ADVERTISEMENT

ബെയ്ജിങ് ∙ ഭരണകൂടം കൂച്ചുവിലങ്ങ് ഇട്ടതിനു പിന്നാലെ ചൈനയിലെ ഏറ്റവും ധനികൻ എന്ന വിശേഷണം നഷ്ടപ്പെട്ട് ആലിബാബയുടെയും ആന്റ് ഗ്രൂപ്പിന്റെയും സ്ഥാപകൻ ജാക് മാ. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച സമ്പന്നരുടെ പട്ടികപ്രകാരം ജാക് മായുടെ സമ്പത്ത് ചുരുങ്ങുന്നതും മറ്റുള്ളവരുടേതു കൂടുന്നതും പ്രകടം. ചൈനീസ് റെഗുലേറ്റർമാർ ജാക് മായുടെ കമ്പനിയെ കടുത്ത പരിശോധനയ്ക്ക് വിധേയമാക്കുന്നതാണു കാരണമെന്നാണു വിലയിരുത്തൽ.

2020, 2019 വർഷങ്ങളിൽ ഹുറുൺ ആഗോള ധനിക പട്ടികയിൽ ചൈനയിലെ ഏറ്റവും സമ്പന്നരായി ഇടംപിടിച്ചതു ജാക് മായും കുടുംബവുമായിരുന്നു. കുപ്പിവെള്ള നിർമാതാക്കളായ നോങ്‌ഫു സ്പ്രിങ്ങിന്റെ സോങ് ഷാൻഷാൻ, ടെൻസെന്റ് ഹോൾഡിങ്ങിന്റെ പോണി മാ, ഇ-കൊമേഴ്‌സ് സ്ഥാപനമായ പിൻഡുവോഡുവോയുടെ കോളിൻ ഹുവാങ് എന്നിവർക്കുശേഷം നാലാമതാണ് ഇപ്പോൾ മായുടെ സ്ഥാനം. വിശ്വാസ്യതാ പ്രശ്നങ്ങളാണ് ഇദ്ദേഹത്തിന്റെ വീഴ്ചയ്ക്കു കാരണമെന്നു പട്ടിക പ്രസിദ്ധീകരിച്ച ഹുറുൺ റിപ്പോർട്ടിൽ പറയുന്നു.

ഒക്ടോബർ 23ലെ പ്രസംഗത്തിൽ ചൈനയുടെ നിയന്ത്രണ സംവിധാനത്തിനെതിരെ ആഞ്ഞടിച്ചതാണു ജാക് മായുടെ വിധി കുറിച്ചത്. തൊട്ടു പിന്നാലെ ആന്റ് ഗ്രൂപ്പിന്റെ 37 ബില്യൻ ഡോളർ ഐ‌പി‌ഒ രംഗപ്രവേശം സസ്പെൻഡ് ചെയ്യപ്പെട്ടു. രാജ്യത്തു ടെക് മേഖലയിൽ പരിശോധന കർശനമാക്കി. ഡിസംബറിൽ ആലിബാബയെ മാത്രം ലക്ഷ്യമിട്ടു പരിശോധന കടുപ്പിച്ചു. മൂന്നുമാസത്തോളം പൊതുവേദികളിൽ ജാക് മായെ കണ്ടില്ല. തടവിലാക്കപ്പെട്ടു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നു. 50 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിലൂടെ ജനുവരിയിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾ അവസാനിച്ചത്.

English Summary: Jack Ma Loses China's Richest Tag After Coming Under Beijing's Scrutiny

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com