റജിസ്റ്റർ ചെയ്യാത്ത വാഹനം 7 മാസമായി റോഡുപണിക്ക്; 2.40 ലക്ഷം രൂപ പിഴ
Mail This Article
തൃശൂർ ∙ റജിസ്ട്രേഷനോ ഇൻഷുറൻസോ ഇല്ലാത്ത മൊബൈൽ കോൺക്രീറ്റ് മിക്സർ വാഹനം റോഡുപണിക്കായി ഓടിയത് 7 മാസം! നമ്പർ പ്ലേറ്റില്ലെന്നു തിരിച്ചറിഞ്ഞു മോട്ടർ വാഹന വകുപ്പ് സംഘമെത്തി പരിശോധിച്ച ശേഷം പിഴയിട്ടത് 2.40 ലക്ഷം രൂപ. വാഹന ഉടമ പിഴയടച്ചെങ്കിലും റജിസ്ട്രേഷൻ നടത്തിയ ശേഷമേ മോട്ടർ വാഹന വകുപ്പ് മൊബൈൽ മിക്സർ വിട്ടുനൽകൂ.
മണ്ണുത്തിയിൽ പൊതുമരാമത്തു വകുപ്പിന്റെ റോഡുപണി നടക്കുന്ന ഭാഗത്തു നിന്നാണ് വാഹനം പിടികൂടിയത്. നമ്പർ പ്ലേറ്റില്ലാതെ ഒരു വാഹനം ഓടുന്നുവെന്നു ചാലക്കുടി എൻഫോഴ്സ്മെന്റ് എംവിഐ അബ്ദുൽ ജലീലിനു വിവരം ലഭിച്ചു. സേഫ് കേരള സ്ക്വാഡ് അംഗങ്ങളായ ഷൈബു വർക്കി, അരുൺ പോൾ, എസ്. മനോജ്, എം.എൽ. തോമസ് എന്നിവരടങ്ങുന്ന സംഘം പരിശോധന നടത്തിയാണ് വാഹനം കണ്ടെത്തിയത്.
റജിസ്ട്രേഷൻ നടത്തിയിട്ടില്ലെന്നതിനു പുറമെ ഇൻഷുറൻസ് പരിരക്ഷയുമുണ്ടായിരുന്നില്ല. നികുതി ഇനത്തിൽ 2.37 ലക്ഷം രൂപയും പിഴയിനത്തിൽ 3250 രൂപയും ചേർത്ത് 2,40,250 രൂപയാണ് ആകെ ഈടാക്കിയത്. പാലക്കാട് കൽപ്പാത്തി സ്വദേശിയുടേതാണു വാഹനം.
English Summary : Fine of Rs 2.40 lakh imposed on concrete mixer without registration