ADVERTISEMENT

ബെയ്ജിങ് ∙ ചൈനയും യുഎസും സംഘട്ടനത്തിൽ ഏർപ്പെടുന്നത് ഇരുകൂട്ടർക്കും വിനാശമുണ്ടാക്കുമെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. തർക്കങ്ങളും തെറ്റിദ്ധാരണകളും ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പരിഹരിക്കാനുള്ള ശ്രമങ്ങളാണു വേണ്ടതെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഷി വ്യക്തമാക്കി. ചൈനയുമായി സംഘർഷം ആഗ്രഹിക്കുന്നില്ലെങ്കിലും യുഎസിൽനിന്നു കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന ബൈഡന്റെ പ്രസ്താവനയിൽ ഊന്നിയാണു ഷിയുടെ പരാമർശം.

ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളായ ചൈനയും യുഎസും പരസ്പര സഹകരണം ഇല്ലാതെ മുന്നോട്ടു പോകുന്നത് ഇരുരാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും ഷി ചൂണ്ടിക്കാട്ടി. ഇന്തോ–പസിഫിക് മേഖലയിലെ ശക്തിയായി ചൈന സ്വയം ഉയർത്തിക്കാട്ടുന്നതിലും ഹോങ്കോങ്ങിൽ ജനാധിപത്യ പോരാട്ടങ്ങളെ അടിച്ചമർത്തുന്നതിലും സിൻജിയാങ്ങിൽ ഉയിഗുർ മുസ്‍ലിംകളെ തടവിലാക്കുന്നതിലും ബൈഡൻ ആശങ്ക അറിയിച്ചു.

ജനാധിപത്യ മൂല്യങ്ങളോടു ചൈന പുറംതിരിഞ്ഞു നിൽക്കുകയാണെന്നും രാജ്യാന്തര നിയമങ്ങൾ അനുസരിച്ച് പെരുമാറണമെന്നും ബൈഡൻ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ഷി ചിൻപിങ്ങിന് ജനാധിപത്യത്തിന്റെ എല്ലില്ലെന്ന ബൈഡന്റെ പ്രസ്താവന വിവാദമായിരുന്നു. കടുത്ത വിമർശനങ്ങളും തീരുമാനങ്ങളും കൊണ്ട് ചൈനയെ വരിഞ്ഞുമുറുക്കിയ മുൻ പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപിന്റെ ശൈലി സ്വീകരിക്കില്ലെങ്കിലും ചൈനീസ് ഭീഷണിയെ ഫലപ്രദമായി നേരിടുകതന്നെ ചെയ്യുമെന്നു ബൈഡൻ പ്രതികരിച്ചു.

English Summary: China's Xi Jinping tells Joe Biden confrontation would be disaster for both countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com