കാതോലിക്കാ ബാവയെ കണ്ട് ശ്രീധരൻപിള്ള; സൗഹൃദ സന്ദർശനമെന്ന് വിശദീകരണം
Mail This Article
കോട്ടയം ∙ മിസോറം ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഓർത്തഡോക്സ് സഭാ ആസ്ഥാനത്തെത്തി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. ബാവായുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാനുള്ള സൗഹൃദ സന്ദർശനം മാത്രമെന്ന് ഗവർണർ പിന്നീട് പ്രതികരിച്ചു.
രാവിലെ യാക്കോബായ ആസ്ഥാനത്തു പോയ ശേഷമാണ് ഉച്ചയ്ക്ക് ഒന്നോടെ ഗവർണര്‍ കോട്ടയം ദേവലോകത്ത് എത്തിയത്. പരിശുദ്ധ ബാവായും സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്കോറസിന്റെ നേതൃത്വത്തിലുള്ള വൈദികരും ചേർന്ന് പി.എസ്.ശ്രീധരൻപിള്ളയെ സ്വീകരിച്ചു. കാതോലിക്കേറ്റ് ഓഫിസിൽ ബാവയ്ക്കൊപ്പം ചർച്ചയിൽ പങ്കെടുത്ത അദ്ദേഹം രണ്ട് മണിക്കൂറിനു ശേഷമാണു മടങ്ങിയത്.
ഡോ.തോമസ് മാർ അത്തനാസിയോസ്, ഡോ.സഖറിയാസ് മാര്‍ നിക്കോളാവോസ്, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഗവർണറായി അധികാരമേറ്റ ശേഷം ബാവയെ നേരിൽക്കണ്ടിരുന്നില്ലെന്നും അതിനാലാണു എത്തിയതെന്നും പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. സഭാ തർക്കം ചർച്ചയായില്ല. ഇത്തരം ചർച്ചകൾക്ക് താൻ മധ്യസ്ഥനല്ല. ക്രിസ്ത്യൻ സമുദായത്തിന്റെ പ്രശ്നങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കാനാണു വിവിധ ക്രിസ്ത്യൻ മത മേലധ്യക്ഷർക്കൊപ്പം പ്രധാനമന്ത്രിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പരിശുദ്ധ ബാവായെ കാണാനാണു ഗവർണർ എത്തിയതെന്നു സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്കോറസും പറഞ്ഞു. സഭാ തർക്കം തീർക്കുന്നതിനാണു സുപ്രീം കോടതി വിധിന്യായം പുറപ്പെടുവിച്ചിരിക്കുന്നത്. അതു നടപ്പാക്കിയാൽ മാത്രം മതി. ചർച്ചകൾക്ക് ഓർത്തഡോക്സ് സഭ വൈമനസ്യം കാണിച്ചിട്ടില്ല. ആ ഭാഗത്തുള്ള ഓർത്തഡോക്സ് മെത്രപ്പൊലീത്തമാർ പാണക്കാട് എത്തി മുസ്‍ലിം ലീഗ് നേതാക്കളെ കണ്ടതിൽ അസ്വഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary: Mizoram Governor PS Sreedharan PIllai visited His Holiness Baselios Marthoma Paulose II in Devalokam Aramana