ADVERTISEMENT

കൊൽക്കത്ത∙ ബംഗാളിലെ സിറ്റിങ് എം‌എൽ‌എമാരിൽ 37 ശതമാനം പേർക്കെതിരെ (282 ൽ 104 പേർ) ക്രിമിനൽ കേസുകളുണ്ടെന്ന് ബംഗാൾ ഇലക്‌ഷൻ വാച്ചും (ഡബ്ല്യുബിഡബ്ല്യു) അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസും (എ‌ഡി‌ആർ) സംയുക്തമായി നടത്തിയ പഠനത്തിൽ പറയുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനും അതിനുശേഷം നടന്ന ഉപതിരഞ്ഞെടുപ്പിനും മുൻപായി സ്ഥാനാർഥികൾ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് വിശകലനം നടത്തിയത്.

ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് 90 (32 ശതമാനം) നിയമസഭാംഗങ്ങൾക്കെതിരെ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ട്. ‘ഗുരുതരമായ ക്രിമിനൽ കേസുകൾ’ ജാമ്യമില്ലാ കുറ്റങ്ങളാണ്. ഇതിന് അഞ്ച് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കാമെന്ന് ബംഗാൾ ഇലക്‌ഷൻ വാച്ചിന്റെ വക്താവ് പറഞ്ഞു. 

ക്രിമിനൽ പശ്ചാത്തലം, സാമ്പത്തികം, വിദ്യാഭ്യാസം, ലിംഗഭേദം, എംഎൽഎമാരുടെ സത്യവാങ്മൂലം, എംഎൽഎമാരെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിൽ, 205 തൃണമൂൽ കോൺഗ്രസ് (ടിഎംസി) എം‌എൽ‌എമാരിൽ 61 പേർക്കും കോൺഗ്രസിലെ 39 എം‌എൽ‌എമാരിൽ 15 പേർക്കുമെതിരെ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ടെന്ന് കണ്ടെത്തി. 24 സിപിഐ എം‌എൽ‌എമാരിൽ 10 പേരും ബിജെപിയുടെ ആറ് എം‌എൽ‌എമാരിൽ മൂന്ന് പേരും ഒരു സ്വതന്ത്ര എം‌എൽ‌എയ്ക്കും എതിരെയും ഗുരുതരമായ ക്രിമിനൽ കേസുകളുണ്ട്. ഏഴ് എം‌എൽ‌എമാർക്കെതിരെ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളുണ്ട്. 24 പേർക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 10 എം‌എൽ‌എമാർക്കെതിരെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തിയിട്ടുണ്ട്.

97 ‘കോടിപതി’ എം‌എൽ‌എമാരുണ്ട്. ഇവരിൽ 78 പേർ ഭരണകക്ഷിയായ ടിഎംസിയിൽ നിന്നുള്ളവരാണെന്നും 13 പേർ കോൺഗ്രസിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. സിപിഎം, ബിജെപി എന്നിവർക്ക് രണ്ട് ‘കോടിപതി’കളായ എം‌എൽ‌എമാരുണ്ട്. മറ്റ് രണ്ട് എം‌എൽ‌എമാരിൽ ഒരാൾ വിപ്ലവ സോഷ്യലിസ്റ്റ് പാർട്ടിയുടേതാണ്. ഒരാൾ സ്വതന്ത്രൻ. 92 എം‌എൽ‌എമാർക്ക് എട്ടാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയിൽ വിദ്യാഭ്യാസ യോഗ്യത ഉണ്ടെന്നും 187 പേർ ബിരുദധാരികളും അതിന് മുകളിലുള്ളവരുമാണെന്നും പഠനത്തിൽ കണ്ടെത്തി. രണ്ട് എം‌എൽ‌എമാർക്ക് ഡിപ്ലോമയുണ്ട്. നിയമസഭയിൽ ആകെ 41 വനിതാ എം‌എൽ‌എമാരുണ്ട് (15 ശതമാനം). 185 പേർ (66 ശതമാനം) 51 നും 80 നും ഇടയിൽ പ്രായമുള്ളവരാണ്. 

English Sumamry: 37 pc of Bengal's sitting MLAs have criminal cases against them: study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com