ADVERTISEMENT

തിരുവനന്തപുരം∙ സ്ഥാനാര്‍ഥികളാരാണെന്ന് തീരുമാനമാകും മുന്‍പ് തന്നെ സംസ്ഥാനത്തെ ഏറ്റവും ശക്തമായ ത്രികോണ മല്‍സരം നടക്കുമെന്ന് ഉറപ്പുള്ള മണ്ഡലമാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്. ഉപതിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയ വി.കെ. പ്രശാന്ത് തന്നെയാവും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിന് വേണ്ടി ആരു രംഗത്തിറങ്ങും എന്നതിലാണ് അഭ്യൂഹങ്ങള്‍ പലത് തുടരുന്നത്.

ഇവിടത്തെ എംഎല്‍എയായിരുന്ന കെ. മുരളീധരന്‍ എംപി സ്ഥാനം രാജിവച്ച് മല്‍സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എംപിമാര്‍ മല്‍സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനം വന്നതോടെ ആ നീക്കം ഉപേക്ഷിച്ച മട്ടാണ്. ഇതോടെയാണ് മികച്ച സ്ഥാനാര്‍ഥിക്കായി അന്വേഷണം തുടങ്ങിയത്.

യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണങ്കിലും ഉപതിരഞ്ഞെടുപ്പില്‍ വി.കെ. പ്രശാന്ത് പതിനാലായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചതാണ് വലതു ക്യാംപുകളില്‍ ആശങ്കയുയര്‍ത്തുന്നത്. ബിജെപി ഏറ്റവും വിജയ സാധ്യതയുള്ള എ പ്ളസ് കാറ്റഗറിയില്‍ വട്ടിയൂര്‍ക്കാവിനെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നില്‍ എല്‍ഡിഎഫാണങ്കിലും ബിജെപിയും മികച്ച പ്രകടനം നടത്തി. യുഡിഎഫ് ദയനീയാവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് മികച്ച സ്ഥാനാര്‍ഥി വേണമെന്ന ചര്‍ച്ച വലതു ക്യാംപില്‍ ഉയര്‍ന്നത്.

മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ രംഗത്തിറങ്ങുമെന്ന പ്രചാരണം അന്തരീക്ഷത്തില്‍ സജീവമാണ്. എന്നാല്‍ അത്തരം ഒരു ആലോചനയേ ഇല്ലെന്നാണ് സുധീരന്റെ മറുപടി. തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചുവെന്ന വാക്കില്‍ മാറ്റമൊന്നുമില്ലെന്നും വ്യക്തമാക്കുന്നു. മാത്രമല്ല, കോവിഡ് ബാധിച്ചിരുന്ന സുധീരന്‍ പൂര്‍ണ വിശ്രമത്തിലാണ്. ആറ് ആഴ്ചവരെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇതിനിടെ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഇറങ്ങിയേക്കുമെന്നും പ്രചാരണമുണ്ട്. എന്നാല്‍ തന്നോട് ആരും അത്തരമൊരു കാര്യം സംസാരിച്ചിട്ടില്ലെന്നും തിര‍ഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട സമയവും പ്രായവും കഴിഞ്ഞു പോയെന്നാണ് തന്റെ വിലയിരുത്തലെന്നുമാണ് ജിജി തോംസണ്‍ പറയുന്നത്. ഏതായാലും വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന്റെ പട നയിക്കാന്‍ ആരെന്നതില്‍ ആകാംക്ഷ തുടരുന്നു.

English Summary : Who will contest for UDF in Vattiyoorkavu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com