ADVERTISEMENT

ലക്‌നൗ∙ ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ക്രൂരമായ അതിക്രമം തുടരുന്നു. ഞായറാഴ്ച രാത്രി പടിഞ്ഞാറന്‍ യുപിയുടെ ബദൗണ്‍ ജില്ലയില്‍ അമ്പതു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു. ഒരു പുരോഹിതനും രണ്ടു ശിഷ്യന്മാരും ചേര്‍ന്നാണ് കൊടുംക്രൂരത ചെയ്തതെന്നാണു പൊലീസിന്റെ നിഗമനം. രണ്ടു പേരെ അറസ്റ്റ് ചെയ്തു. പുരോഹിതന്‍ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.

ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണു തിങ്കളാഴ്ച രാവിലെ മരിച്ച സ്ത്രീയുടെ വീട്ടില്‍നിന്നു പുറത്തുവരുന്നത്. ഒരു മഞ്ഞ ഷീറ്റ് പുതപ്പിച്ചു മൃതദേഹം വീടിനു മുന്നിലെ കട്ടിലില്‍ കിടത്തിയിരുന്നു. അരയ്ക്കു താഴേയ്ക്കുള്ള ഭാഗം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഇരുകാലുകളും ഒടിഞ്ഞ് കാല്‍പാദം വളഞ്ഞ അവസ്ഥയിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ഇവരുടെ സ്വകാര്യഭാഗങ്ങളില്‍ അതിഗുരുതരമായ രീതിയില്‍ പരുക്കേറ്റിട്ടുണ്ടെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 

താനും ഭാര്യയും ഒരുമിച്ച് വൈകിട്ട് ആരാധനാ സ്ഥലത്തേക്കു പോയതാണെന്നും പിന്നീട് ഭാര്യയെ കാണാതായെന്നും ഭര്‍ത്താവ് പറഞ്ഞു. രാത്രിയോടെ പുരോഹിതനും സഹായികളും അവരുടെ കാറില്‍ സ്ത്രീയെ വീട്ടിലെത്തിക്കുകയായിരുന്നു. കിണറ്റില്‍ വീണെന്നും രക്ഷിച്ചു കൊണ്ടുവന്നതാണെന്നുമാണ് ഇവര്‍ ബന്ധുക്കളോടു പറഞ്ഞത്. എന്താണു സംഭവിച്ചതെന്നു തിരിച്ചറിയും മുമ്പ് അവര്‍ കാര്‍ വിട്ടു പോയെന്നു ഭര്‍ത്താവ് പറഞ്ഞു. കുറച്ചു സമയത്തിനുള്ളില്‍ മരണം സംഭവിച്ചു. പുരോഹിതനും കൂട്ടരും കള്ളം പറഞ്ഞതാണെന്നു പിന്നീടാണ് മനസിലായതെന്നു മകന്‍ പറഞ്ഞു. 

കൃത്യത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പുരോഹിതന്റെ വിഡിയോ പുറത്തുവന്നിരുന്നു. ആരാധനാസ്ഥലത്തിനു സമീപത്തുള്ള കിണറ്റില്‍ വീണ സ്ത്രീയെ താനും സഹായികളും ചേര്‍ന്നു രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നു പുരോഹിതന്‍ അവകാശപ്പെടുന്നു. വീട്ടിലെത്തിക്കുമ്പോള്‍ സ്ത്രീക്കു ജീവനുണ്ടായിരുന്നുവെന്നും ഇയാള്‍ പറയുന്നു. 

കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും രണ്ട് പേരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് പറഞ്ഞു. കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും എസ്പി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com