ADVERTISEMENT

ലണ്ടന്‍∙ നാടുകടത്തല്‍ വിചാരണയ്ക്കിടെ നീരവ് മോദിക്കു വേണ്ടി തെളിവുകള്‍ ഹാജരാക്കിയ മുന്‍ ഇന്ത്യന്‍ ജഡ്ജിമാരായ അഭയ് തിപ്‌സെയെയും മാര്‍ക്കണ്ഡേയ കട്ജുവിനെയും രൂക്ഷമായി വിമര്‍ശിച്ച് യുകെ ജഡ്ജ് സാം ഗൂസ്. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ സ്വതന്ത്രമല്ലെന്നും അഴിമതി നിറഞ്ഞതാണെന്നും സ്ഥാപിച്ച് നീരവിന്റെ ഇന്ത്യയിലേക്കുള്ള നാടുകടത്തല്‍ തടയാന്‍ കട്ജു നടത്തിയ ശ്രമമാണ് വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ജഡ്ജി സാം ഗൂസ് രൂക്ഷമായ വിമര്‍ശനത്തിലൂടെ പൊളിച്ചടുക്കിയത്. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ച ശേഷം രാജ്യസഭാംഗമായതുള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ജുഡീഷ്യറി രാഷ്ട്രീയക്കാര്‍ക്കു കീഴ്‌പ്പെട്ടുവെന്ന് യുകെ കോടതിയെ ധരിപ്പിക്കാനുള്ള കട്ജുവിന്റെ നീക്കമാണു പാളിയത്. 

ഇന്ത്യയില്‍ നീരവിന് നീതിയുക്തമായ വിചാരണ നിഷേധിക്കപ്പെടുമെന്ന കട്ജുവിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. നീരവ് മോദി ഇന്ത്യയില്‍ മാധ്യമ വിചാരണ നേരിട്ടുവെന്നും ഇത്തരം സാഹചര്യത്തില്‍ നിഷ്പക്ഷമായ വിചാരണ ഇന്ത്യയില്‍ സാധ്യമാകില്ലെന്നും കട്ജു കോടതിയില്‍ എഴുതി നല്‍കി. ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ അഴിമതി നിറഞ്ഞതും രാഷ്ട്രീയവല്‍ക്കരിക്കപ്പെടതുമാണെന്നും കട്ജു കുറ്റപ്പെടുത്തി. 

ഇതേത്തുടര്‍ന്നാണ് കട്ജു നല്‍കിയ തെളിവുകള്‍ നിരാകരിച്ച ജഡ്ജി സാം ഗൂസ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. കട്ജുവിന്റെ 'വിദഗ്ധഅഭിപ്രായ'ത്തിനു വലിയ വില കല്‍പ്പിക്കുന്നില്ലെന്ന് സാം ഗൂസ് പറഞ്ഞു. ഇന്ത്യയില്‍ 2011 വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നിട്ടും കട്ജു നല്‍കിയ തെളിവുകള്‍ വസ്തുതകള്‍ക്കു നിരക്കാത്തതും വിശ്വാസ്യതയില്ലാത്തതുമാണെന്ന് ജഡ്ജി പറഞ്ഞു. തന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകരോടുള്ള നീരസത്തിന്റെ പ്രതിഫലനമായാണ് തെളിവുകള്‍ കാണപ്പെട്ടത്. സ്വകാര്യ അജന്‍ഡയുള്ള ഒരു വിമര്‍ശകന്റെ മുദ്രകള്‍ അതിലുണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. 

ഇന്ത്യയില്‍ നീരവിനു മാധ്യമ വിചാരണ നേരിടേണ്ടിവന്നുവെന്നു കുറ്റപ്പെടുത്തിയ കട്ജു, യുകെ കോടതിയില്‍ തെളിവുകള്‍ നല്‍കുന്നതിനു മുമ്പ് മാധ്യമങ്ങളെ അറിയിച്ചത്, ഇന്ത്യന്‍ നീതിന്യായരംഗത്ത് ഉന്നതപദവിയില്‍ പ്രവര്‍ത്തിച്ചിരുന്നയാള്‍ക്കു ചേരാത്ത നടപടിയായിരുന്നുവെന്ന് ജഡ്ജി കുറ്റപ്പെടുത്തി. 

വിരമിച്ച ശേഷം രാജ്യസഭയിലേക്കു നാമനിര്‍ദേശം സ്വീകരിച്ച മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ വിമര്‍ശിച്ച ജസ്റ്റിസ് കട്ജു വിരമിച്ച ശേഷം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി നിയമിതനായ കാര്യവും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ജുഡീഷ്യറി സ്വതന്ത്രമല്ലെന്നു സ്ഥാപിക്കാന്‍ തക്ക യാതൊരു തെളിവുകളും ഹാജരാക്കപ്പെട്ടിട്ടില്ലെന്നു കോടതി പറഞ്ഞു. ഭരണഘടനയിലൂന്നിയുള്ള ഇന്ത്യന്‍ ഭരണസംവിധാനത്തെയും സ്വതന്ത്രമായ നീതിന്യായവ്യവസ്ഥയെയും എടുത്തുപറഞ്ഞാണ് ജഡ്ജി സാം ഗൂസ് നീരവിനെതിരെ വിധി പ്രസ്താവിച്ചത്.

English Summary: English Summary: Nirav Modi case: UK judge's jibes at retired Indian counterparts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com