‘മോദി കേരളം മുതൽ അസം വരെ യാത്ര ചെയ്യുന്നു; കർഷകരെ കാണാൻ സമയമില്ല’
Mail This Article
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം മുതൽ അസം വരെ യാത്ര ചെയ്യുന്നുണ്ടെങ്കിലും ഡൽഹിയിലെ കർഷകരെ കാണാൻ 20 കിലോമീറ്റർ സഞ്ചരിക്കാൻ സമയമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. സാമ്പത്തിക മാന്ദ്യത്തിനിടയിലും 3.9 ശതമാനം വളർച്ച കൈവരിച്ചതിന് കാർഷിക മേഖലയ്ക്കുള്ള പ്രതിഫലം, പ്രതിഷേധിക്കുന്ന കർഷകരെ രാജ്യത്തിന്റെ ശത്രുക്കളായി കാണുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘കർഷകരുടെ വരുമാനം ഇരട്ടിയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെടും. എല്ലാ കർഷകർക്കും എംഎസ്പി (താങ്ങുവില) ലഭിക്കുന്നുണ്ടെന്നും അവകാശപ്പെടും. 6 ശതമാനം കർഷകർക്ക് മാത്രമേ എംഎസ്പിയിൽ വിൽക്കാൻ കഴിയൂ എന്നതാണ് സത്യം’– ചിദംബരം ട്വീറ്റ് ചെയ്തു.
പുതിയ കാർഷിക നിയമങ്ങൾ കാർഷിക മേഖലയെ നശിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തുക്കൾക്ക് കൈമാറുന്നതിനാണ് രൂപകൽപന ചെയ്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കർഷകരുമായി ചർച്ച ചെയ്യുന്നതിനായി സർക്കാർ ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയാണെന്നു കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു.
English Sumamry: "PM Travels To Kerala, Assam But...": P Chidambaram On Farmers' Protest