ADVERTISEMENT

കോട്ടയം∙ ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീമിന്റെ കഴിഞ്ഞ വർഷത്തെ ഫെയ്സ്ബുക് പോസ്റ്റ് കുത്തിപ്പൊക്കി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കു കസ്റ്റംസിന്റെ നോട്ടിസ് നൽകിയതിനു പിന്നാലെയാണു സ്വന്തം പോസ്റ്റ് റഹീമിനു തന്നെ തിരിച്ചടിയായത്.

യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്നു വിനോദിനി ഉപയോഗിച്ചെന്നാണു കസ്റ്റംസ് കണ്ടെത്തൽ. ‘(ഐ) ഫോൺ, (ഐ) ഗ്രൂപ്പ്.. പണ്ടേ (ഐ) ഒരു വീക്നെസ് ആയതുകൊണ്ടാണ്. അല്ലാതെ ഫോൺ തരാൻ മാത്രം ബന്ധമൊന്നും ഞാനും ആ കുട്ടിയും തമ്മിൽ ഇല്ലെന്നു പറയാൻ പറഞ്ഞു.’ അന്ന് ചെന്നിത്തലയെ പരിഹസിച്ച് റഹീം കുറിച്ചു. ഇന്ന് അതേ പോസ്റ്റ് കുത്തിപ്പൊക്കി തിരിച്ചു ചോദിക്കുകയാണു കോൺഗ്രസ് നേതാക്കൾ. ‘ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം .(ഐ) ഫോൺ, സിപി(ഐ)എംലെ (ഐ).’ ഷാഫി തിരിച്ചടിച്ചു.

വീണ്ടും ഐഫോൺ വിഷയം സിപിഎമ്മിന് തലവേദനയാവുകയാണ്. സ്വര്‍ണക്കടത്ത് വിവാദമാവുംവരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാര്‍ഡും കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പർ വഴിയാണ് സിംകാർഡ് കണ്ടത്തിയത്. സന്തോഷ് ഈപ്പൻ വാങ്ങിയ ഫോണുകളിൽ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനിയുടെ കൈവശമുണ്ടായിരുന്നത്. 1.13 ലക്ഷം രൂപയായിരുന്നു വില. കോൺസൽ ജനറലിനു നൽകിയെന്ന് അവകാശപ്പെടുന്ന ഫോൺ എങ്ങനെയാണു വിനോദിനിയുടെ കൈവശമെത്തിയതെന്നും അന്വേഷിക്കും. ഇതിനു പിന്നാലെ കോൺഗ്രസ് നേതാക്കളെല്ലാം പരിഹാസവുമായി രംഗത്തെത്തി.

സിദ്ദിഖിന്റെ കുറിപ്പ് ഇങ്ങനെ:

‘വമ്പൻ സ്രാവുകൾ പുറത്ത് വരാനുണ്ട്’ സാമ്പത്തിക കുറ്റവിചാരണ കോടതി സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് നടത്തിയ ഒരു വിവാദ പരാമർശം ആയിരുന്നു ഇത്. അന്നതൊരു അതിശയോക്തിയായി തോന്നിയിരുന്നു, പക്ഷേ, ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത് ഈ പരാമർശം നൂറു ശതമാനം ശരിയായിരുന്നു എന്നാണ്. ജനങ്ങളുടെയും ഞങ്ങളുടെയും മനസ്സിലെ ചോദ്യം ഒന്ന് മാത്രം... ഇനിയുമെത്ര പേർ?’ അദ്ദേഹം കുറിച്ചു

ജ്യോതികുമാർ ചാമക്കാലയുടെ കുറിപ്പ്:

‘രമേശ് ചെന്നിത്തല കൊണ്ടുപോയെന്ന് കോടിയേരി ബാലകൃഷ്ണൻ പാടി നടന്ന സന്തോഷ് ഈപ്പന്റെ കൈക്കൂലി ഐ ഫോൺ കോടിയേരിയുടെ തലയിണക്കടിയിൽനിന്ന് കസ്റ്റംസ് പൊക്കിയിരിക്കുന്നു. വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് നോട്ടിസ്. കോടിയേരിയെപ്പോലെ സ്വന്തം കുടുംബത്താൽ ഇങ്ങനെ വഞ്ചിക്കപ്പെട്ട മറ്റൊരു നേതാവുണ്ടാവില്ല...’

Content Highlights: Congress leaders on Iphone issue, Shafi Parambil, AA Rahim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com