ഇരകളുടെ വീടുകളിലേക്ക് വ്യാജ വക്കീല്‍ നോട്ടിസ് അയച്ചും ഭീഷണിപ്പെടുത്തുന്നുവെന്ന് അന്വേഷണസംഘം പറയുന്നു. ചെന്നൈ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍നിന്ന് പിടികൂടിയത് രണ്ട് ചൈനക്കാരടക്കം നാലുപേരെ. തലവനായി തിരച്ചില്‍ തുടരുകയാണ്. തെലങ്കാന, തമിഴ്നാട് സര്‍ക്കാരുകള്‍ ഈ തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
തട്ടിപ്പിന്‍റെ ഭീകരത അറിയണമെങ്കില്‍ ചെന്നൈക്കാരന്‍ ഗണേശനു സംഭവിച്ചതുമാത്രം അറിഞ്ഞാല്‍ മതി. അയ്യായിരം രൂപ വായ്പയെടുത്ത് തുടങ്ങിയ ഗണേശന്‍ ഇന്ന് നാലര ലക്ഷം രൂപ കടക്കാരനാണ്. ആദ്യം അയ്യായിരം രൂപ വായ്പെടുത്ത ഗണേശന് അക്കൗണ്ടില്‍ കിട്ടിയത് മൂവായിരത്തി അഞ്ഞൂറു രൂപ. ഒരാഴ്ചയ്ക്കുള്ളില്‍ പണം അടയ്ക്കാന്‍ വിളിവന്നു. തിരിച്ചടയ്ക്കാന്‍ പണമില്ല. കോള്‍സെന്‍ററുകാരന്‍ മറ്റൊരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ പറഞ്ഞു. വീണ്ടും പണംകിട്ടി. അങ്ങനെ 45 ആപ്പുകളില്‍നിന്നായി വായ്പയെടുത്ത ഗണേശന്‍റെ കടം നാലര ലക്ഷം രൂപയായി.
ഓണ്‍ലൈന്‍ വായ്പാത്തട്ടിപ്പിനായി ഏതാണ്ട് 72 ആപ്പുകളുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. ഇത്തരം തട്ടിപ്പ് ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി പണം കടമെടുത്താല്‍ തീരാബാധ്യതയാകും. തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
English Summary: Online instant loan theft foreigners including china behind this