ADVERTISEMENT

തിരുവനന്തപുരം ∙ സൈബർ ആക്രമണത്തിൽ തളർന്ന് പിന്നോട്ട് പോകില്ലെന്നും അർഹമായ ജോലിക്ക് വേണ്ടിയാണ് സമരമെന്നും പിഎസ്‌സി നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന  ലാസ്റ്റ് ഗ്രേഡ് സർവന്‍റ്സ് റാങ്ക് ഹോൾഡേഴ്സ് നേതാവ് ലയ രാജേഷ്. എല്ലാം നഷ്ടപ്പെടുമെന്ന നിമിഷത്തിലാണ് കരഞ്ഞുപോയത്. സമൂഹമാധ്യമങ്ങളിൽ ആക്ഷേപിക്കുന്നതു പോലെ നാടകം കളിക്കാനല്ല ഇവിടെ വന്നതെന്നും ലയ രാജേഷ് പറയുന്നു. 

സമരത്തിനിടയിൽ ലയ രാജേഷും സുഹൃത്ത് ഡെൻസി റിത്തുവും മാറി നിന്നു കരയുന്ന ചിത്രം വൈറലായതിനു പിന്നാലെ നിരവധി ആളുകൾ ലയ രാജേഷിനെതിരെ അധിക്ഷേപവുമായി സമൂഹമാധ്യങ്ങളിൽ രംഗത്തെത്തുകയും ചെയ്തു. പിഎസ്‌സി നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികക്കാർ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാർഥികൾ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയതിനു പിന്നാലെയാണ് ലയ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞത്. 

പുതിയൊരു ന്യൂസ് വരുമ്പോൾ നിങ്ങൾ മാധ്യമങ്ങൾ ഇതു വിടും. പക്ഷേ, ഞങ്ങളുടെ വിഷമം, ഞങ്ങളുടെ സങ്കടക്കണ്ണീർ ആരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? ജീവകാരുണ്യപ്രവർത്തനം താൽക്കാലികക്കാരോടു മാത്രമല്ല വേണ്ടത്. ഞങ്ങളെപ്പോലുള്ള സാധാരണക്കാരോടും വേണം. എന്റെ ഭർത്താവ്  ഓട്ടോ ഡ്രൈവറാണ്. ഇതു രണ്ടാം തവണയാണ്  തിരുവനന്തപുരത്തു സമരത്തിനു വരുന്നത്. അർഹമായ ജോലിക്ക് വേണ്ടിയാണ് സമരം ചെയ്യുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടുകമായല്ല പ്രവർത്തിക്കുന്നതെന്നും ലയ രാജേഷ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിന്റെ പേരിൽ സമരം അവസാനിപ്പിക്കില്ല. ഞങ്ങൾക്കു വേണ്ടത് നിയമനങ്ങളാണെന്നും ലയ രാജേഷ് പറഞ്ഞു. 

1200-laya-rajesh-ritu
റിജു, ലയ രാജേഷ്

സമരത്തിനിടെ തലയിലും ദേഹത്തുമായി മണ്ണെണ്ണ ഒഴിച്ച യുവാവിനെയും റോഡിൽ വീണ മണ്ണെണ്ണയിൽക്കിടന്ന് ഉരുണ്ട മറ്റൊരു ഉദ്യോഗാർഥിയെയും പൊലീസ് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 2017 ലെ പിഎസ്‌സി റാങ്ക് പട്ടികയിലുൾപ്പെട്ട വയനാട് സ്വദേശി റിജു, തിരുവനന്തപുരം സ്വദേശി പ്രവീൺ എന്നിവരാണ് ആത്മഹത്യാ ശ്രമം നടത്തിയത്. രണ്ടു പേരെയും അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. ഇന്നലെ രാവിലെ 11.30 നാണ് സംഭവം. 

റിജു ആദ്യം തലയിലും ശരീരത്തിലുമായി ഒഴിച്ചു മണ്ണെണ്ണ ഒഴിച്ചു. തൊട്ടടുത്തുണ്ടായിരുന്ന പ്രവീൺ മണ്ണെണ്ണ വീണ റോഡിൽ കിടന്ന് ഉരുളുകയായിരുന്നു. ഉടൻ പൊലീസ് ഇടപെട്ട് റിജുവിൽ നിന്ന് മണ്ണെണ്ണ നിറച്ച കുപ്പി പിടിച്ചു വാങ്ങി. മറ്റു ഉദ്യോഗാർഥികൾ ഇവർക്ക് ചുറ്റും നിലയുറപ്പിച്ചതോടെ ആശങ്ക വർധിച്ചു. ഇതിനിടെ തിരക്കേറിയ റോഡിൽ മണ്ണെണ്ണ പടർന്നു. അതോടെ അഗ്നിശമന സേനയെത്തി റോഡിലും സമരക്കാർ ഇരുന്ന ഭാഗത്തും വെള്ളമൊഴിച്ച് വൃത്തിയാക്കുകയായിരുന്നു.റിജുവിനെയും പ്രവീണിനെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം സമരക്കാരെ പൂർണമായി സെക്രട്ടേറിയറ്റിന് മുന്നിൽ നിന്ന് ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കം പ്രതിഷേധത്തിന് ഇടയാക്കി. സമരക്കാരെ അഭിസംബോധന ചെയ്യാൻ എത്തിയ പി.സി. വിഷ്ണുനാഥും മുൻ മന്ത്രി ബാബു ദിവാകരനും ഇടപെട്ടാണ് പൊലീസിനെ പിന്തിരിപ്പിച്ചത്. 

Riju | PSC
സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിനിടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്ന റിജു∙ ചിത്രം മനോരമ

രണ്ടര വർഷമായി അർഹമായ നിയമനം നൽകാത്തതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നു വയനാട് സ്വദേശി റിജു പ്രതികരിച്ചു. ഈ രണ്ടര വർഷത്തിനിടെ ഞങ്ങൾ പോയി കാണാത്ത നേതാക്കൻമാരോ മന്ത്രിമാരോ ഇല്ല. നിയമപ്രകാരം നിയമനങ്ങൾ നടന്നാൽ തന്നെ കഴിഞ്ഞ റാങ്ക്‌ ലിസ്റ്റിനെക്കാൾ നിയമനം നടക്കാനുള്ള സാധ്യത നിലവിൽ ഉണ്ടെന്നും റിജു പറഞ്ഞു. സമരം പ്രതിപക്ഷം ഇളക്കി വിട്ടതെന്ന് മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്കെതിരെയും  ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികക്കാർ  രംഗത്തു വന്നു. പല സംഘടനകള്‍ക്കും രാഷ്ട്രീയലക്ഷ്യം ആണെന്നും എല്ലാവര്‍ക്കും ജോലി നല്‍കാനാവില്ലെന്നുമായിരുന്നു തോമസ് ഐസക്കിന്റെ പ്രസ്താവന. താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടണം എന്നാണോ പറയുന്നതെന്നും മന്ത്രി ചോദിച്ചിരുന്നു. 

English Summary: Backdoor appointments’ in govt jobs becomes burning issue says laya rajesh 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com