സാങ്കേതിക തകരാർ: എൻഎസ്ഇ വ്യാപാരം നിർത്തിവച്ചു
Mail This Article
മുംബൈ∙ ഇന്ത്യയിലെ ഓഹരിവ്യാപാര എക്സ്ചേഞ്ചുകളിൽ ഒന്നായ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. സ്പോട്ട് നിഫ്റ്റിയുടെയും ബാങ്ക് നിഫ്റ്റിയുടെയും പോയിന്റുകൾ നൽകുന്ന ലൈവ് പ്രൈസ് ക്വോട്ടിന്റെ അപ്ഡേഷൻ നിലച്ചതിനെ തുടർന്നാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. ബിഎസ്ഇയുടെ പ്രവർത്തനത്തെ തകരാർ ബാധിക്കാത്തതിനാൽ വിപണിയെ ഇതു സാരമായി ബാധിച്ചിട്ടില്ല.
സാങ്കേതിക തകരാറുകൾ മൂലമാണ് എല്ലാ വിഭാഗങ്ങളും 11.40 മുതൽ നിർത്തുന്നതെന്ന് എൻഎസ്ഇ അറിയിച്ചു. രണ്ട് ടെലികോം സേവനദാതാക്കളിൽനിന്നുള്ള തകരാറുകളാണ് പ്രവർത്തനത്തെ ബാധിച്ചത്. കൃത്യത ഉറപ്പുവരുത്തുന്നതിനായി രണ്ട് ടെലികോം സേവനദാതാക്കളെയാണ് എൻഎസ്ഇ ആശ്രയിക്കുന്നത്. ഇവരുടെ സർവീസ് ലൈനുകളിൽ തകരാർ സംഭവിച്ചതായി അറിയിച്ചിട്ടുണ്ട്. അതിനാൽ എൻഎസ്ഇ അപ്ഡേഷനെ ഇതു ബാധിച്ചിട്ടുള്ളതായി എൻഎസ്ഇ അറിയിച്ചു. എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ശ്രമമെന്നും അവർ വ്യക്തമാക്കി.
നിഫ്റ്റി 113 പോയിന്റുയർന്ന് 14,820ലാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. നിഫ്റ്റി ബാങ്ക് 1.45 ശതമാനം ഉയർന്ന് 35,626.60 ലും വ്യാപാരം നിർത്തിയിരിക്കുകയാണ്.
English Summary :NSE hit by technical glitch, halts trading in all segments