‘ശബരിമല വിഷയത്തിലെ സമീപനങ്ങൾ സമരപ്രഖ്യാപനത്തിലേക്കു വഴി തെളിച്ചു’
Mail This Article
കോഴിക്കോട്∙ ‘എല്ലാവരും ഏകരാണ് എന്നതാണ് ഈ ലോകത്തിന്റെ ദുരന്തം’ (ദ് ട്രാജഡി ഓഫ് ദിസ് വേൾഡ് ഈസ് ദാറ്റ് എവരിവൺ ഈസ് ഓൾ എലോൺ) എന്ന രാഷ്ട്രീയ സൂചനയുള്ള ഇംഗ്ലിഷ് കവിതയുമായി മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ളയുടെ പ്രസംഗം. സജീവ രാഷ്ട്രീയത്തിൽനിന്ന് വിട്ട് മിസോറം ഗവർണറായി ചാർജെടുത്തിട്ട് നിലവിൽ ഒരു വർഷവും രണ്ടു മാസവുമായി. ശ്രീധരൻപിള്ളയുടെ 125ാമത്തെ പുസ്തകം ‘ഓർമയിലെ വീരേന്ദ്രകുമാർ’ പ്രകാശനച്ചടങ്ങിലാണ് അദ്ദേഹം മനസുതുറന്നത്.
2018 സെപ്റ്റംബറിൽ ശബരിമല വിധി വന്ന് 12 ദിവസത്തോളം താൻ എടുത്ത സമീപനങ്ങളാണ് പിന്നീട് സമരപ്രഖ്യാപനത്തിലേക്കു വഴിതെളിച്ചത്. പാർട്ടിയെ സംബന്ധിച്ച് ഇടപെടലിനുള്ള ‘സുവർണാവസരമാണ്’ എന്ന പരാമർശം നടത്തിയതും അക്കാലത്താണ്. എന്നാൽ പാർട്ടി അംഗത്വം രാജിവച്ച് ഭരണഘടനാപരമായ ദൗത്യം ഏറ്റെടുത്ത ശേഷം അക്കാര്യം താൻ വീണ്ടുവിചാരം നടത്തിയിട്ടില്ലെന്നും പിള്ള പറഞ്ഞു. പുസ്തകപ്രകാശന വേദിയിൽ പി.എ.വേലായുധൻ, കെ.പി.ശ്രീശൻ, കെ.പി.പ്രകാശ്ബാബു, രമ്യ മുരളി തുടങ്ങിയ പല നേതാക്കളും ശ്രീധരൻപിള്ളയെ കാണാനെത്തിയിരുന്നു. സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ ശ്രീധരൻപിള്ള ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് ഇത്തവണ ശ്രീധരൻപിള്ളയുടെ കേരള സന്ദർശനം.
വിവിധ സാമുദായിക നേതാക്കളുമായി ചർച്ചകൾ നടത്തുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചിരുന്നു. എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ നേതാക്കൾ ശ്രീധരൻപിള്ളയുടെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. കത്തോലിക്ക സഭയുടെ മൂന്നു കർദിനാൾമാരും അടുത്തയാഴ്ച തനിക്കൊപ്പം പ്രധാനമന്ത്രിയെ കാണുമെന്ന് ശ്രീധരൻപിള്ള പറഞ്ഞു. കോട്ടയത്ത് അദ്ദേഹം വിവിധ മതമേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഗുരുദേവദർശനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ദൈവദശകം വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രാർത്ഥനാ ഗീതമാക്കണമെന്നും കാസർകോട് കേന്ദ്ര സർവകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്റെ പേരു നൽകണമെന്നും ആവശ്യപ്പെട്ട് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ ഭാരവാഹികൾ പി.എസ്.ശ്രീധരൻപിള്ളയ്ക്കു നിവേദനം നൽകി. പ്രധാനമന്ത്രിയ്ക്കുള്ള നിവേദനവും കൈമാറി.
എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂബ് താമരക്കുളം, സെക്രട്ടറി സുധീഷ് കേശവപുരി, യൂണിയൻ ഭാരവാഹികളായ എം. രാജൻ, വി.സുരേന്ദ്രൻ, മുരളീധരൻ കോട്ടൂളി എന്നിവരാണ് നിവേദനം നൽകിയത്.